കോട്ടയം: കെട്ടിടത്തില്‍ ലിഫ്റ്റ് സ്ഥാപിച്ചാല്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടെന്ന് കരുതുന്നവര്‍ക്ക് പണി വരുന്നു. കാലാവധി കഴിഞ്ഞിട്ടും ലിഫ്റ്റ് ലൈസന്‍സ് പുതുക്കാത്തവര്‍ക്കെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്.
അടുത്തിടെ ലിഫ്റ്റില്‍ കുടുങ്ങിയുള്ള അപകടങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ലൈസന്‍സ് നിബന്ധന കര്‍ക്കശനമാക്കാന്‍ തീരുമാനിച്ചത്. ലൈസന്‍സ് പുതുക്കാതെ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കുന്നതുമായ ഒട്ടേറെ സ്ഥാപനങ്ങള്‍ ഉണ്ടെന്നത് ഇന്‍സ്‌പെക്ടറേറ്റിന്‌റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
കേരള ലിഫ്റ്റ്‌സ് ആന്‍ഡ് എസ്‌കലേറ്റര്‍ ആക്ട് 2013 പ്രകാരം ലിഫ്റ്റുകളുടെ പ്രവര്‍ത്തനത്തിന് ലൈസന്‍സ് നിര്‍ബന്ധമാണ്. മൂന്നില്‍ കൂടുതല്‍ നിലകളുള്ള കെട്ടിടങ്ങള്‍ക്കാണ് ലിസ്റ്റ് വേണ്ടത്. അഗ്‌നി രക്ഷാസേനയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ആണ് ഇവ സ്ഥാപിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കേണ്ടത്. പൂര്‍ത്തീകരിച്ച ശേഷവും അഗ്‌നി രക്ഷാസേനയുടെ പരിശോധനയ്‌ക്ക് ശേഷമേ പ്രവര്‍ത്തനാനുമതി ലഭിക്കൂ. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ആണ് ലൈസന്‍സ് നല്‍കുന്നത്. ഓരോ മൂന്നു വര്‍ഷം കഴിയുമ്പോഴും പുതുക്കണം. ഇതുവരെ ലൈസന്‍സ് പുതുക്കാത്തവര്‍ക്കായി ഇന്‍സ്‌പെക്ടറേറ്റ് അദാലത്ത് നടത്തുന്നുണ്ട്. ലിഫ്റ്റ് ഒന്നിന് 3310 അടച്ച് അദാലത്തില്‍ ലൈസന്‍സ് പുതുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: