അമ്പലപ്പുഴ: താന്‍ പഠിപ്പിച്ച വിദ്യാലയം ഒരു നിമിഷം കൊണ്ടു ഇല്ലാതായ വേദന വിദ്യാര്‍ത്ഥികളോട് പറയുമ്പോള്‍ ഉണ്ണികൃഷ്ണന്‍ സാറിന്റെ തൊണ്ടയിടറി. ഒടുവില്‍ കുട്ടികള്‍ക്കായി ഒരു ഉപദേശവും. ഒരിക്കലും നിങ്ങള്‍ പിണങ്ങരുത്… പിണങ്ങിയാല്‍ പിന്നെ ഇണങ്ങാന്‍ സമയം കിട്ടിയെന്നു വരില്ല. വയനാട് വെള്ളാര്‍മല ജിവി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകന്‍ ഉണ്ണികൃഷ്ണന്‍ കാക്കാഴം ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായാണ് തന്റെ വേദന പങ്കിട്ടത്.അമ്പലപ്പുഴ ആമയിട സ്വദേശിയായ ഉണ്ണികൃഷ്ണന്‍ 18 വര്‍ഷം മുന്‍പാണ് വെള്ളാര്‍ മല വിദ്യാലയത്തില്‍ അധ്യാപകനായെത്തിയത്.
ഒന്നരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും ഈ വിദ്യാലയത്തില്‍ നിന്ന് വിട്ടു പോകാന്‍ മണ്ണിനെയും കാടിനെയും പ്രണയിച്ച ഈ അദ്ധ്യാപകന് കഴിഞ്ഞില്ല. സ്‌കൂളില്‍ ഹെഡ്മാസ്റ്ററുടെ ചുമതലയാണിപ്പോള്‍. ഇതിനിടയിലാണ് ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ ദുരന്തം വയനാടിനെ തകര്‍ത്തത്.ദുരന്തത്തില്‍ വെള്ളാര്‍ മല സ്‌കൂളും ഒലിച്ചുപോയി. ഒരു നാടിന്റെ പ്രതീക്ഷയായിരുന്ന വിദ്യാലയം കണ്ണടച്ചു തുറക്കുന്നതിന് മുന്‍പ് ഇല്ലാതായ ദിവസം ഉണ്ണികൃഷ്ണന്‍ സാര്‍ അമ്പലപ്പുഴയിലെ തന്റെ വീട്ടിലായിരുന്നു. തൊട്ടടുത്ത ദിവസമാണ് ഉണ്ണികൃഷ്ണന്‍ വയനാടെത്തിയത്. തന്റെ ജീവന്റെ പാതിയായ വിദ്യാലയമില്ലാതായതിന്റെ വേദനയാണ് ഉണ്ണികൃഷ്ണന്‍ സാര്‍ കാക്കാഴം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചത്.
നമുക്ക് കിട്ടുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് വിദ്യാര്‍ത്ഥികളോടായി ഇദ്ദേഹം പറഞ്ഞു. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. സ്വപ്‌നങ്ങള്‍ പോലും കാണാന്‍ കഴിയാതിരുന്ന ഇവിടുത്തെ വിദ്യാര്‍ത്ഥികളെ താനും മറ്റ് അദ്ധ്യാപകരും ചുരല്‍ മലയ്‌ക്കപ്പുറം മറ്റൊരു ലോകമുണ്ടെന്ന് കാട്ടിക്കൊടുത്തു. വെള്ളാര്‍ മല സ്‌കൂളില്‍ പഠിച്ച ഒരു പെണ്‍കുട്ടി ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എംബിബിഎസിന് പഠിക്കുകയാണെന്ന് ഇദ്ദേഹം പറഞ്ഞത് നിറഞ്ഞ കൈയടിയോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: