പൂനെ: രാഷ്‌ട്രിയ സ്വയം സേവക് സംഘം ഭാരത് ഭാരതി മുംബൈ, നവിമുംബൈ ,താനെ ജില്ലകളിലുള്ള മലയാളി സ്വയം സേവകർക്കും കുടുംബാംഗങ്ങൾക്കും സംഘബന്ധുക്കൾക്കുമായി താനെ വെസ്റ്റിൽ സി. കെ. പി ഹാളിൽ വെച്ച് സംഘ ശതാബ്ദി പ്രഘോഷണ സംഗമ നടത്തി. വയനാട് പ്രകൃതി ദുരന്തത്തിന്റെ അന്തരീക്ഷത്തിൽ തികച്ചും പകിട്ടാർന്ന ആഘോഷങ്ങൾ ഒഴിവാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്.
ഭാരത് ഭാരതി പ്രമുഖ് എ.ആർ.ഗോകുൽദാസ് ആദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ പ്രമുഖ നയതന്ത്രജ്ഞനും മുൻ അമേരിക്കൻ അംബാസഡറുമായ ടി.പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ആർ.എസ് എസ് ദക്ഷിണ പ്രാന്ത് സമ്പർക്ക പ്രമുഖ് സി.സി.ശെൽവൻ മുഖ്യഭാഷണം നടത്തിയ സംഗമത്തിൽ ആർ.എസ്.എസ് കൊങ്കൺ പ്രാന്ത് കാര്യവാഹ് വിത്തൽ റാവു കാംബ്ലെ ആശംസാഭാഷണം നടത്തി. രക്ഷാധികാരി കുസുമകുമാരിയമ്മ , ഹിന്ദു ജാഗരൺ മഞ്ച് പ്രമുഖ് പി.സുരേഷ് ബാബു എന്നിവരും സംസാരിച്ചു.
ഭാരതം അന്താരാഷ്‌ട്ര രംഗത്ത് വളരെയധികം പ്രാധാന്യവും പ്രാമുഖ്യവും നേടിയ അവസരമാണെന്നും മൂന്നാം സാമ്പത്തികശക്തിയായി അനതി വിദൂരഭാവിയിൽ പരിണമിക്കുമെന്നും ടി.പി. ശ്രീനിവാസൻ പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ ഭാരതം ലോകഗുരുവായി വിരാജിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. അയൽ രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ നിതാന്ത ജാഗരൂകരാണെന്നും ഷേക് ഹസീനയുടെ നിഷ്കാസനം വളരെ ആസുത്രിതമായ ഒരു പദ്ധതിയുടെ ഫലമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
പെരുകുന്ന വിവാഹമോചനങ്ങൾക്കും ആത്മഹത്യകൾക്കും കാരണം നമ്മുടെ കുടുംബ ബന്ധങ്ങളിലെ ശിഥിലതയും ഒരുമയുടെ അഭാവമാണെന്നും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കണമെന്നും സി.സി.ശെൽവൻ പറഞ്ഞു.
വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും മുതിർന്ന സംഘ കാര്യകർത്താവ് സ്വർഗ്ഗീയ ആർ. ഹരിയുടെയും ഈയിടെ അന്തരിച്ച ബാലഗോകുലം മുംബയ് അദ്ധ്യക്ഷൻ വി. രാജേന്ദ്രൻജിയുടെയും വിയോഗങ്ങളിൽ ആദരാജ്ഞലികളർപ്പിച്ച ശേഷമാണ് പരിപാടി ആരംഭിച്ചത്. ഉച്ചക്ക് ഓണ സദ്യയും ശേഷം മുംബയിലെ ബാലഗോകുലങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളുമുണ്ടായിരുന്നു. SSC , HSC, പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. മഹാനഗരത്തിന്റെ വിവിധ മേഖലകളിൽ നിന്നായി നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: