കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍ പണയം വച്ച 26 കിലോ സ്വര്‍ണവുമായി മാനേജര്‍ മുങ്ങി.ശാഖാ മാനേജര്‍ തമിഴ്നാട് സ്വദേശി മധു ജയകുമാറാണ് തട്ടിപ്പ് നടത്തിയത്. 18 കോടി രൂപയുടെ തട്ടിപ്പ് ബാങ്ക് മാനേജരുടെ സ്ഥലംമാറ്റത്തോടെയാണ് വെളിച്ചത്ത് വന്നത്.
തമിഴ്നാട് മേട്ടുപാളയം സ്വദേശി മധുജയകുമാര്‍ ആണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ബാങ്ക് മാനേജര്‍. കഴിഞ്ഞ മാസം ജയകുമാറിനെ ബാങ്കിന്റെ കൊച്ചി പാലാരിവട്ടം ശാഖയിലേക്ക് സ്ഥലംമാറ്റി.പുതുതായി വടകരയില്‍ ചാര്‍ജെടുത്ത മാനേജര്‍ പാനൂര്‍ സ്വദേശി ഇര്‍ഷാദ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസിലായത്.
ബാങ്കില്‍ ഉപഭോക്താക്കള്‍ പണയം വച്ച സ്വര്‍ണ ഉരുപ്പടികള്‍ക്ക് പകരം മുക്ക് പണ്ടം വച്ചായിരുന്നു തട്ടിപ്പ്.പരിശോധനയില്‍ 26 കിലോയുടെ മുക്ക്പണ്ടങ്ങളാണ് ബാങ്കില്‍ നിന്നും കണ്ടെത്തിയത്. ഇത്രയും അളവില്‍ പണയം വെച്ച സ്വര്‍ണ ഉരുപ്പടികളാണ് നഷ്ടമായത്. ഏകദേശം 17 കോടി 29 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് വിലയിരുത്തല്‍. ഇത്രയും വലിയ തുകയുടെ തട്ടിപ്പിന് പിന്നില്‍ മധുജയകുമാര്‍ മാത്രമല്ലെന്നാണ് നിഗമനം.
പാലാരിവട്ടത്തേക്ക് സ്ഥലംമാറ്റിയെങ്കിലും മധുജയകുമാര്‍ ചുമതല ഏറ്റെടുത്തിരുന്നില്ല. തട്ടിപ്പ് പുറത്തായെന്ന് സൂചന ലഭിച്ചതോടെ ഇയാള്‍ മുങ്ങി. ബാങ്ക് മാനേജര്‍ ഇര്‍ഷാദിന്റെ പരാതിയില്‍ വടകര പൊലീസ് കേസെടുത്തു. മധു ജയകുമാറിനെ കണ്ടെത്താനായി അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.ബാങ്കിലെ മറ്റ് ജീവനക്കാരേയും ഉടന്‍ ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: