കോട്ടയം: ഏന്താണ് മികച്ച സിനിമയുടെ മാനദണ്ഡം എന്നത് ഈ സംസ്ഥാന അവാര്‍ഡിലും സജീവ ചര്‍ച്ചയാകുന്നു.സംവിധാനത്തിനും തിരക്കഥയ്ക്കും അഭിനയത്തിനും ഛായാഗ്രഹണത്തിനും ശബ്ദ ലേഖനത്തിനും അടക്കം 9 അവാര്‍ഡുകള്‍ നേടിയ, കലാമൂല്യവും ജനപ്രീതിയും ഉള്ള ആടുജീവിതം ഏറ്റവും മികച്ച സിനിമയല്ല എന്ന വിധികര്‍ത്താക്കള്‍ പറയുന്നു. ഏറ്റവും മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടതാകട്ടെ, മറ്റ് പുരസ്കാരങ്ങളുടെ തൊങ്ങലുകളില്ലാത്ത കാതല്‍ ആണ്. ചലച്ചിത്ര അവാര്‍ഡ് വിധികര്‍ത്താക്കളുടെ കണ്ണില്‍ ആടുജീവിതത്തില്‍ ഇല്ലാത്തത് മികച്ച കഥയും മികച്ച ഗാനങ്ങളും മാത്രമാണ്.എന്നിട്ടും ഇതൊന്നുമില്ലാത്ത കാതല്‍ മികച്ച സിനിമയാകുന്നത് എങ്ങനെയാണ് എന്ന് ചോദ്യമുയരുന്നു. മികച്ച സംവിധായകന്റെ സിനിമ മികച്ച സിനിമയാകുന്നില്ല. മികച്ച തിരക്കഥയുള്ള സിനിമ മികച്ച സിനിമ ആകുന്നില്ല. ഇതെല്ലാം സമ്മതിക്കാം. പക്ഷേ കലാമേന്മയടക്കം 9 പ്രധാന മികവുമുള്ള സിനിമ ഏറ്റവും മികച്ച സിനിമയാകാതെ പോകുന്നതെങ്ങനെയെന്ന് അവാര്‍ഡ് കമ്മിറ്റിക്കാര്‍ക്ക് മാത്രമേ അറിയൂ.
സോഷ്യല്‍ മീഡിയയുടെ സ്വാധീനം കോടതി വിധികളെ പോലും സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തില്‍ അവാര്‍ഡ് കമ്മിറ്റികളെ സ്വാധീനിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.നജീബിന്റെ തീക്ഷ്ണമായ അനുഭവങ്ങള്‍ക്ക് അപ്പുറത്തേക്ക് വളരാതെ പോയ നോവലും നോവലിന്റെ പകര്പ്പിനപ്പുറത്തേക്ക് അസാധാരണമായ ദൃശ്യാനുഭവമാകാതെ പോയ സിനിമയും ആണ് അടുജീവിതം. എന്നിട്ടും ലോകോത്തര സിനിമ എന്ന് നിരന്തരം വാഴ്ത്തപ്പെട്ട ആടുജീവിതത്തിന് അവാര്‍ഡുകള്‍ വാരിക്കോരി നല്കാതിരിക്കാന് അവാര്‍ഡ് കമ്മിറ്റിക്ക് കഴിയാതെ പോയി. താരതമ്യേന മികച്ച ദൃശ്യാനുഭവങ്ങളായിരുന്ന ഉള്ളൊഴുക്കും 2018 ഉം ഒക്കെ ചില ഊതിപ്പെരുപ്പിക്കലുകള്ക്കിടയില് മുങ്ങിപ്പോയെന്ന് നിഷ്പക്ഷ നിരീക്ഷകര്‍ക്ക് സങ്കടപ്പെടാം.
ബ്ളസിയുടെയും പൃഥിരാജിന്റെയും സമാനതകളില്ലാത്ത കഷ്ടപ്പാടുകളാണ് എല്ലാവരും ആ സിനിമയുടെ മേന്മയായി പറയുന്നത്. അതെങ്ങിനെയാണ് കലയുടെ ഉരകല്ലായി മാറുന്നതെന്ന്് ബന്ധപ്പെട്ടവര്‍ വിശദീകരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: