78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, എന്റെ കുടുംബാംഗങ്ങളെ!
ജീവിതത്തിലുടനീളം പോരാടിയതും ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യങ്ങളോടെ തൂക്കുമരത്തെ ധീരമായി സ്വീകരിച്ചതുമായ, രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുകയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വയം സമര്‍പ്പിക്കുകയും ചെയ്ത അസംഖ്യം ആദരണീയരും ധീരന്‍മാരുമായ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്ന ആ സുപ്രധാന നിമിഷം ഇന്നാണ്. അവരുടെ സ്ഥൈര്യവും ദൃഢനിശ്ചയവും ദേശസ്‌നേഹവും സ്മരിക്കാനുള്ള ഉത്സവമാണിത്. സ്വാതന്ത്ര്യത്തിന്റെ ഈ ഉത്സവത്തില്‍ നമുക്ക് സ്വതന്ത്രമായി ശ്വസിക്കാനുള്ള ഭാഗ്യം ലഭിച്ചത് ഈ ധീരഹൃദയന്മാര്‍ മൂലമാണ്. രാജ്യം അവരോട് വളരെ കടപ്പെട്ടിരിക്കുന്നു. അത്തരത്തിലുള്ള എല്ലാ മഹത്തായ വ്യക്തികളോടും നാം ആദരവ് പ്രകടിപ്പിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
രാഷ്‌ട്രനിര്‍മ്മാണത്തിനായുള്ള പ്രതിബദ്ധതയോടെ, പൂര്‍ണ്ണ സമര്‍പ്പണത്തോടെ രാജ്യത്തെ സംരക്ഷിക്കുന്നതിനും കൂടാതെ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനും ശ്രമിക്കുന്ന എല്ലാവരോടും ഇന്ന് ഞാന്‍ എന്റെ അഗാധമായ ആദരവ് പ്രകടിപ്പിക്കുന്നു. നമ്മുടെ കര്‍ഷകരായാലും, യുവാക്കളുടെ ഉയര്‍ന്ന മനോവീര്യമായാലും, നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സംഭാവനകളായാലും; അല്ലെങ്കില്‍ ദളിതര്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍, ചൂഷണം ചെയ്യപ്പെട്ടവര്‍, നിഷേധിക്കപ്പെട്ടവര്‍ ആകട്ടെ; ഇന്ന് അവരുടെ ദേശസ്നേഹ തീക്ഷ്ണതയും ജനാധിപത്യത്തിലുള്ള വിശ്വാസവും ലോകത്തിന് പ്രചോദനമായി മാറിയിരിക്കുന്നു. അത്തരത്തിലെ എല്ലാവരെയും ഞാന്‍ അങ്ങേയറ്റത്തെ ബഹുമാനത്തോടെ അഭിവാദ്യം ചെയ്യുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ എന്നപോലെ ഈ വര്‍ഷവും പ്രകൃതി ദുരന്തങ്ങള്‍ നമ്മെ ആശങ്കയിലാഴ്‌ത്തുന്നു. നിരവധി ആളുകള്‍ക്ക് അവരുടെ കുടുംബവും സ്വത്തും നഷ്ടപ്പെട്ടു, രാഷ്‌ട്രത്തിനും നിരവധി തവണ വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇന്ന് ഞാന്‍ അവരോടെല്ലാം എന്റെ അഗാധമായ അനുശോചനം അറിയിക്കുകയും ഈ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം അവരോടൊപ്പം നില്‍ക്കുമെന്ന ഉറപ്പ് നല്‍കുകയും ചെയ്യുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഇനി നമുക്ക് സ്വാതന്ത്ര്യത്തിനു മുമ്പുള്ള നാളുകളെക്കുറിച്ച് ഓര്‍ക്കാം. നൂറുകണക്കിന് വര്‍ഷത്തെ അടിമത്തത്തില്‍, ഓരോ കാലഘട്ടവും ഒരു പോരാട്ടമാണ്. നമ്മുടെ യുവാക്കളോ, മുതിര്‍ന്നവരോ, കര്‍ഷകരോ, സ്ത്രീകളോ, ആദിവാസികളോ ആകട്ടെ, അവര്‍ അടിമത്തത്തിനെതിരെ തുടര്‍ച്ചയായി പോരാടിയിട്ടുണ്ട്. 1857-ലെ കലാപത്തിന് മുമ്പ് തന്നെ നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങള്‍ നടന്ന നിരവധി ആദിവാസി മേഖലകള്‍ ഉണ്ടായിരുന്നു എന്നതിന് ചരിത്രം തെളിവാണ്.
സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിന് മുമ്പ് 40 കോടി പൗരന്‍മാര്‍ അപാരമായ ചൈതന്യവും കഴിവും പ്രകടിപ്പിച്ചിരുന്നു. അവര്‍ ഒരു സ്വപ്നവുമായി, ഒരു ദൃഢനിശ്ചയവുമായി മുന്നോട്ട് നീങ്ങി, വിശ്രമമില്ലാതെ പോരാടി. അവിടെ ഒരേയൊരു ശബ്ദമേ ഉണ്ടായിരുന്നുള്ളൂ-‘വന്ദേമാതരം’, ഒരേയൊരു സ്വപ്നം-ഭാരതത്തിന്റെ സ്വാതന്ത്ര്യം. അവരുടെ രക്തം ഇന്ന് നമ്മുടെ സിരകളില്‍ ഒഴുകുന്നു എന്നതില്‍ നാം അഭിമാനിക്കുന്നു. അവര്‍ നമ്മുടെ പൂര്‍വ്വികര്‍ ആയിരുന്നു. അവര്‍ വെറും 40 കോടി പേര്‍ മാത്രമായിരുന്നു. വെറും 40 കോടി ജനങ്ങള്‍ ഒരു ആഗോള ശക്തിയെ പിഴുതെറിയുകയും അടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിക്കുകയും ചെയ്തു. നമ്മുടെ സിരകളിലൂടെ ആരുടെ രക്തമാണോ ഒഴുകുന്നത്, ആ പൂര്‍വികര്‍ക്ക് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞെങ്കില്‍, ഇന്ന് നാം 140 കോടി ജനങ്ങളുള്ള രാജ്യമാണ്. 40 കോടി ജനങ്ങള്‍ക്ക് അടിമത്തത്തിന്റെ ചങ്ങലകള്‍ തകര്‍ക്കാന്‍ കഴിയുമെങ്കില്‍, 40 കോടി ആളുകള്‍ക്ക് സ്വാതന്ത്ര്യം നേടാനുള്ള സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയുമെങ്കില്‍, എന്റെ രാജ്യത്തെ 140 കോടി പൗരന്മാരും, 140 കോടി എന്റെ കുടുംബാംഗങ്ങളും, ഒരു ദൃഢനിശ്ചയവുമായി പുറപ്പെട്ടാല്‍, ഒരു ദിശ നിര്‍ണ്ണയിച്ചു, തോളോട് തോള്‍ ചേര്‍ന്നുനിന്ന്, പടിപടിയായി മുന്നേറിയാല്‍, എത്ര വലിയ വെല്ലുവിളികളാണെങ്കിലും എത്ര ദുര്‍ലഭമാണെങ്കിലും, വിഭവങ്ങള്‍ക്കായുള്ള എത്ര തീവ്രമായ പോരാട്ടമാണെങ്കിലും, നമുക്ക് എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് സമൃദ്ധമായ ഭാരതം കെട്ടിപ്പടുക്കാം. 2047-ഓടെ നമുക്ക് ഒരു ‘വികസിത ഭാരതം’ എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയും. 40 കോടി പൗരന്‍മാര്‍ക്ക് അവരുടെ കഠിനാധ്വാനം, സമര്‍പ്പണം, ത്യാഗം എന്നിവകൊണ്ട് നമുക്ക് സ്വാതന്ത്ര്യം നല്‍കാന്‍ കഴിയുമെങ്കില്‍, 140 കോടി പൗരന്മാര്‍ക്കും അതേ മനോഭാവത്തോടെ സമൃദ്ധമായ ഭാരതം കെട്ടിപ്പടുക്കാന്‍ കഴിയും.
സുഹൃത്തുക്കളേ,
രാജ്യത്തിന് വേണ്ടി മരിക്കാന്‍ ജനങ്ങള്‍ പ്രതിജ്ഞാബദ്ധരായ ഒരു കാലമുണ്ടായിരുന്നു, അന്ന് നാം സ്വാതന്ത്ര്യം നേടി. രാജ്യത്തിന് വേണ്ടി ജീവിക്കാന്‍ പ്രതിജ്ഞാബദ്ധരാകേണ്ട സമയമാണിത്. രാജ്യത്തിന് വേണ്ടി മരിക്കാനുള്ള പ്രതിബദ്ധത നമുക്ക് സ്വാതന്ത്ര്യം നല്‍കുമെങ്കില്‍, രാജ്യത്തിന് വേണ്ടി ജീവിക്കാനുള്ള പ്രതിബദ്ധതയിലൂടെ സമൃദ്ധമായ ഭാരതം സൃഷ്ടിക്കാനും കഴിയും.
സുഹൃക്കളേ,
വികസിത ഭാരതം 2047 എന്നത് പ്രസംഗിക്കാനുള്ള ഒരു വാചകം മാത്രമല്ല. അതിനു പിന്നില്‍ കഠിനാധ്വാനമുണ്ട്. രാജ്യത്തുടനീളമുള്ള നിരവധി ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നു, നാം പൗരന്മാരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ തേടിയിട്ടുണ്ട്. 2047-ഓടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി കോടിക്കണക്കിന് പൗരന്മാര്‍ എണ്ണമറ്റ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഓരോ പൗരന്റെയും സ്വപ്നമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. ഓരോ പൗരന്റെയും ദൃഢനിശ്ചയം ഇതില്‍ പ്രകടമാണ്. യുവാക്കള്‍, വയോജനങ്ങള്‍, ഗ്രാമവാസികള്‍, കര്‍ഷകര്‍, ദളിതര്‍, ആദിവാസികള്‍, മലകളിലും വനങ്ങളിലും നഗരങ്ങളിലും താമസിക്കുന്നവര്‍ തുടങ്ങി ആരായാലും, രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുന്ന 2047-ഓടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി എല്ലാവരും വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.
ഈ നിര്‍ദ്ദേശങ്ങള്‍ വായിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അവര്‍ എന്താണ് എഴുതിയത്? ഭാരതത്തെ ലോകത്തിന്റെ നൈപുണ്യ തലസ്ഥാനമാക്കാന്‍ ചിലര്‍ നിര്‍ദ്ദേശിച്ചു. 2047ലെ വികസിതം ഭാരതത്തിനായി രാജ്യത്തെ ഒരു ആഗോള ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റാന്‍ ചിലര്‍ നിര്‍ദ്ദേശിച്ചു. നമ്മുടെ സര്‍വ്വകലാശാലകള്‍ ആഗോള പദവി കൈവരിക്കണമെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യം കിട്ടി ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ മാധ്യമങ്ങള്‍ എന്തുകൊണ്ട് ആഗോളവല്‍ക്കരിച്ചുകൂടാ എന്ന് ചോദിച്ചവരും ഉണ്ടായിരുന്നു. നമ്മുടെ നൈപുണ്യമുള്ള യുവാക്കള്‍ ലോകത്തിന്റെ ആദ്യ പരിഗണന ആകണമെന്ന ആഗ്രഹം മറ്റുള്ളവര്‍ പ്രകടിപ്പിച്ചു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഭാരതം എത്രയും വേഗം സ്വാശ്രയമാകണമെന്ന് ചിലര്‍ നിര്‍ദ്ദേശിച്ചു. നമ്മുടെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നാടന്‍ ധാന്യങ്ങള്‍, ശ്രീ അന്ന എന്ന് നാം വിളിക്കുന്ന ഈ സൂപ്പര്‍ഫുഡുകള്‍ ലോകമെമ്പാടുമുള്ള എല്ലാ തീന്‍മേശകളിലും എത്തണമെന്ന് പലരും വാദിച്ചു. നാം ലോകത്തിന്റെ പോഷകാഹാരം ശക്തിപ്പെടുത്തുകയും ഇന്ത്യയിലെ ചെറുകിട കര്‍ഷകരെ പിന്തുണയ്‌ക്കുകയും വേണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ ഭരണപരിഷ്‌കാരങ്ങളുടെ ആവശ്യകത നിരവധി ജനങ്ങള്‍ ഉയര്‍ത്തിക്കാട്ടി.
ജുഡീഷ്യല്‍ പരിഷ്‌കാരങ്ങളുടെ ആവശ്യകതയ്‌ക്കൊപ്പം ജുഡീഷ്യല്‍ സംവിധാനത്തിലെ കാലതാമസത്തെക്കുറിച്ചുള്ള ആശങ്കകളും പലപ്പോഴും പ്രകടിപ്പിക്കപ്പെട്ടു. നിരവധി ഗ്രീന്‍ഫീല്‍ഡ് നഗരങ്ങള്‍ നിര്‍മ്മിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പലരും എഴുതി. പ്രകൃതിദുരന്തങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഒരു പ്രചാരണം ഗവണ്‍മെന്റിലും ഭരണസംവിധാനത്തിലും ആരംഭിക്കണമെന്ന് ഒരു വ്യക്തി നിര്‍ദ്ദേശിച്ചു. ഭാരതത്തിന്റെ സ്വന്തം ബഹിരാകാശ നിലയം എത്രയും വേഗം സ്ഥാപിക്കണമെന്ന് മറ്റുള്ളവര്‍ വിഭാവനം ചെയ്തു. ലോകം സമഗ്രമായ ആരോഗ്യ സംരക്ഷണം സ്വീകരിക്കുന്നതിനാല്‍ ഭാരതം പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെയും ആരോഗ്യത്തിന്റെയും കേന്ദ്രമായി വികസിക്കണമെന്ന് ചിലര്‍ ഊന്നിപ്പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഭാരതം മാറുന്നതില്‍ കാലതാമസം വരുത്തരുതെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
സുഹൃത്തുക്കളേ,
ഞാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ വായിക്കുന്നത് അവ എന്റെ സഹപൗരന്മാര്‍ നല്‍കിയതിനാലാണ്. ഇത് എന്റെ രാജ്യത്തെ സാധാരണ പൗരന്മാരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളാണ്. ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അത്തരം വലിയ ചിന്തകളും മഹത്തായ സ്വപ്നങ്ങളും ഉണ്ടായിരിക്കുമ്പോള്‍, അവരുടെ ദൃഢനിശ്ചയം ഈ വാക്കുകളില്‍ പ്രതിഫലിക്കുമ്പോള്‍, അത് നമ്മുടെ ഉള്ളില്‍ ഒരു പുതിയ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ ആത്മവിശ്വാസം പുതിയ ഉയരങ്ങളിലെത്തുന്നു, ജനങ്ങളുടെ ഈ വിശ്വാസം ഒരു ബൗദ്ധിക സംവാദമല്ല; അത് അനുഭവങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. ദീര്‍ഘകാലത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിശ്വാസം. അതുകൊണ്ട്, ഭാരതത്തിലെ 18,000 ഗ്രാമങ്ങള്‍ക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ വൈദ്യുതി എത്തിക്കുമെന്നും വാഗ്ദാനം നിറവേറ്റുമെന്നും ചുവപ്പ് കോട്ടയില്‍ നിന്ന് കേള്‍ക്കുമ്പോള്‍ സാധാരണക്കാരുടെ ആത്മവിശ്വാസം ദൃഢമാകുന്നു.
സ്വാതന്ത്ര്യം കിട്ടി ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും 2.5 കോടി കുടുംബങ്ങള്‍ വൈദ്യുതിയില്ലാതെ ഇരുട്ടില്‍ തപ്പുന്നതിനിടെ, ഈ 2.5 കോടി വീടുകള്‍ക്ക് വൈദ്യുതി ലഭിക്കുമ്പോള്‍ സാധാരണക്കാരന്റെ ആത്മവിശ്വാസം വര്‍ധിക്കുന്നു. സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങള്‍ മുതല്‍ ഗ്രാമീണ കുടുംബങ്ങള്‍, ദരിദ്ര കോളനികളില്‍ താമസിക്കുന്നവര്‍ അല്ലെങ്കില്‍ ചെറിയ കുട്ടികള്‍ എന്നിവര്‍ വരെ ‘സ്വച്ഛ ഭാരതം’ ശുചിത്വ ഭാരതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് ഓരോ കുടുംബവും വൃത്തിയുള്ള അന്തരീക്ഷത്തെ പുല്‍കുകയും ശുചിത്വത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വൃത്തിയുള്ള ശീലങ്ങളിലേക്കും പരിസ്ഥിതിയിലേക്കും ഒരു സാമൂഹിക മാറ്റം ഉറപ്പാക്കാന്‍ ഓരോ പൗരനും ഉത്തരവാദിത്തത്തോടെ പെരുമാറുകയും പരസ്പരം നിരീക്ഷിക്കുകയും ചെയ്യുന്നു. രാജ്യത്തിനകത്ത് വന്ന ഒരു പുതിയ ബോധത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ചുവപ്പു കോട്ടയില്‍ നിന്ന് ഞാന്‍ ഇത് പറയുമ്പോള്‍, ഇന്ന് മൂന്ന് കോടി കുടുംബങ്ങള്‍ക്ക് അവരുടെ ടാപ്പുകളില്‍ നിന്ന് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നുണ്ട്. നമ്മുടെ എല്ലാ കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കേണ്ടത് അത്യാവശ്യമാണ് എന്നോര്‍ക്കണം. ജല്‍ ജീവന്‍ മിഷനിലൂടെ 12 കോടി കുടുംബങ്ങള്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ശുദ്ധമായ ടാപ്പ് ജലവിതരണം ലഭിക്കുന്നു. ഇന്ന് 15 കോടി കുടുംബങ്ങള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. നമ്മുടെ ജനങ്ങളില്‍ ആര്‍ക്കാണ് ഈ സൗകര്യങ്ങള്‍ നഷ്ടപ്പെട്ടത്? ആരാണ് പിന്നിലാക്കിയത്? സമൂഹത്തിലെ മുന്നാക്ക വിഭാഗങ്ങള്‍ക്ക് അത്തരം സൗകര്യങ്ങളുടെ അഭാവം നേരിടേണ്ടിവന്നിട്ടില്ല. ദളിതര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍, ചൂഷിത വിഭാഗങ്ങള്‍, ആദിവാസി സഹോദരീസഹോദരന്മാര്‍, ചേരികളില്‍ കഴിയുന്ന ജനങ്ങള്‍ എന്നിവര്‍ക്കാണ് അത്തരം അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത്. അത്തരം നിരവധി അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ നാം പരിശ്രമിച്ചു, അതിന്റെ ഫലങ്ങളുടെ പ്രയോജനങ്ങള്‍ സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും ലഭിച്ചു.
പ്രാദേശിക ഉല്‍പന്നങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുകയെന്ന മന്ത്രം നാം മുന്നോട്ട് വെച്ചിട്ടുണ്ട്. ഇന്ന് അത് സാമ്പത്തിക വികസനത്തിനുള്ള ഒരു പുതിയ മന്ത്രമായി മാറിയതില്‍ ഞാന്‍ സന്തോഷവാനാണ്. ഓരോ ജില്ലയും ഇപ്പോള്‍ അവരുടെ ഉല്‍പന്നങ്ങളില്‍ അഭിമാനിക്കുന്നു. ഒരു ജില്ല ഒരു ഉല്‍പ്പന്നമാണ് ഇപ്പോള്‍ പുതിയ തരംഗം. ഓരോ ജില്ലയും ഒരു ജില്ല ഒരു ഉല്‍പ്പന്നത്തിന് കീഴില്‍ ഉല്‍പ്പന്നം കയറ്റുമതി ചെയ്യുന്ന ദിശയിലേക്ക് ഇപ്പോള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. പുനരുപയോഗ ഊര്‍ജം എന്ന ദൃഢനിശ്ചയം ജില്ലകള്‍ ഏറ്റെടുത്തിരുന്നു. ജി 20 രാജ്യങ്ങളെക്കാള്‍ കൂടുതല്‍ നേട്ടങ്ങള്‍ ഇന്ത്യ ഈ മേഖലയില്‍ നേടിയിട്ടുണ്ട്. ഊര്‍ജ മേഖലയില്‍ സ്വയം ആശ്രയിക്കാനും ആഗോളതാപനം മൂലമുണ്ടാകുന്ന വെല്ലുവിളികള്‍ പരിഹരിക്കാനും ഇന്ത്യ കഠിനമായി പരിശ്രമിക്കുകയാണ്.
സുഹൃത്തുക്കളേ,
ലോകം പോലും നമ്മില്‍ നിന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഫിന്‍ടെക്കിലെ നമ്മുടെ വിജയത്തില്‍ നമ്മുടെ രാജ്യം വളരെയധികം അഭിമാനിക്കുന്നു. ഇത് നമ്മുടെ കഴിവുകളിലുള്ള നമ്മുടെ അഭിമാനം വര്‍ധിപ്പിക്കുന്നു.
സുഹൃത്തുക്കളേ,
കൊറോണ മഹാമാരിയുടെ കാലത്ത് നേരിട്ട പ്രതിസന്ധി നമുക്ക് എങ്ങനെ മറക്കാനാകും? ലോകത്തിലെ ഏറ്റവും വേഗമേറിയ വാക്സിനേഷന്‍ യജ്ഞം നടത്തിയത് നമ്മുടെ സ്വന്തം നാട്ടില്‍ തന്നെയായിരുന്നു. ഇപ്പോള്‍ നമ്മുടെ സ്വന്തം സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്കുകളും വ്യോമാക്രമണങ്ങളും നടത്തുമ്പോള്‍ യുവാക്കളുടെ ഹൃദയം അഭിമാനത്താല്‍ നിറയുകയും തല ഉയര്‍ത്തുകയും ചെയ്യുന്നു. 140 കോടി പൗരന്മാര്‍ ഇന്ന് അഭിമാനവും ആത്മവിശ്വാസവും അനുഭവിക്കുന്നത് ഇതിനാലാണ്.
സുഹൃത്തുക്കളേ,
ഈ കാര്യങ്ങളിലെല്ലാം ബോധപൂര്‍വമായ ശ്രമം നടന്നിട്ടുണ്ട്. നവീകരണ പാരമ്പര്യത്തിന് കൂടുതല്‍ ഊര്‍ജം നല്‍കിയിട്ടുണ്ട്. രാഷ്‌ട്രീയ നേതൃത്വം ശാക്തീകരണം കൊണ്ടുവരാന്‍ ദൃഢനിശ്ചയം ചെയ്യുകയും വികസനത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുമ്പോള്‍ ഗവണ്‍മെന്റ് സംവിധാനവും ശക്തമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തുടങ്ങും. ഈ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ഓരോ പൗരനും സജീവമായി പങ്കെടുക്കാന്‍ തുടങ്ങുമ്പോള്‍, അഭിലഷണീയമായ ഫലങ്ങള്‍ കൈവരിക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഒരു രാഷ്‌ട്രമെന്ന നിലയില്‍ നാം കടുത്ത സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നുണ്ടെന്ന കാര്യം മറക്കരുത്. ‘ചല്‍ത്താ ഹേ’ എന്ന നമ്മുടെ മനോഭാവവും നിലവിലെ അവസ്ഥയെ അംഗീകരിക്കുന്നതുമാണ് ഇതിന് കാരണം. നാം മാറ്റം പ്രാവര്‍ത്തികമാക്കുന്നതില്‍ പങ്കെടുക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ല. നാം തല്‍സ്ഥിതിയെ വെല്ലുവിളിക്കുന്നില്ല എന്നു മാത്രമല്ല, കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതി പുതിയതായി ഒന്നും ചെയ്യുന്നില്ല. തല്‍സ്ഥിതി തുടരുക എന്ന പരിസ്ഥിതിയുണ്ടായിരുന്നു. ലഭ്യമായതെന്താണോ അതുമായി തുടരുകയും ഒന്നും സംഭവിക്കില്ലെന്നു ജനങ്ങള്‍ വിശ്വസിക്കുകയും ചെയ്തുപോന്നു. ഈ മാനസികാവസ്ഥ തകര്‍ക്കണമായിരുന്നു; നമുക്ക് ആത്മവിശ്വാസം പകരേണ്ടതുണ്ട്, നാം ആ ദിശയില്‍ പരിശ്രമിച്ചു. പലരും പറയും, ‘ഇനി എന്തിന് അടുത്ത തലമുറയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കണം, നമുക്ക് വര്‍ത്തമാനകാലത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം’ എന്ന്. പക്ഷേ, രാജ്യത്തെ സാധാരണ പൗരന്മാര്‍ക്ക് അത് വേണ്ടായിരുന്നു; അവര്‍ മാറ്റത്തിനായി കാത്തിരിക്കുകയായിരുന്നു, അവര്‍ മാറ്റം ആഗ്രഹിച്ചു, അതിനായി അവര്‍ ആകാംക്ഷ പുലര്‍ത്തിപ്പോന്നു. എന്നാല്‍ അവരുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ആഗ്രഹങ്ങള്‍ക്കും ആരും പ്രാധാന്യം നല്‍കിയില്ല. തല്‍ഫലമായി, അവര്‍ കഷ്ടപ്പാടുകളിലൂടെ സമരം തുടര്‍ന്നു.
പരിഷ്‌കാരങ്ങള്‍ക്കായി അവര്‍ കാത്തിരുന്നു. നമുക്ക് ഉത്തരവാദിത്തം നല്‍കുകയും നാം കാര്യമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. അത് ദരിദ്രരോ, ഇടത്തരക്കാരോ, അധഃസ്ഥിതരോ ആകട്ടെ, നമ്മുടെ വര്‍ദ്ധിച്ചുവരുന്ന നഗര ജനസംഖ്യ, യുവാക്കളുടെ സ്വപ്നങ്ങളും ദൃഢനിശ്ചയങ്ങളും, അവരുടെ അഭിലാഷങ്ങളും- അവരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരാന്‍ നാം പരിഷ്‌കാരങ്ങളുടെ പാത തിരഞ്ഞെടുത്തു. പരിഷ്‌കാരങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധത പിങ്ക് പേപ്പറുകളുടെ മുഖപ്രസംഗങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് രാജ്യത്തെ പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പരിഷ്‌കാരങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധത ഏതാനും ദിവസത്തെ കരഘോഷത്തിനല്ല. നമ്മുടെ പരിഷ്‌കരണ പ്രക്രിയകള്‍ നിര്‍ബന്ധിതമല്ല, മറിച്ച് രാഷ്‌ട്രത്തെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്. അതുകൊണ്ട്, ഇന്ന് നമ്മുടെ പരിഷ്‌കാരങ്ങളുടെ പാത വളര്‍ച്ചയുടെ ഒരു രൂപരേഖയായി മാറിയെന്ന് എനിക്ക് പറയാന്‍ കഴിയും. നമ്മുടെ പരിഷ്‌കാരങ്ങള്‍, ഈ വളര്‍ച്ച, മാറ്റം, ഇവ സംവാദ ക്ലബ്ബുകള്‍ക്കോ ബൗദ്ധിക സമൂഹത്തിനോ വിദഗ്ധര്‍ക്കോ വേണ്ടിയുള്ള വിഷയങ്ങള്‍ മാത്രമല്ല.
സുഹൃത്തുക്കളേ,
രാഷ്‌ട്രീയ സമ്മര്‍ദം നിമിത്തമല്ല നാം ഇത് ചെയ്തത്. എന്ത് ചെയ്താലും രാഷ്‌ട്രീയ ലാഭനഷ്ടങ്ങള്‍ കണക്കാക്കി ചിന്തിക്കാറില്ല. നമ്മുടെ ഒരേയൊരു ദൃഢനിശ്ചയം-രാജ്യം ആദ്യം, രാഷ്‌ട്രം ആദ്യം; രാജ്യത്തിന്റെ താല്‍പ്പര്യം പരമോന്നതമാണ്. എന്റെ ഇന്ത്യ മഹത്തരമാകണം എന്ന ദൃഢനിശ്ചയത്തോടെയാണ് നാം ചുവടുകള്‍ വെക്കുന്നത്.
സുഹൃത്തുക്കളേ,
പരിഷ്‌കാരങ്ങളുടെ കാര്യത്തില്‍ ഒരു നീണ്ട കഥയുണ്ട്, ഞാന്‍ അതിന്റെ ചര്‍ച്ചയിലേക്ക് പോയാല്‍ മണിക്കൂറുകള്‍ എടുത്തേക്കാം. എന്നാല്‍ ഒരു ചെറിയ ഉദാഹരണം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബാങ്കിംഗ് മേഖലയിലെ പരിഷ്‌കാരങ്ങള്‍ – ബാങ്കിംഗ് മേഖലയുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുക – വികസനമോ വിപുലീകരണമോ വിശ്വാസമോ ഉണ്ടായില്ല. അതുമാത്രമല്ല, നടന്നുകൊണ്ടിരുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ബാങ്കുകളെ പ്രതിസന്ധികളിലേക്ക് നയിച്ചു. ബാങ്കിങ് മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നാം ഒന്നിലധികം പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. ഇന്ന്, അതിന്റെ ഫലമായി, ലോകത്തിലെ തിരഞ്ഞെടുത്ത ശക്തമായ ബാങ്കുകളില്‍ നമ്മുടെ ബാങ്കുകള്‍ അവരുടെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. ബാങ്കുകള്‍ ശക്തമാകുമ്പോള്‍ ഔപചാരിക സമ്പദ് വ്യവസ്ഥയുടെ ശക്തിയും ദൃഢമാകും. ഒരു ബാങ്കിംഗ് സംവിധാനം സ്ഥാപിക്കപ്പെടുമ്പോള്‍, അത് സാധാരണ പാവപ്പെട്ടവരുടെ, പ്രത്യേകിച്ച് ഇടത്തരം കുടുംബങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഏറ്റവും വലിയ ശക്തിയായി മാറുന്നു.
അത് ഭവനവായ്‌പയോ, വാഹനവായ്‌പയോ, കര്‍ഷകന് ട്രാക്ടര്‍ വാങ്ങാനുള്ള വായ്‌പയോ, ചെറുപ്പക്കാര്‍ക്ക് സ്റ്റാര്‍ട്ടപ്പ് തുടങ്ങാനുള്ള വായ്‌പയോ, യുവാക്കള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള വായ്‌പയോ, വിദേശത്തേക്ക് കടക്കാനുള്ള വായ്‌പയോ ഏതുമാകട്ടെ, ബാങ്കുകള്‍ വഴി അത് സാധ്യമാക്കി. കന്നുകാലികളെ വളര്‍ത്തുന്ന എന്റെ സഹോദരങ്ങളും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എന്റെ സഹോദരങ്ങളും പോലും ഇന്ന് ബാങ്കുകളുടെ പ്രയോജനം നേടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്റെ ദശലക്ഷക്കണക്കിന് തെരുവ് കച്ചവടക്കാര്‍ ഇപ്പോള്‍ ബാങ്കുകളുമായി ബന്ധപ്പെടുകയും പുതിയ ഉയരങ്ങള്‍ കൈവരിക്കുകയും വികസനത്തിലേക്കുള്ള പാതയില്‍ പങ്കാളികളാകുകയും ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നമ്മുടെ എംഎസ്എംഇകള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും ഏറ്റവും വലിയ പിന്തുണയാണ് ബാങ്കുകള്‍. കൂടുതല്‍ പുരോഗതി പ്രാപിക്കാന്‍ അവര്‍ക്ക് ദൈനംദിന ചെലവുകള്‍ക്ക് പണം ആവശ്യമാണ്, നമ്മുടെ ശക്തമായ ബാങ്കുകള്‍ കാരണം അത് ഇന്ന് സാധ്യമായി.
സുഹൃത്തുക്കളേ,
നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും, നിര്‍ഭാഗ്യവശാല്‍, ഒരു ‘മായ്-ബാപ്’ സംസ്‌കാരം വേരൂന്നിയതിനാല്‍ ആളുകള്‍ നിരന്തരം ഗവണ്‍മെന്റിനോട് അപേക്ഷിക്കാനും ആനുകൂല്യങ്ങള്‍ തേടാനും റഫറന്‍സുകളിലോ ശുപാര്‍ശകളിലോ ആശ്രയിക്കാനും നിര്‍ബന്ധിതരായി. ആ ഭരണ മാതൃക ഇന്ന് നാം മാറ്റിമറിച്ചിരിക്കുന്നു. ഇപ്പോള്‍, ഗുണഭോക്താക്കളിലേക്ക് എത്തുന്നത് ഗവണ്‍മെന്റാണ്; അവരുടെ വീടുകളില്‍ ഗ്യാസ് അടുപ്പുകള്‍ എത്തിക്കുന്നതും അവരുടെ വീടുകളില്‍ ജലവിതരണം എത്തിക്കുന്നതും വൈദ്യുതി നല്‍കുന്നതും വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ തൊടാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതും ഗവണ്‍മെന്റാണ്. നമ്മുടെ യുവാക്കളുടെ നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ ഗവണ്‍മെന്റ് സജീവമായി സ്വീകരിക്കുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ ഗവണ്‍മെന്റ് വലിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ അങ്ങേയറ്റം പ്രതിജ്ഞാബദ്ധമാണ്. ഈ ശ്രമങ്ങളിലൂടെ രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുകയാണ് നാം ലക്ഷ്യമിടുന്നത്.
സുഹൃത്തുക്കളേ,
രാജ്യത്ത് പുതിയ സംവിധാനങ്ങള്‍ നിലവില്‍ വരുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി, നിരവധി സാമ്പത്തിക നയങ്ങള്‍ തുടര്‍ച്ചയായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു, ഈ പുതിയ സംവിധാനങ്ങളില്‍ രാജ്യത്തിന്റെ വിശ്വാസം ക്രമാനുഗതമായി വളരുകയാണ്. ഇന്ന് 20-25 വയസ്സ് പ്രായമുള്ളവരും ഒരു പതിറ്റാണ്ട് മുമ്പ് 12-15 വയസ്സ് മാത്രം പ്രായമുള്ളവരും തങ്ങളുടെ കണ്‍മുന്നില്‍ ഈ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വെറും 10 വര്‍ഷത്തിനുള്ളില്‍, അവരുടെ സ്വപ്നങ്ങള്‍ക്ക് രൂപം നല്‍കുകയും മൂര്‍ച്ച കൂട്ടുകയും ആത്മവിശ്വാസത്തിന്റെ ഒരു പുതിയ ബോധം ജ്വലിക്കുകയും ചെയ്തു, അത് ഇപ്പോള്‍ രാജ്യത്തിന്റെ ശക്തമായ ശക്തിയായി ഉയര്‍ന്നുവരുന്നു. ഇന്ന്, ഭാരതത്തിന്റെ പ്രശസ്തി ആഗോളതലത്തില്‍ വര്‍ധിച്ചിരിക്കുന്നു, ഭാരതത്തെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറി.
ലോകമെമ്പാടുമുള്ള നമ്മുടെ യുവാക്കള്‍ക്കായി ഇപ്പോള്‍ അവസരങ്ങളുടെ വാതിലുകള്‍ തുറന്നിരിക്കുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇത്രയും വര്‍ഷങ്ങളായി നമുക്ക് കൈമോശം വന്ന എണ്ണമറ്റ പുതിയ തൊഴിലവസരങ്ങള്‍ ഇപ്പോള്‍ അവരുടെ പടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നു. സാധ്യതകള്‍ വികസിച്ചു, പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. എന്റെ രാജ്യത്തെ യുവാക്കള്‍ ഇനി പതുക്കെ നീങ്ങാന്‍ ആഗ്രഹിക്കുന്നില്ല. പതുക്കെ വര്‍ദ്ധിച്ചുവരുന്ന പുരോഗതിയില്‍ അവര്‍ വിശ്വസിക്കുന്നില്ല. പകരം, കുതിച്ചുചാട്ടം നടത്താനും ധീരമായ മുന്നേറ്റങ്ങള്‍ നടത്തി പുതിയ നാഴികക്കല്ലുകള്‍ നേടാനുമുള്ള മാനസികാവസ്ഥയിലാണ് അവര്‍. ഇത് ഭാരതത്തിന്റെ സുവര്‍ണ്ണ കാലഘട്ടമാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആഗോള സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് നമ്മുടെ സുവര്‍ണ്ണ കാലഘട്ടമാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഈ അവസരം നഷ്ടപ്പെടാന്‍ നാം അനുവദിക്കരുത്. ഈ നിമിഷം മുതലെടുത്ത് നമ്മുടെ സ്വപ്നങ്ങളും ദൃഢനിശ്ചയങ്ങളുമായി മുന്നോട്ട് പോയാല്‍, ‘സ്വര്‍ണിം ഭാരതം’ (സുവര്‍ണ്ണ ഇന്ത്യ) എന്ന രാജ്യത്തിന്റെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുകയും 2047-ഓടെ വികസിത ഭാരതം എന്ന നമ്മുടെ ലക്ഷ്യം കൈവരിക്കുകയും ചെയ്യും. നൂറ്റാണ്ടുകളുടെ ചങ്ങലകളില്‍ നിന്ന് നാം മോചിതരായിക്കഴിഞ്ഞു.
ഇന്ന്, അത് വിനോദസഞ്ചാര മേഖലയായാലും, എംഎസ്എംഇകളായാലും, വിദ്യാഭ്യാസമായാലും, ആരോഗ്യസംരക്ഷണമായാലും, ഗതാഗതമായാലും, കൃഷിയായാലും, കാര്‍ഷിക മേഖലയായാലും, എല്ലാ മേഖലകളിലും പുതിയതും ആധുനികവുമായ ഒരു സംവിധാനം സ്ഥാപിക്കപ്പെടുകയാണ്. ലോകമെമ്പാടുമുള്ള മികച്ച സമ്പ്രദായങ്ങള്‍ സ്വീകരിച്ചുകൊണ്ട് നമ്മുടെ രാജ്യത്തിന്റെ തനതായ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മുന്നേറാന്‍ നാം ലക്ഷ്യമിടുന്നു.
എല്ലാ മേഖലയ്‌ക്കും ആധുനികവല്‍ക്കരണവും നവീകരണവും ആവശ്യമാണ് എന്നതിനാല്‍ സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കിവരികയാണ്. എല്ലാ മേഖലകളിലെയും നമ്മുടെ പുതിയ നയങ്ങള്‍ നിമിത്തം ഈ മേഖലകള്‍ക്ക് പുതിയ പിന്തുണയും ശക്തിയും ലഭിക്കുന്നു. എല്ലാ പ്രതിബന്ധങ്ങളും നീക്കി, ഏത് തകര്‍ച്ചയെയും തരണം ചെയ്ത്, പൂര്‍ണ്ണ ശക്തിയോടെ, നമ്മുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിച്ച്, വിജയം സാക്ഷാത്കരിച്ചുകൊണ്ട് നാം മുന്നോട്ട് പോകണം. നാം ഈ ദര്‍ശനം ആന്തരികവല്‍ക്കരിക്കുകയും ആ ദിശയിലേക്ക് നിശ്ചയമായും നീങ്ങുകയും വേണം.
ഇപ്പോള്‍ സംഭവിക്കുന്ന വലിയ മാറ്റത്തിന് നിങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനാകും. വനിതാ സ്വയം സഹായ സംഘങ്ങളിലൂടെ താഴേത്തട്ടില്‍ സംഭവിക്കുന്ന മാറ്റങ്ങളിലേക്കു ഞാന്‍ വെളിച്ചം വീശുകയാണ്. കഴിഞ്ഞ ദശകത്തില്‍ 10 കോടി സഹോദരിമാര്‍ ഈ വനിതാ സ്വയം സഹായ സംഘങ്ങളുടെ ഭാഗമായി; 10 കോടി പുതിയ സഹോദരിമാര്‍. സാധാരണ ഗ്രാമീണ കുടുംബങ്ങളില്‍നിന്നുള്ള 10 കോടി സ്ത്രീകള്‍ ഇപ്പോള്‍ സാമ്പത്തികമായി സ്വതന്ത്രരും സ്വയംപര്യാപ്തരുമായിത്തീരുന്നു എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരാകുമ്പോള്‍, അവരുടെ കുടുംബങ്ങളില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അവര്‍ പങ്കു വഹിക്കാന്‍ തുടങ്ങുന്നു. അവര്‍ സാമൂഹിക പരിവര്‍ത്തനത്തിന്റെ സംരക്ഷകരും അത് ഉറപ്പു നല്‍കുന്നവരുമായി മാറുന്നു. ഇന്ന് ആഗോള തലത്തില്‍ ശ്രദ്ധേയമായ പങ്കുവഹിക്കുന്ന, ഇന്ത്യയില്‍ നിന്നുള്ള നിരവധി സിഇഒമാരെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. ഒരുവശത്ത് നമ്മുടെ സിഇഒമാര്‍ ആഗോള വ്യാവസായികരംഗത്ത് ആധിപത്യം സ്ഥാപിക്കുമ്പോള്‍, മറുവശത്ത് ഒരു കോടി അമ്മമാരും സഹോദരിമാരും വനിതാ സ്വയംസഹായസംഘങ്ങളില്‍ ചേര്‍ന്ന് ‘ലഖ്പതി ദീദികള്‍’ ആയി മാറുന്നു എന്നത് ശരിക്കും സംതൃപ്തി പകരുന്നതാണ്. എനിക്കും ഇത് അഭിമാനകരമായ കാര്യമാണ്. വനിതാ സ്വയംസഹായ സംഘങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള തുക 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്താന്‍ നാം ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ, മൊത്തം ഒമ്പത് ലക്ഷം കോടി ഫണ്ടുകള്‍ ഈ സ്വയംസഹായസംഘങ്ങളിലേക്ക് ബാങ്കുകള്‍ വഴി അയച്ചിട്ടുണ്ട്. ഇത് അവരുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടു പോകാന്‍ അവരെ പ്രാപ്തരാക്കുന്നു.
എന്റെ സുഹൃത്തുക്കളേ,
ബഹിരാകാശ മേഖല നമുക്കായി പുതിയ ഭാവി തുറക്കുന്നു എന്ന വസ്തുത എന്റെ യുവമനസ്സുകള്‍ ദയവായി ഓര്‍ക്കുക. ഇത് വികസനത്തിന്റെ വളരെ പ്രധാനപ്പെട്ട വശമാണ്. അതില്‍ നാം കൂടുതല്‍ ഊന്നല്‍ നല്‍കും. ഈ മേഖലയില്‍ നാം നിരവധി പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഈ മേഖലയുടെ വളര്‍ച്ചയെ ബാധിക്കുന്ന നിരവധി നിയന്ത്രണങ്ങള്‍ നാം നീക്കം ചെയ്തിട്ടുണ്ട്. ബഹിരാകാശ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ കുതിച്ചുചാട്ടമാണ് ഇന്ത്യ കാണുന്നത്. ഈ മേഖല ഇപ്പോള്‍ വളരെ ഊര്‍ജസ്വലമായി മാറുകയും നമ്മുടെ രാജ്യത്തെ ശക്തമായ രാഷ്‌ട്രമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. ഈ മേഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം, നമ്മുടെ കാഴ്ചപ്പാടില്‍ നാം ദീര്‍ഘവീക്ഷണമുള്ളവരാണ്. ഇന്ന് നമ്മുടെ സ്വന്തം രാജ്യത്ത് സ്വകാര്യ ഉപഗ്രഹങ്ങളും റോക്കറ്റുകളും വിക്ഷേപിക്കപ്പെടുന്നു എന്നതില്‍ നമുക്ക് അഭിമാനമുണ്ട്. നയങ്ങള്‍ ശരിയാണെങ്കില്‍, ദേശീയ വികസനം സാധ്യമാകുന്ന തരത്തില്‍ സമ്പൂര്‍ണ പ്രതിബദ്ധതയോടെ നമ്മുടെ ഉദ്ദേശ്യങ്ങള്‍ ശരിയാണെങ്കില്‍, മഹത്തായ ഫലങ്ങള്‍ കൈവരിക്കാന്‍ നമുക്ക് കഴിയുമെന്ന വസ്തുത എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഇന്ന് നമ്മുടെ രാഷ്‌ട്രം അനന്തമായ സാധ്യതകളും പുതിയ അവസരങ്ങളും തുറന്നിരിക്കുന്നു. നമ്മുടെ സാമ്പത്തിക വളര്‍ച്ചയ്‌ക്കും വികസനത്തിനും ഉതകുന്ന രണ്ട് മുന്നേറ്റങ്ങളില്‍ കൂടി നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഒന്നാമത്തേത് ആധുനിക അടിസ്ഥാനസൗകര്യങ്ങളുടെ വികസനമാണ്. അതില്‍ നാം കുതിച്ചുചാട്ടം നടത്തി. രണ്ടാമത്തേത് ജീവിതം സുഗമമാക്കലാണ്. താങ്ങാനാകുന്ന അന്തസുറ്റ ജീവിതശൈലിയും അടിസ്ഥാനസൗകര്യങ്ങളും സാധാരണക്കാര്‍ക്കും ലഭ്യമാകണം.
കഴിഞ്ഞ ദശകത്തില്‍ അത്യാധുനിക റെയില്‍വേ, വിമാനത്താവളം, തുറമുഖങ്ങള്‍, കരുത്തുറ്റ റോഡുകള്‍, ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി എന്നിവ നല്‍കി നാം വന്‍തോതില്‍ അടിസ്ഥാനസൗകര്യ വികസനത്തിന് സാക്ഷ്യം വഹിച്ചു. എല്ലാ ഗ്രാമങ്ങള്‍ക്കും വനമേഖലകളില്‍ പോലും സ്‌കൂള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ആധുനിക ആശുപത്രികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ നിര്‍മിക്കുന്നുവെന്ന് ഉറപ്പാക്കും വിധം അവസാന അറ്റം വരെയും സൗകര്യങ്ങള്‍ എത്തുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതികളിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് താങ്ങാനാകുന്ന ആരോഗ്യപരിരക്ഷ നല്‍കുന്നതിനായി വിദൂരമേഖലകളില്‍ ആരോഗ്യമന്ദിരങ്ങള്‍ നിര്‍മിക്കുന്നു. നിരവധി മെഡിക്കല്‍ കോളേജുകളും ആശുപത്രികളും നിര്‍മിക്കുന്നു. അറുപതിനായിരം ജലാശയങ്ങള്‍, ‘അമൃതസരോവരങ്ങള്‍’ പുനരുജ്ജീവിപ്പിച്ചു. രണ്ട് ലക്ഷം പഞ്ചായത്തുകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലകള്‍ ഇതിനകം സ്ഥാപിച്ചു. കനാലുകളുടെ വലിയ ശൃംഖലയിലൂടെ നിരവധി കര്‍ഷകര്‍ക്ക് ഇപ്പോള്‍ പ്രയോജനം ലഭിക്കുന്നു. അടച്ചുറപ്പുള്ള നാല് കോടി വീടുകള്‍ പാവപ്പെട്ടവര്‍ക്ക് പുതുജീവന്‍ നല്‍കി. ഈ ദേശീയ കാര്യപരിപാടി മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമായി മൂന്ന് കോടി പുതിയ വീടുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
നമ്മുടെ വടക്കുകിഴക്കന്‍ ഇന്ത്യ ഇപ്പോള്‍ വൈദ്യശാസ്ത്ര അടിസ്ഥാനസൗകര്യങ്ങളുടെ കേന്ദ്രമാണ്. ഈ പരിവര്‍ത്തനത്തിലൂടെ അവസാന ഇടം വരെ പ്രാപ്യമാക്കാവുന്ന ആരോഗ്യ പരിരക്ഷ നല്‍കി നമ്മുടെ ജീവിതത്തെ സ്പര്‍ശിക്കാന്‍ സഹായിച്ചു. ഈ പ്രദേശങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വിദൂര ഗ്രാമങ്ങളെയും അതിര്‍ത്തികളെയും ബന്ധിപ്പിച്ച് നാം റോഡുകള്‍ നിര്‍മിച്ചു. കരുത്തുറ്റ ഈ അടിസ്ഥാന സൗകര്യ ശൃംഖലകളിലൂടെ ദലിതര്‍, ചഷണം ചെയ്യപ്പെടുന്നവര്‍, പിന്നാക്കക്കാര്‍, ഗോത്രവര്‍ഗക്കാര്‍, തദ്ദേശീയവാസികള്‍, വനങ്ങളിലും കുന്നുകളിലും വിദൂര അതിര്‍ത്തി പ്രദേശങ്ങളിലും താമസിക്കുന്നവര്‍ തുടങ്ങിയവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നമുക്ക് കഴിഞ്ഞു. മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നമ്മുടെ പൗരന്മാര്‍ക്ക് സമഗ്രമായ പദ്ധതികള്‍ ഉറപ്പാക്കുന്നതിനുള്ള പരിഷ്‌കാരങ്ങള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
നമ്മുടെ മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുക, നമ്മുടെ കന്നുകാലി പരിപാലകരുടെ ജീവിതം പരിവര്‍ത്തനം ചെയ്യുക, സമഗ്രമായ വികസനത്തിനായി പരിശ്രമിക്കുക-ഇത് നമ്മുടെ നയങ്ങളുടെയും ഉദ്ദേശ്യങ്ങളുടെയും പരിഷ്‌കാരങ്ങളുടെയും നമ്മുടെ പരിപാടികളുടെയും പ്രവര്‍ത്തനശൈലിയുടെയും ഭാഗമാണ്. എന്റെ യുവാക്കള്‍ക്കാണ് ഈ ശ്രമങ്ങള്‍ മൂലം ഏറ്റവും വലിയ നേട്ടം ലഭിക്കുന്നത്. അവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കുന്നു; പുതിയ മേഖലകളിലേക്ക് ചുവടുവയ്‌ക്കാന്‍ അവര്‍ക്ക് പുതിയ സാധ്യതകള്‍ ഉണ്ടാകുന്നു. ഇതാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്നത്. ഈ കാലയളവില്‍ അവര്‍ക്ക് തൊഴില്‍ നേടാന്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു.
നമ്മുടെ ഇടത്തരം കുടുംബങ്ങള്‍ക്ക് സ്വാഭാവികമായും ഗുണനിലവാരമുള്ള ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളുണ്ട്. അവര്‍ രാജ്യത്തിന് ഗണ്യമായ സംഭാവന നല്‍കുന്നു. അതിനാല്‍ ഗുണനിലവാരമുള്ള ജീവിതത്തെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകള്‍ നിറവേറ്റേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്. ഉദ്യോഗസ്ഥവൃന്ദത്തിന്റെ തടസ്സങ്ങളില്‍നിന്ന് അവരെ മോചിപ്പിക്കാന്‍ നാം നിരന്തരം പരിശ്രമിക്കുന്നു. 2047 ആകുമ്പോഴേക്കും വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമ്പോള്‍, സാധാരണ പൗരന്മാരുടെ ജീവിതത്തില്‍ ഗവണ്മെന്റ് ഇടപെടല്‍ കുറയുമെന്നതാണ് ഈ സ്വപ്നത്തിന്റെ ഒരു ഘടകമെന്ന് ഞാന്‍ വിഭാവനം ചെയ്തിട്ടുണ്ട്. ആവശ്യമുള്ളിടത്ത് ഭരണം നഷ്ടപ്പെടാത്തതും ഗവണ്മെന്റ് വരുത്തുന്ന കാലതാമസം കാരണം ഒരു പ്രത്യാഘാതവും ഉണ്ടാകാത്തതുമായ സംവിധാനത്തിന് നാം പ്രതിജ്ഞാബദ്ധരാണ്.
എന്റെ പ്രിയപ്പെട്ട സഹപൗരന്മാരെ,
ചെറിയ ചെറിയ ആവശ്യങ്ങളില്‍പോലും നാം ശ്രദ്ധ നല്‍കുന്നു. ചെറിയ ആവശ്യങ്ങളില്‍ പോലും ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നമ്മുടെ പാവപ്പെട്ട വീടുകളിലെ അടുപ്പ് കത്തിക്കൊണ്ടിരിക്കുന്നു എന്നുറപ്പുവരുത്തുന്നതിനായി, അല്ലെങ്കില്‍, ഒരു പാവപ്പെട്ട അമ്മ മനസ്സില്‍ ആശങ്കകളുമായി ഉറങ്ങേണ്ടിവരില്ലെന്ന് ഉറപ്പാക്കുന്നതിനായി, നാം സൗജന്യ ആരോഗ്യപരിരക്ഷാ പദ്ധതി നടപ്പാക്കുന്നു. (സൗജന്യ) വൈദ്യുതി, വെള്ളം, പാചകവാതകം (കണക്ഷനുകള്‍) എന്നിവ ഇപ്പോള്‍ പരിപൂര്‍ണത കൈവരിക്കുന്ന നിലയിലാണ്. നാം പരിപൂര്‍ണതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് 100% എന്നാണ് അര്‍ഥമാക്കുന്നത്. പരിപൂര്‍ണത കൈവരിക്കുമ്പോള്‍, അത് ജാതീയതയുടെയോ ഇടതുപ്രത്യയശാസ്ത്രത്തിന്റെയോ നിറം വഹിക്കുന്നില്ല. പരിപൂര്‍ണത എന്ന തത്വം സ്വീകരിക്കുമ്പോള്‍, ”ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം” എന്നതിന്റെ യഥാര്‍ഥ സത്ത സാക്ഷാത്കരിക്കപ്പെടുന്നു.
ജനജീവിതത്തില്‍ ഗവണ്മെന്റ് ഇടപെടല്‍ കുറയ്‌ക്കാനുള്ള നടപടികള്‍ നാം സ്വീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ചട്ടങ്ങള്‍ പാലിക്കലുകള്‍ക്ക് ഗവണ്മെന്റ് സാധാരണ പൗരന്മാരെ ചുമതലപ്പെടുത്തിയിരുന്നു. പൗരന്മാര്‍ നിയമപരമായ സങ്കീര്‍ണതകളുടെ വലയില്‍ കുടുങ്ങാതിരിക്കാന്‍ നാം 1500-ലധികം നിയമങ്ങള്‍ ഇല്ലാതാക്കി. അതിലൂടെ ചെറിയ തെറ്റുകള്‍ക്ക് വ്യക്തികള്‍ക്കു നിയമക്കുരുക്കില്‍ അകപ്പെടേണ്ട അവസ്ഥ ഒഴിവാക്കി. ചെറിയ കുറ്റങ്ങള്‍ക്ക് തടവുശിക്ഷ നല്‍കുന്ന സമ്പ്രദായം നാം നിര്‍ത്തലാക്കി; വ്യക്തികളെ ജയിലിലേക്ക് അയയ്‌ക്കുന്ന നിയമത്തിലെ വ്യവസ്ഥകള്‍ നീക്കം ചെയ്തു. ഇന്ന്, നമ്മുടെ സ്വാതന്ത്ര്യത്തില്‍ അഭിമാനം കൊള്ളുന്ന പാരമ്പര്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരം (ഭാരതീയ) ന്യായ സംഹിത എന്നറിയപ്പെടുന്ന പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നാം കൊണ്ടുവന്നു. ശിക്ഷയല്ല, പൗരന്മാര്‍ക്ക് നീതി ഉറപ്പാക്കുക എന്ന ആശയമാണ് ഇതിന്റെ കാതല്‍.
ജീവിതം സുഗമമാക്കുന്നതിനുള്ള രാജ്യവ്യാപകമായ ദൗത്യത്തിലാണ് നാം പ്രവര്‍ത്തിക്കുന്നത്. ഗവണ്മെന്റിന്റെ എല്ലാ തലങ്ങളിലും ഞാന്‍ ഇത് ഊന്നിപ്പറയുന്നു. തെരഞ്ഞെടുക്കപ്പെട്ട എല്ലാ ജനപ്രതിനിധികളോടും, കക്ഷിയോ സംസ്ഥാനമോ പരിഗണിക്കാതെ, ജീവിതം സുഗമമാക്കുന്നതിനുള്ള ദൗത്യമെന്ന തരത്തില്‍ നടപടിയെടുക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. നമ്മുടെ യുവാക്കളോടും പ്രൊഫഷണലുകളോടും എല്ലാവരോടും അവര്‍ അഭിമുഖീകരിക്കുന്ന നിസ്സാര പ്രശ്നങ്ങളെക്കുറിച്ച് ഗവണ്മെന്റിന് തുടര്‍ന്നും എഴുതാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. അവര്‍ ഗവണ്മെന്റിനെ അറിയിക്കണം. അനാവശ്യമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതില്‍ ദോഷമില്ല. ഇന്നത്തെ ഗവണ്മെന്റുകള്‍ സംവേദനക്ഷമണെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായാലും സംസ്ഥാന ഗവണ്മെന്റുകളായാലും കേന്ദ്ര ഗവണ്മെന്റായാലും ഈ വിഷയത്തിന് പ്രാധാന്യം നല്‍കും.
2047-ഓടെ വികസിതഭാരതം എന്ന സ്വപ്നത്തിന് ഭരണപരിഷ്‌കാരങ്ങള്‍ അത്യന്താപേക്ഷിതമാണ്. സാധാരണ പൗരന്മാരുടെ ജീവിതത്തില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തടസ്സങ്ങള്‍ ഇല്ലാതാക്കുന്നതിനും ഈ പരിഷ്‌കാരങ്ങളുമായി നാം മുന്നോട്ട് പോകണം. പൗരന്മാര്‍ അവരുടെ ജീവിതത്തില്‍ അന്തസ് അനുഭവിക്കണം. ”ഇത് എന്റെ അവകാശമായിരുന്നു, എനിക്ക് അത് ലഭിച്ചില്ല” എന്ന് ആരും ഒരിക്കലും പറയേണ്ടിവരരുത്. ജനങ്ങള്‍ അവര്‍ക്ക് അര്‍ഹമായതിനെക്കുറിച്ച് അന്വേഷിക്കേണ്ടതില്ല. അതിനാല്‍, ഭരണനിര്‍വഹണത്തിലെ വിതരണസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. രാജ്യത്തെ പരിഷ്‌കാരങ്ങളെക്കുറിച്ച് പറയുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. ഇന്ന് രാജ്യത്തുടനീളം ഏകദേശം 3 ലക്ഷം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തോ നഗര പഞ്ചായത്തോ നഗരപാലികയോ മഹാനഗരപാലികയോ കേന്ദ്രഭരണപ്രദേശമോ സംസ്ഥാനമോ ജില്ലയോ കേന്ദ്രമോ ഏതുമാകട്ടെ, ഈ 3 ലക്ഷം ചെറുകിട യൂണിറ്റുകള്‍ സജീവമാണ്. ഞാന്‍ ഇന്ന് ഈ യൂണിറ്റുകളോട് അഭ്യര്‍ഥിക്കുന്നു: നിങ്ങള്‍ ഓരോരുത്തരും നിങ്ങളുടെ തലത്തില്‍ പ്രതിവര്‍ഷം രണ്ട് പരിഷ്‌കാരങ്ങള്‍, സാധാരണക്കാര്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന പരിഷ്‌കാരങ്ങള്‍, നടത്തുകയാണെങ്കില്‍, എന്റെ സുഹൃത്തുക്കളേ, ഞാന്‍ കൂടുതല്‍ ആവശ്യപ്പെടുന്നില്ല. അത് ഒരു പഞ്ചായത്തോ, സംസ്ഥാന ഗവണ്മെന്റോ, അല്ലെങ്കില്‍ ഏതെങ്കിലും വകുപ്പോ ആകട്ടെ, വര്‍ഷത്തില്‍ രണ്ട് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുക. ഇതിന്റെ സ്വാധീനം സങ്കല്‍പ്പിച്ചു നോക്കൂ-ഇത് പ്രതിവര്‍ഷം 25-30 ലക്ഷം പരിഷ്‌കാരങ്ങള്‍ക്ക് കാരണമാകും. 25-30 ലക്ഷം പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ സാധാരണക്കാരന്റെ ആത്മവിശ്വാസം ഉയരും. ഈ പുതിയ ആത്മവിശ്വാസം നമ്മുടെ രാഷ്‌ട്രത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതില്‍ നിര്‍ണായകമാകും. അതുകൊണ്ടാണ് നമ്മുടെ സ്വന്തം മേഖലകളില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിടാനും കാലഹരണപ്പെട്ട സംവിധാനങ്ങളില്‍നിന്ന് മോചനം നേടാനും മാറ്റം സൃഷ്ടിക്കാന്‍ മുന്നോട്ട് വരാനും ധൈര്യത്തോടെ പ്രവര്‍ത്തിക്കാനും നാം മുന്നിട്ടിറങ്ങേണ്ടത്. സാധാരണക്കാരന്റെ ആവശ്യങ്ങള്‍ പലപ്പോഴും ചെറുതാണെങ്കിലും പഞ്ചായത്തുതലത്തില്‍ പോലും അവര്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടിവരും. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞാല്‍, നമ്മുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഇന്ന് നമ്മുടെ രാജ്യം അഭിലാഷങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. നമ്മുടെ രാജ്യത്തെ യുവാക്കള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കാനും മഹത്വം നേടാനും ഉത്സുകരാണ്. അതിനാല്‍, മൂന്ന് പ്രധാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എല്ലാ മേഖലയിലും പുരോഗതി ത്വരിതപ്പെടുത്തുകയാണ് നമ്മുടെ ലക്ഷ്യം. ഒന്നാമതായി, എല്ലാ മേഖലകളിലും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കണം. രണ്ടാമതായി, സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് നാം പ്രവര്‍ത്തിക്കണം. മൂന്നാമതായി, നമ്മുടെ പൗരന്മാര്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും മെച്ചപ്പെടുത്തുകയും വേണം. ഈ മൂന്ന് വശങ്ങളും ഭാരതത്തില്‍ വികസനം കാംക്ഷിക്കുന്ന സമൂഹത്തെ വളര്‍ത്തി. അതിന്റെ ഫലമായി ആത്മവിശ്വാസം നിറഞ്ഞ സമൂഹം രൂപപ്പെട്ടു. നമ്മുടെ പൗരന്മാരുടെ അഭിലാഷങ്ങളും നമ്മുടെ യുവത്വത്തിന്റെ ഊര്‍ജവും നമ്മുടെ രാഷ്‌ട്രത്തിന്റെ ശക്തിയും സംയോജിപ്പിച്ച് അപാരമായ അഭിനിവേശത്തോടെ നാം മുന്നേറുകയാണ്. തൊഴിലിലും സ്വയംതൊഴില്‍ മേഖലയിലും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നതില്‍ നാം കാര്യമായ മുന്നേറ്റം നടത്തിയതായി ഞാന്‍ വിശ്വസിക്കുന്നു. ഇന്ന് നാം പ്രതിശീര്‍ഷ വരുമാനം ഇരട്ടിയാക്കി. ആഗോള വളര്‍ച്ചയില്‍ ഭാരതത്തിന്റെ സംഭാവന ഗണ്യമാണ്. നമ്മുടെ കയറ്റുമതി തുടര്‍ച്ചയായി വര്‍ധിക്കുന്നു. നമ്മുടെ വിദേശനാണ്യ കരുതല്‍ ശേഖരം ഇരട്ടിയായി. ആഗോള സ്ഥാപനങ്ങള്‍ ഭാരതത്തില്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുന്നു. ഭാരതം ശരിയായ പാതയിലാണെന്നും അതിവേഗത്തില്‍ മുന്നേറുന്നുവെന്നും നമ്മുടെ സ്വപ്നങ്ങള്‍ക്ക് വലിയ ശക്തിയുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു. ഇതിനെല്ലാം പുറമേ, നമ്മുടെ സംവേദനക്ഷമതയുടെ പാത നമ്മെ ഊര്‍ജസ്വലമാക്കുകയും പുതിയ അവബോധം ഉണര്‍ത്തുകയും ചെയ്യുന്നു. അനുകമ്പയാണ് നമ്മുടെ സമീപനത്തിന്റെ കേന്ദ്രബിന്ദു. നമ്മുടെ പ്രവര്‍ത്തനങ്ങളുടെ കാതലായ സമത്വം, അനുകമ്പ എന്നിവയ്‌ക്കൊപ്പമാണ് നാം മുന്നോട്ട് പോകുന്നത്.
സുഹൃത്തുക്കളേ,
കൊറോണ കാലഘട്ടത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ആഗോള പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ അതിവേഗം സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തിയ ഏതെങ്കിലും രാജ്യമുണ്ടെങ്കില്‍ അത് ഭാരതം മാത്രമാണ്. നാം ശരിയായ പാതയിലാണെന്ന് ഇത് എനിക്ക് ഉറപ്പുനല്‍കുന്നു. ജാതിമതഭേദമെന്യേ എല്ലാ വീട്ടിലും അഭിമാനത്തോടെ ത്രിവര്‍ണപതാക പാറിപറക്കുമ്പോള്‍, രാജ്യം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് അത് ഉറപ്പിച്ചുപറയുന്നു. ഇന്ന്, രാഷ്‌ട്രം മുഴുവന്‍ ത്രിവര്‍ണ പതാകയ്‌ക്ക് കീഴില്‍ ഐക്യപ്പെട്ടിരിക്കുന്നു – ജാതി, മതം, ഉയര്‍ന്നവര്‍ഗം, താഴ്ന്ന വര്‍ഗം എന്നീ വ്യത്യാസങ്ങളില്ലാതെ എല്ലാ വീടും ത്രിവര്‍ണ പതാകകൊണ്ട് അലങ്കരിച്ചിരിക്കുന്നു; നാമെല്ലാം ഇന്ത്യക്കാരാണ്. ഈ ഐക്യം നമ്മുടെ ദിശയുടെ ശക്തിയുടെ തെളിവാണ്. 25 കോടി ജനങ്ങളെ നാം ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുമ്പോള്‍, നാം നമ്മുടെ വേഗത നിലനിര്‍ത്തിയെന്നും നമ്മുടെ സ്വപ്നങ്ങള്‍ ഉടന്‍ സാക്ഷാത്കരിക്കപ്പെടുമെന്നുമുള്ള വിശ്വാസത്തെ അത് ശക്തിപ്പെടുത്തുന്നു. 100-ലധികം ജില്ലകള്‍ അതത് സംസ്ഥാനങ്ങളിലെ മികച്ച ജില്ലകളുമായി മത്സരിക്കുമ്പോള്‍, നമ്മുടെ വളര്‍ച്ചയുടെ ദിശയും വേഗതയും തീര്‍ച്ചയായും ശക്തമാണെന്ന് നമുക്ക് തോന്നുന്നു. നമ്മുടെ ഗോത്രവര്‍ഗ ജനസംഖ്യ ചെറുതാണെങ്കിലും രാജ്യത്തുടനീളം വിദൂര സ്ഥലങ്ങളില്‍ ചെറിയ സംഘങ്ങളായി ചിതറിക്കിടക്കുന്നു. അവരുടെ ക്ഷേമത്തിലും വികസനത്തിലും ഗവണ്‍മെന്റിന് ആശങ്കയുണ്ട്. പ്രധാനമന്ത്രി ജന്‍ മന്‍ പദ്ധതികളുടെ പ്രയോജനങ്ങള്‍ ഗ്രാമങ്ങളിലും കുന്നുകളിലും കാടുകളിലും ഉള്ള വിവിധ വിദൂര വാസസ്ഥലങ്ങളിലെ ഓരോരുത്തര്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നത് ഗവണ്മെന്റിന് വെല്ലുവിളിയാണ്. എന്നിരുന്നാലും നാം അതിനായി എല്ലാ ശ്രമങ്ങളും നടത്തും. നിങ്ങള്‍ അനുകമ്പയോടെ പ്രവര്‍ത്തിക്കുമ്പോള്‍ അത് പൂര്‍ണതയേകുന്നു. നാം സ്ത്രീകളെ ബഹുമാനിക്കുക മാത്രമല്ല, അവരുടെ ക്ഷേമത്തിനായി സഹാനുഭൂതിയോടെ തീരുമാനങ്ങള്‍ എടുക്കുകയും വേണം. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയായി നാം നീട്ടി. അമ്മയുടെ മടിയിലിക്കുന്ന, നാളത്തെ പൗരനായി മാറേണ്ട കുഞ്ഞിനോട് നമുക്ക് ഉത്തരവാദിത്തമുണ്ട്. അത് അമ്മയെ പരിചരിക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ. ഇത് നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ക്കായി കരുണാര്‍ദ്രമായ തീരുമാനങ്ങള്‍ എടുക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.
ഭിന്നശേഷിക്കാരായ എന്റെ സഹോദരീസഹോദരന്മാര്‍ ഇന്ത്യന്‍ ആംഗ്യഭാഷയില്‍ ആശയവിനിമയം നടത്താന്‍ തുടങ്ങുമ്പോള്‍, അല്ലെങ്കില്‍ ‘സുഗമ്യ’ (പ്രാപ്യമായ) ഭാരത് വഴി ഏവരെയും ഉള്‍ക്കൊള്ളുന്നതും പ്രാപ്യവുമായ രാഷ്‌ട്രം എന്ന യജ്ഞത്തില്‍നിന്ന് പ്രയോജനം നേടുമ്പോള്‍, അവര്‍ ബഹുമാനിക്കപ്പെടുകയും രാജ്യത്തെ പൗരനെന്ന നിലയിലുള്ള അന്തസ്സ് ആസ്വദിക്കുകയും ചെയ്യുന്നു. പാരാലിമ്പിക്സില്‍ നമ്മുടെ കായിക താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതു കാണുന്നത് അതിശയകരമാണ്. അവര്‍ നമ്മുടെ അനുകമ്പയില്‍ നിന്നാണു ശക്തിയാര്‍ജിക്കുന്നത്. ബഹിഷ്‌കൃതരായ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഭേദഗതികള്‍ കൊണ്ടുവരുന്നതിലൂടെയും പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെയും എല്ലാവര്‍ക്കും അന്തസ്സും ബഹുമാനവും സമത്വവും ഉറപ്പാക്കുന്നതിലൂടെയും നാം നീതിയുക്തമായ തീരുമാനങ്ങള്‍ എടുക്കുന്നു. അങ്ങനെ, നാം മാറ്റത്തിന്റെ ശരിയായ ദിശയിലേക്ക് നീങ്ങുന്നു. നാം ‘ത്രിവിധ് മാര്‍ഗ്’ (മൂന്ന് മാര്‍ഗങ്ങളിലൂടെയുള്ള പാത) ആരംഭിച്ചു. എല്ലാവര്‍ക്കും സേവനമെന്ന മനോഭാവത്തിന്റെ നേരിട്ടുള്ള പ്രയോജനം ഞങ്ങള്‍ കാണുന്നു.
60 വര്‍ഷത്തിന് ശേഷം, തുടര്‍ച്ചയായി മൂന്നാം തവണയും രാഷ്‌ട്രത്തെ സേവിക്കാന്‍ നമ്മെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 140 കോടി ജനങ്ങള്‍ എനിക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് മറുപടിയായി, എനിക്ക് ഒരു സന്ദേശം മാത്രമേയുള്ളൂ: നിങ്ങളെ ഓരോരുത്തരെയും എല്ലാ കുടുംബങ്ങളെയും എല്ലാ പ്രദേശങ്ങളെയും സേവിക്കാന്‍ നാം ഇവിടെയുണ്ട്. നിങ്ങളുടെ അനുഗ്രഹത്തിന്റെ ഈ ശക്തിയാല്‍, വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ കൈവരിക്കാന്‍ നാം ആഗ്രഹിക്കുന്നു. വികസിത ഇന്ത്യയെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ നമ്മെ അനുഗ്രഹിച്ചതിനും രാഷ്‌ട്രത്തെ സേവിക്കാന്‍ നമ്മെ തെരഞ്ഞെടുത്തതിനും കോടിക്കണക്കിന് നാട്ടുകാര്‍ക്ക്, ഇന്ന് ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന്, തലകുമ്പിട്ട് നന്ദി പറയുന്നു. പുതിയ ഉയരങ്ങളിലേക്ക്, പുതിയ ഉത്സാഹത്തോടെ മുന്നേറേണ്ടതുണ്ടെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. വശങ്ങളില്‍ നിന്ന് വീക്ഷിക്കുകയും ചെറിയ നേട്ടങ്ങളുടെ മഹത്വത്തില്‍ ആനന്ദിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിലല്ല നാം . നാം പുതിയ അറിവും അതിജീവനശേഷിയും തേടുന്നവരുടെ സംസ്‌കാരത്തില്‍ നിന്നുള്ളവരാണ്; ഉയര്‍ന്ന നേട്ടങ്ങള്‍ക്കായി അക്ഷീണം കൊതിക്കുന്ന യാത്രക്കാരാണ് നാം. വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ നാം ആഗ്രഹിക്കുന്നു, നമ്മുടെ പൗരന്മാര്‍ക്കിടയില്‍ ഈ ശീലം വളര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഇന്ന്, പുതിയ വിദ്യാഭ്യാസ നയത്തിലൂടെ, 21-ാം നൂറ്റാണ്ടിന്റെ ആവശ്യകതകള്‍ക്ക് അനുസൃതമായി നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം മാറ്റാന്‍ നാം ആഗ്രഹിക്കുന്നു. ദ്രുതഗതിയിലുള്ള വികസനത്തിന്റെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനായി ഇന്ത്യയില്‍ ഭാവിക്കായി സജ്ജമായ വൈദഗ്ധ്യമുള്ള വിഭവങ്ങള്‍ നാം തയ്യാറാക്കേണ്ടതുണ്ട്. ഇന്ത്യയിലെ പുതിയ പ്രതിഭകളെ നിലനിര്‍ത്തുന്നതില്‍ പുതിയ വിദ്യാഭ്യാസ നയത്തിന് വലിയ പങ്കുണ്ട്. എന്റെ രാജ്യത്തെ യുവാക്കള്‍ വിദേശത്ത് പഠിക്കാന്‍ നിര്‍ബന്ധിതരാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു ഇടത്തരം കുടുംബം തങ്ങളുടെ കുട്ടികളെ വിദേശത്ത് പഠിപ്പിക്കാന്‍ ലക്ഷങ്ങളും കോടികളും ചെലവഴിക്കുന്നു. നമ്മുടെ രാജ്യത്തെ യുവാക്കള്‍ വിദേശത്തേക്ക് പോകേണ്ട ആവശ്യമില്ലാത്ത വിദ്യാഭ്യാസ സംവിധാനം വികസിപ്പിക്കാന്‍ നാം ആഗ്രഹിക്കുന്നു. നമ്മുടെ ഇടത്തരം കുടുംബങ്ങള്‍ക്ക് ലക്ഷങ്ങളും കോടികളും ചെലവഴിക്കേണ്ടതില്ല. മാത്രവുമല്ല, പകരം വിദേശത്തുനിന്നുള്ളവരെ ഭാരതത്തിലേക്ക് ആകര്‍ഷിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ സൃഷ്ടിക്കാനും നാം ആഗ്രഹിക്കുന്നു. അടുത്തിടെ, നാളന്ദ സര്‍വകലാശാല പുനര്‍നിര്‍മ്മിച്ചുകൊണ്ട് ബിഹാറിന്റെ മഹത്തായ ചരിത്രത്തിന്റെ അഭിമാനം നാം പുനരുജ്ജീവിപ്പിച്ചു. നാളന്ദ സര്‍വകലാശാല വീണ്ടും പ്രവര്‍ത്തനം പുനരാരംഭിച്ചു. എന്നിരുന്നാലും, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ നാളന്ദ ചൈതന്യത്തെ വീണ്ടും പുനരുജ്ജീവിപ്പിക്കുകയും വിദ്യാഭ്യാസരംഗത്ത്, ആ നാളന്ദ ചൈതന്യം ജീവിക്കുകയും, വിദ്യാഭ്യാസ മേഖലയിലെ ലോകത്തിന്റെ അറിവിന്റെ പാരമ്പര്യങ്ങളിലേക്ക് പുതിയ അവബോധം കൊണ്ടുവരാന്‍ വലിയ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുകയും വേണം. മാതൃഭാഷയുടെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കുന്നതാണ് പുതിയ വിദ്യാഭ്യാസ നയമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ഭാഷയുടെ പേരില്‍ രാജ്യത്തിന്റെ കഴിവുകള്‍ തടസ്സപ്പെടരുതെന്ന് ഞാന്‍ സംസ്ഥാന ഗവണ്മെന്റുകളോടും രാജ്യത്തെ എല്ലാ സ്ഥാപനങ്ങളോടും അഭ്യര്‍ഥിക്കുന്നു. ഭാഷ ഒരു തടസ്സമാകരുത്. മാതൃഭാഷയുടെ കരുത്ത് നമ്മുടെ രാജ്യത്തെ ഏറ്റവും പാവപ്പെട്ട കുട്ടിയെ പോലും അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രാപ്തരാക്കുന്നു. അതിനാല്‍, മാതൃഭാഷയില്‍ പഠിക്കേണ്ടതിന്റെ പ്രാധാന്യം, ജീവിതത്തില്‍ മാതൃഭാഷയുടെ പങ്ക്, കുടുംബത്തില്‍ അതിന്റെ സ്ഥാനം എന്നിവയ്‌ക്കു നാം ഊന്നല്‍ നല്‍കേണ്ടതുണ്ട്.
എൻറെ പ്രിയ സഹ പൗരന്മാരെ,
ഇന്ന് ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങൾ നിരീക്ഷിക്കുമ്പോൾ, നൈപുണ്യ വികസനത്തിന്റെ പ്രാധാന്യം വളരെയധികം വർദ്ധിച്ചതായി കാണാം. അതിനാൽ, നൈപുണ്യത്തിന് പ്രത്യേകമായ ഉത്തേജനം നല്കണമെന്നതാണ് നമ്മുടെ ആഗ്രഹം. വ്യവസായം 4.0 എന്ന ആശയം മനസ്സിൽ വെച്ചുകൊണ്ടുള്ള , നൈപുണ്യ വികസനമാണ് നാം ലക്ഷ്യമിടുന്നത്. കാർഷിക മേഖലയിലുൾപ്പെടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നൈപുണ്യ വികസനം നാം ആഗ്രഹിക്കുന്നു. നമ്മുടെ ശുചിത്വ മേഖലയിൽ പോലും പുതിയ നൈപുണ്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നാം ആഗ്രഹിക്കുന്നു. അതിനാൽ, ഇത്തവണ കൂടുതൽ വിപുലമായ തോതിലാണ് നാം സ്കിൽ ഇന്ത്യ പ്രോഗ്രാമുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ ലക്ഷ്യത്തിനായി ഈ വർഷത്തെ ബജറ്റിൽ വലിയൊരു ഫണ്ട് നാം വകയിരുത്തിയിട്ടുണ്ട്. ബജറ്റിൽ, ഇൻ്റേൺഷിപ്പുകൾക്കും നാം ഊന്നൽ നൽകിയിട്ടുണ്ട്, അതുവഴി നമ്മുടെ യുവാക്കൾക്ക് പരിചയ സമ്പത്ത് ആർജിക്കാനും, അങ്ങനെ അവരുടെ ശേഷി വർദ്ധിപ്പിക്കാനും വിപണിയിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും കഴിയും. നൈപുണ്യമുള്ള യുവാക്കളെ ഈ രീതിയിൽസജ്ജരാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സുഹൃത്തുക്കളേ, ഇന്നത്തെ ആഗോള സാഹചര്യം നിരീക്ഷിച്ചാൽ, ഭാരതത്തിന്റെ വൈദഗ്ധ്യമുള്ള മനുഷ്യശക്തിയും നമ്മുടെ നൈപുണ്യമുള്ള യുവാക്കളും ആഗോള തൊഴിൽ വിപണിയിൽ തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിക്കുന്നതും, ആ സ്വപ്നവുമായി നാം മുന്നോട്ട് പോകുന്നതും എനിക്ക് വ്യക്തമായി പറയാൻ കഴിയും.
സുഹൃത്തുക്കളെ,
ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു, ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പ്രാധാന്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ശാസ്ത്രത്തിന് നാം കാര്യമായ ഊന്നൽ നൽകേണ്ടതുണ്ട്. ചന്ദ്രയാൻ ദൗത്യത്തിന്റെ വലിയ വിജയത്തിന് ശേഷം നമ്മുടെ സ്കൂളുകളിലും കോളേജുകളിലും ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ താൽപ്പര്യമുള്ള ഒരു പുതിയ അന്തരീക്ഷം രൂപപ്പെട്ടുവരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ പുതിയ ആവേശം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർധിപ്പിക്കണം. ഇന്ത്യാ ഗവൺമെൻ്റും ഗവേഷണത്തിന് നൽകിവരുന്ന പിന്തുണ വർധിപ്പിച്ചിട്ടുണ്ട്. നാം കൂടുതൽ സ്ഥാപനങ്ങൾ സ്ഥാപിച്ചു. ഗവേഷണം തുടർച്ചയായി ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സ്ഥിരം സംവിധാനം വികസിപ്പിക്കുന്നതിനായി നിയമപരമായ ചട്ടക്കൂട് നൽകുന്ന നാഷണൽ റിസർച്ച് ഫൗണ്ടേഷൻ നമ്മൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ ഗവേഷണ ഫൗണ്ടേഷൻ ആ ജോലി നിർവഹിക്കും. നമ്മുടെ രാജ്യത്തെ യുവാക്കളുടെ ആശയങ്ങൾ യാഥാർത്ഥ്യമാക്കാൻ ബജറ്റിൽ ഗവേഷണത്തിനും നവീകരണത്തിനുമായി ഒരു ലക്ഷം കോടി രൂപ നീക്കിവയ്‌ക്കാൻ തീരുമാനിച്ചത് അഭിമാനകരമാണ്.
സുഹൃത്തുക്കളെ,
ഇന്നും നമ്മുടെ കുട്ടികൾ മെഡിക്കൽ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നു. അവരിൽ ഭൂരിഭാഗവും ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരാണ്, അവർക്ക് ഇതിനായി വലിയ തുക ചെലവഴിക്കേണ്ടി വരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ മെഡിക്കൽ സീറ്റുകളുടെ എണ്ണം നാം ഏകദേശം ഒരു ലക്ഷമായി ഉയർത്തി. ഓരോ വർഷവും ഏകദേശം 25,000 യുവാക്കൾ മെഡിക്കൽ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നു. ചിലപ്പോഴൊക്കെ , മെഡിക്കൽ വിദ്യാഭ്യാസത്തിനായി അവർ പോകുന്ന രാജ്യങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ ഞാൻ അത്ഭുതപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ , അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മെഡിക്കൽ മേഖലയിൽ 75,000 പുതിയ സീറ്റുകൾ സൃഷ്ടിക്കുമെന്ന് നാം തീരുമാനിച്ചു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
2047ലെ വികസിത ഭാരതം ആരോഗ്യകരമായ ഒരു ഭാരതവുമായിരിക്കണം. ഇത് ഉറപ്പാക്കാൻ, വികസിത ഭാരതത്തിന്റെ ആദ്യ തലമുറ എന്ന നിലയിൽ ഇപ്പോൾ മുതൽ നമ്മുടെ കുട്ടികളുടെ പോഷകാഹാരത്തിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കണം. അതുകൊണ്ടാണ് കുട്ടികളുടെ ക്ഷേമത്തിന് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് നാം പോഷകാഹാര കാമ്പയിൻ ആരംഭിച്ചത്. പോഷകാഹാരത്തിന് മുൻഗണന നൽകികൊണ്ട് നാം ദേശീയ പോഷകാഹാര മിഷൻ (പോഷൻ അഭിയാൻ) ആരംഭിച്ചു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
നമ്മുടെ കാർഷിക സമ്പ്രദായത്തിൽ പരിവർത്തനം ഉണ്ടാവേണ്ടത് നിർണായകവും കാലഘട്ടത്തിന്റെ ആവശ്യവുമാണ്. നൂറ്റാണ്ടുകളായി നാം പിന്തുടരുന്ന പഴയ കാർഷിക പാരമ്പര്യങ്ങളിൽ നിന്ന് നാം മോചനം നേടണം, ഈ ഉദ്യമത്തിൽ നമ്മുടെ കർഷകരെ സജീവമായി നാം പിന്തുണയ്‌ക്കുന്നു. ഈ പരിവർത്തനത്തിനായി നാം തുടർച്ചയായി പ്രവർത്തിക്കുന്നു. ഇന്ന്, നാം നമ്മുടെ കർഷകർക്ക് എളുപ്പത്തിൽ വായ്‌പ ലഭ്യമാക്കുകയും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അവരെ സഹായിക്കുകയും ചെയ്യുന്നു. കർഷകരുടെ ഉൽപന്നങ്ങളുടെ മൂല്യവർദ്ധന ഉറപ്പാക്കാനും നാം അവരെ സഹായിക്കുന്നു. കർഷകർക്ക് ആത്യന്തികമായി സഹായം ലഭിക്കത്തക്ക വിധത്തിൽ അവരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള സമഗ്രമായ ക്രമീകരണങ്ങളും നാം നടത്തുന്നുണ്ട്, ഈ ദിശയിൽ മുന്നോട്ട് പോകാൻ നാം പ്രതിജ്ഞാബദ്ധരാണ്.
ഇന്ന് ലോകം മുഴുവൻ ഭൂമിയെ കുറിച്ച് ആശങ്കാകുലരായിരിക്കുമ്പോൾ, രാസവളങ്ങളുടെ ഉപയോഗം മൂലം നമ്മുടെ മണ്ണിന്റെ ആരോഗ്യവും അനുദിനം നശിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. നമ്മുടെ മാതൃഭൂമിയുടെ (മണ്ണിന്റെ) ഉൽപാദനക്ഷമത കുറയുകയും, നശിക്കുകയും ചെയ്യുന്നു. ഈ നിർണായക വേളയിൽ, ജൈവകൃഷിയുടെ പാത തെരഞ്ഞെടുത്ത് നമ്മുടെ ഭൂമാതാവിനെ പരിപോഷിപ്പിക്കുകയും, സംരക്ഷിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്തം ഏറ്റെടുത്ത നമ്മുടെ രാജ്യത്തെ ലക്ഷക്കണക്കിന് കർഷകർക്ക് എന്റെ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വർഷത്തെ ബജറ്റിൽ, ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്‌ക്കുന്നതിനുമായി നാം കാര്യമായ വ്യവസ്ഥകൾ ഏർപ്പെടുത്തുകയും ഗണ്യമായ പദ്ധതികൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഇന്നത്തെ ലോകത്തിന്റെ അവസ്ഥ നിരീക്ഷിക്കുമ്പോൾ, ലോകം മുഴുവൻ സമഗ്രമായ ആരോഗ്യ സംരക്ഷണത്തിലേക്ക് തിരിയുന്നതും, എല്ലായിടത്തും ജൈവ ഭക്ഷണം മുൻഗണനയായി ഉയർന്നു വരുന്നതും എനിക്ക് കാണാൻ കഴിയുന്നു. ജൈവഭക്ഷണത്തിന്റെ ആഗോള ഭക്ഷ്യകൊട്ട സൃഷ്ടിക്കാൻ കഴിയുന്ന ഏതെങ്കിലും രാഷ്‌ട്രമുണ്ടെങ്കിൽ അത് എന്റെ രാജ്യവും, ഇവിടുത്തെ കർഷകരുമാണ്. അതുകൊണ്ടാണ് വരും നാളുകളിൽ ഈ കാഴ്ചപ്പാടുമായി മുന്നോട്ട് പോകാൻ നാം ആഗ്രഹിക്കുന്നത്, അങ്ങനെ കൂടുതൽ ജൈവ ഭക്ഷണത്തിനു വേണ്ടിയുള്ള ലോകത്തിന്റെ ആവശ്യം അനുസരിച്ച് നമ്മുടെ രാജ്യത്തിന് ജൈവ ഭക്ഷണ കൊട്ടയായി മാറാൻ കഴിയും.
കർഷകരുടെ ജീവിതം സുഗമമാക്കാനും, ഗ്രാമങ്ങളിൽ മികച്ച ഇൻ്റർനെറ്റ് കണക്റ്റിവിറ്റി ഉണ്ടെന്നും, കർഷകർക്ക് ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ലഭ്യമാണെന്നും അവരുടെ കുട്ടികൾക്ക് സ്മാർട്ട് സ്കൂളുകളിലേക്കും തൊഴിലവസരങ്ങളിലേക്കും പ്രവേശനം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ നാം ശ്രമിക്കുന്നു. ഒരു ചെറിയ തുണ്ട് ഭൂമിയിൽ ഒരു കുടുംബത്തെ മുഴുവൻ നിലനിർത്തുന്നതിനുള്ള വെല്ലുവിളികൾ കണക്കിലെടുത്ത്, പുതിയ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനും അധിക വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കുന്നതിനും, ആവശ്യമായ വൈദഗ്ധ്യം നൽകി യുവാക്കളെ സജ്ജരാക്കുന്നതിനും നാം സമഗ്രമായ ശ്രമങ്ങൾ നടത്തുന്നു.
സമീപ വർഷങ്ങളിൽ, നാം സ്ത്രീകളാൽ നയിക്കപ്പെടുന്ന വികസന മാതൃകയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നവീകരണമോ, തൊഴിലോ, സംരംഭകത്വമോ ആകട്ടെ, എല്ലാ മേഖലകളിലും സ്ത്രീകൾ ഗണ്യമായ മുന്നേറ്റം നടത്തുന്നുണ്ട്. ഇത് വെറും പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിൽ മാത്രമല്ല, സ്ത്രീകൾ നേതൃത്വപരമായ പങ്കുകളും വഹിക്കുന്നു. ഇന്ന്, പല മേഖലകളിലും-അത് നമ്മുടെ പ്രതിരോധ മേഖലയോ, വ്യോമസേനയോ, കരസേനയോ, നാവികസേനയോ, ബഹിരാകാശ മേഖലയോ ആകട്ടെ- നമ്മുടെ സ്ത്രീകളുടെ ശക്തിക്കും കഴിവുകൾക്കും നാം സാക്ഷ്യം വഹിക്കുന്നു.
മറുവശത്ത്, എനിക്ക് വളരെയധികം ആഘാതമുണ്ടാക്കുന്ന ചില സമ്മർദ്ദകരമായ ആശങ്കകളുണ്ട്, അതിനാൽ, ചുവപ്പ് കോട്ടയുടെ ഈ കൊത്തളത്തിൽ നിന്ന് ഒരിക്കൽ കൂടി അവയെ ഉയർത്തി കാണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ അമ്മമാരോടും , സഹോദരിമാരോടും ,പെൺമക്കളോടും കാണിക്കുന്ന അതിക്രമങ്ങളെക്കുറിച്ച് നാം ഗൗരവമായി ചിന്തിക്കണം. രോഷം രാജ്യത്തും പൗരന്മാർക്കിടയിലും ദൃശ്യമാണ്. ഈ രോഷം എനിക്ക് മനസിലാക്കാൻ കഴിയുന്നുണ്ട്. സംസ്ഥാനങ്ങളും, സമൂഹവും, രാജ്യവും ഈ ദുഷ്പ്രവണതയെ ഗൗരവമായി കാണേണ്ടതുണ്ട്. സർക്കാരിലും , ജുഡീഷ്യറിയിലും, സിവിൽ സമൂഹത്തിലും വിശ്വാസം പുനഃസ്ഥാപിക്കുന്നതിന് ഇത്തരം പൈശാചിക പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കണം. ബലാത്സംഗത്തിന് ഇരയായ നമ്മുടെ അമ്മമാരെയും പെൺമക്കളെയും കുറിച്ച് എല്ലാ മാധ്യമങ്ങളിലും ഉയർത്തിക്കാട്ടുകയും സമൂഹത്തിൽ ചർച്ച ചെയ്യുകയും ചെയ്യുന്നു, പക്ഷെ ബലാത്സംഗം ചെയ്യുന്നവർ വാർത്തയാകുന്നില്ല. ഇത്തരംപാപ കൃത്യങ്ങൾ ചെയ്യുന്നവർ തൂങ്ങിമരണം ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങളെ ഭയക്കുന്ന തരത്തിൽ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളെ കുറിച്ച് വിപുലമായ ചർച്ചകൾ നടക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇത്തരം ഒരു ഭയം സൃഷ്ടിക്കേണ്ടത് വളരെ പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഒരു രാഷ്‌ട്രമെന്ന നിലയിൽ നമ്മുടെ സ്വന്തം പ്രയത്നങ്ങളും, നേട്ടങ്ങളും കുറച്ചു കാണുന്ന ശീലം നമുക്കുണ്ട്. നിർഭാഗ്യവശാൽ, എന്തൊക്കെയോ കാരണങ്ങളാൽ നമ്മുടെ ദേശീയതയിൽ അഭിമാനിക്കുന്നത് നാം അവസാനിപ്പിച്ചു. എവിടെയും “വൈകി എത്തുന്നു ” എന്നത് ഒരു സാധാരണ ഇന്ത്യൻ ചിന്താഗതി എന്ന നിലയിൽ കേൾക്കേണ്ടി വരുന്നത് പലപ്പോഴും അപമാനകരമായിരുന്നു. ആഗോള തലത്തിൽ ഇന്ത്യക്കാരോടുള്ള കാഴ്ചപ്പാട് മെച്ചപ്പെടുത്താൻ നാം കഠിനമായി പരിശ്രമിച്ചു. പണ്ട് കളിപ്പാട്ടങ്ങൾ പോലും ഇന്ത്യയിൽ ഇറക്കുമതി ചെയ്തിരുന്നു. അത്തരംകാലഘട്ടത്തിന് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് നമ്മുടെ കളിപ്പാട്ട വ്യവസായവും ആഗോള വിപണിയിൽ കണക്കാക്കേണ്ട പേരായി മാറിയതിൽ നാം അഭിമാനിക്കുന്നു. നാം കളിപ്പാട്ടങ്ങൾ കയറ്റുമതി ചെയ്യാൻ തുടങ്ങി. മൊബൈൽ ഫോണുകൾ ഇറക്കുമതി ചെയ്യുന്ന ഒരു കാലം നമ്മൾക്ക് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യയിൽ മൊബൈൽ ഫോണുകളുടെ നിർമ്മാണ ആവാസവ്യവസ്ഥയുടെ ഒരു വലിയ കേന്ദ്രമുണ്ട്, നാം അവ ലോകമെമ്പാടും കയറ്റുമതി ചെയ്യാൻ തുടങ്ങിയിരിക്കുന്നു. അതാണ് ഇന്ത്യയുടെ കരുത്ത്.
സുഹൃത്തുക്കളെ,
ലോകത്തിൻറെ ഭാവി, അർദ്ധചാലകങ്ങൾ, ആധുനിക സാങ്കേതികവിദ്യ, നിർമ്മിത ബുദ്ധി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അർദ്ധചാലക ദൗത്യം നാം ആരംഭിച്ചു കഴിഞ്ഞു. ലോകത്തിന് മത്സരാധിഷ്ഠിത നിരക്കിൽ ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ ലഭ്യമാക്കാൻ നാം ആഗ്രഹിക്കുന്നു. നമുക്ക് മികച്ച പ്രതിഭകളുണ്ട് , നമ്മുടെ യുവാക്കൾ ഈ മേഖലയിൽ വലിയ സ്വപ്നം കാണണം. ഗവേഷണത്തിൽ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന ഇന്ത്യ , ഇനി നിർമ്മാണത്തിലേക്കും നീങ്ങണം. ഈ മേഖലയിൽ ലോകത്തിന് ആദ്യ- അവസാന പരിഹാരങ്ങൾ നൽകാനുള്ള കഴിവും വൈദഗ്ധ്യവും നമുക്കുണ്ട് .
സുഹൃത്തുക്കളെ,
2ജിക്ക് വേണ്ടി പോലും കഷ്ടപ്പെടേണ്ടി വന്ന നാളുകൾ നാം കണ്ടതാണ്. ഇന്ന് രാജ്യത്തിലുടനീളം 5ജി നമുക്ക് കാണാൻ കഴിയും. സുഹൃത്തുക്കളേ, നാം ഉടൻ എവിടെയും നിർത്താൻ പോകുന്നില്ല. 5ജിയിൽ മാത്രം ഒതുക്കി നിർത്താൻ നമുക്ക് താല്പര്യമില്ല. നാം ഇതിനകം 6ജി -യ്‌ക്കുള്ള മിഷൻ മോഡിൽ പ്രവർത്തിക്കുവാൻ തുടങ്ങി കഴിഞ്ഞു , നമ്മുടെ ഈ പുരോഗതി ലോകത്തെ അത്ഭുതപ്പെടുത്തും. പൂർണ്ണ ആത്മവിശ്വാസത്തോടെ എനിക്ക് ഇത് പറയാൻ കഴിയും.
എന്റെ പ്രിയ സുഹൃത്തുക്കളെ,
പ്രതിരോധ മേഖലയെ കുറിച്ച് പറയുമ്പോൾ, പ്രതിരോധ ബജറ്റിലെ ഏത് വർദ്ധനയെയും ചോദ്യം ചെയ്യുന്ന ശീലം നമുക്ക് ഉണ്ടായിരുന്നു. ഫണ്ട് എവിടെയാണ് വിനിയോഗിച്ചതെന്നറിയാൻ ആരും ശ്രമിച്ചിട്ടില്ല. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കായിരുന്നു പ്രതിരോധ ബജറ്റ് ചെലവഴിച്ചിരുന്നത് . ഈ മേഖലയിലും സ്വയം പര്യാപ്തരാകുമെന്ന നമ്മുടെ പ്രതിരോധ സേനയുടെ വാഗ്ദാനം കാണുമ്പോൾ ഞാൻ അവരോട് അങ്ങേയറ്റം നന്ദിയുള്ളവനാണ്. ഇനി ഇറക്കുമതി ചെയ്യില്ലെന്ന് തീരുമാനിച്ച കാര്യങ്ങളുടെ ഒരു ലിസ്റ്റ് അവർ പങ്കിട്ടു. നമ്മുടെ സൈന്യത്തിൽ നിന്നാണ് നമ്മൾ യഥാർത്ഥ രാജ്യസ്നേഹം പഠിക്കേണ്ടത്. ഈ മനോഭാവത്തിന്റെ ഫലമായി പ്രതിരോധ മേഖലയിൽ നാം സ്വയം പര്യാപ്തരാവുകയാണ്. പ്രതിരോധ ഉൽപ്പാദന മേഖലയിലും ഇന്ത്യ അതിൻറെ സാന്നിധ്യം അടയാളപ്പെടുത്തി കഴിഞ്ഞു. ചെറുകിട വസ്തുക്കൾപോലും ഇറക്കുമതി ചെയ്യുന്നതിനെ ആശ്രയിച്ചിരുന്ന നമ്മുടെ പ്രതിരോധ മേഖല ക്രമേണ വിവിധ പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതിക്കാരായും നിർമ്മാതാവായും സ്വയം നിലയുറപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിന് നിർണായകമായതിനാൽ തന്നെ ഉൽപ്പാദന മേഖലയെ പ്രോത്സാഹിപ്പിക്കാൻ നാം ആഗ്രഹിക്കുന്നു. ഇന്ന്, ഉൽപാദന അധിഷ്ഠിത കിഴിവ് പദ്ധതി (പിഎൽഐ) വലിയ വിജയമാണ്. നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) പരിഷ്കാരങ്ങളും നമുക്ക് ഗണ്യമായ ശക്തി നൽകി. എംഎസ്എംഇകൾ (സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ) ഗണ്യമായ വേഗത കൈവരിച്ചു. ഒരു പുതിയ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്, അതിന്റെ ഫലമായി നമ്മുടെ ഉൽപ്പാദന മേഖല ഒരു ആഗോള ഉൽപ്പാദന കേന്ദ്രമായി മാറുന്നതിനുള്ള പാതയിലാണ്. ഇത്രയും ഗണ്യമായ യുവശക്തിയും അത് പ്രയോജനപ്പെടുത്താനുള്ള ശേഷിയുമുള്ള ഒരു രാജ്യത്തോടൊപ്പം, ഉൽപ്പാദനരംഗത്ത് പ്രത്യേകിച്ച് ഇൻഡസ്ട്രി 4.0.ൽ കരുത്തോടെ മുന്നേറാൻ നാം ലക്ഷ്യമിടുന്നു. ഇതിനാവശ്യമായ നൈപുണ്യ വികസനത്തിലും നാം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. നൈപുണ്യ വികസനത്തിൽ പുതിയ മാതൃകകൾ അവതരിപ്പിച്ചു. പൊതുജനപങ്കാളിത്തം നാം പ്രോത്സാഹിപ്പിച്ചിരിക്കുന്നു. അതിലൂടെ ഉടനടി വേണ്ടിവരുന്ന ആവശ്യകതകൾക്കനുസരിച്ച് കഴിവുകൾ വേഗത്തിൽ വികസിപ്പിക്കാൻ കഴിയും. ചുവപ്പ് കോട്ടയുടെ കൊത്തളത്തിൽ നിന്ന് സംസാരിക്കുമ്പോൾ, ഭാരതം ഒരു വ്യാവസായിക ഉൽപ്പാദന കേന്ദ്രമായി മാറുകയും ലോകം ഈ രാജ്യത്തിലേക്ക് ഉറ്റുനോക്കുകയും ചെയ്യുന്ന ദിവസം വിദൂരമല്ലെന്ന് എനിക്ക് ഉറപ്പുണ്ട്.
ഇന്ന്, ലോകത്തിലെ പല പ്രമുഖ കമ്പനികളും ഭാരതത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഞാൻ ഇത് നിരീക്ഷിച്ചു, എന്റെ മൂന്നാം ഭരണകാലയളവിൽ എന്നെ കാണാൻ അഭ്യർത്ഥിക്കുന്ന ഭൂരിഭാഗം ആളുകളും നിക്ഷേപകരാണ്. ഭാരതത്തിലേക്ക് വന്ന് ഇവിടെ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ആഗോള നിക്ഷേപകരാണ് ഇവർ. ഇത് ഒരു വലിയ സുവർണ്ണാവസരമാണ്. നിക്ഷേപകരെ ആകർഷിക്കാൻ വ്യക്തമായ നയങ്ങൾ രൂപീകരിക്കാൻ സംസ്ഥാന ഗവൺമെന്റുകളോട് ഞാൻ അഭ്യർത്ഥിക്കുന്നു. സദ് ഭരണത്തിന് ഉറപ്പ് നൽകുകയും ക്രമസമാധാന സ്ഥിതിയിൽ അവരുടെ ആത്മവിശ്വാസം വളർത്തുകയും ചെയ്യുക. നിക്ഷേപകരെ ആകർഷിക്കാൻ എല്ലാ സംസ്ഥാനങ്ങളും ആരോഗ്യകരമായ മത്സരത്തിൽ ഏർപ്പെടണം. ഈ മത്സരം അവരുടെ സംസ്ഥാനങ്ങളിലേക്ക് നിക്ഷേപം കൊണ്ടുവരുകയും അവിടുത്തെ യുവാക്കൾക്ക് അവസരങ്ങൾ നൽകുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
നയങ്ങൾ മാറ്റേണ്ടതുണ്ടെങ്കിൽ, സംസ്ഥാനങ്ങൾ ആഗോള ആവശ്യങ്ങൾക്കനുസരിച്ച് അവ ക്രമീകരിക്കണം. ഭൂമി ആവശ്യമാണെങ്കിൽ സംസ്ഥാനങ്ങൾ ഒരു ലാൻഡ് ബാങ്ക് സൃഷ്ടിക്കണം. സംസ്ഥാനങ്ങൾ സദ് ഭരണം എന്ന ആശയത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയും ഇക്കാര്യത്തിൽ ശ്രമങ്ങൾ നടത്തുകയും ചെയ്യുമ്പോൾ, ഈ നിക്ഷേപകർ അവിടെ ദീർഘകാലത്തേക്ക് തുടരാനുള്ള സാധ്യത കൂടുതലാണ്. ഇത് കേന്ദ്ര ഗവൺമെന്റിന് മാത്രം ചെയ്യാൻ കഴിയില്ല; പദ്ധതികൾ സംസ്ഥാനങ്ങളിൽ നടപ്പാക്കുമെന്നതിനാൽ സംസ്ഥാന ഗവൺമെന്റുകളും ഇതിൽ നിർണായക പങ്ക് വഹിക്കുന്നു. പദ്ധതികൾ വിജയിക്കുന്നതിന് സംസ്ഥാന ഗവൺമെന്റുകളുമായുള്ള ദൈനംദിന ആശയവിനിമയം അനിവാര്യമാണ്. ലോകം ഭാരതത്തിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുകയും ഭാരതത്തിൽ നിക്ഷേപം നടത്താൻ പ്രതിജ്ഞാബദ്ധമാവുകയും ചെയ്തുകൊണ്ടിരിക്കുന്നതിനാൽ, പഴയ ശീലങ്ങൾ ഉപേക്ഷിച്ച് വ്യക്തമായ നയങ്ങളുമായി മുന്നോട്ട് പോകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് ഞാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ സംസ്ഥാനത്ത് അതിന്റെ ഫലങ്ങൾ നിങ്ങൾക്ക് കാണാനാകും, നിങ്ങളുടെ സംസ്ഥാനം തിളങ്ങുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.
സുഹൃത്തുക്കളെ,
ഭാരതം അതിന്റെ ഏറ്റവും മികച്ച ഗുണനിലവാരത്തിനാൽ അംഗീകരിക്കപ്പെടേണ്ടത് പ്രധാനമാണ്. ലോകത്തെ സംബന്ധിച്ചിടത്തോളം, നാം ഇപ്പോൾ ഡിസൈൻ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും “ഇന്ത്യയിലെ രൂപകല്പന ” എന്നതിന് ഊന്നൽ നൽകുകയും വേണം. ഇന്ത്യൻ ഉൽപ്പന്നങ്ങളെ അന്താരാഷ്‌ട്ര നിലവാരത്തിന്റെ പര്യായമാക്കാൻ നാം ശ്രമിക്കണം. അപ്രകാരമാകുമ്പോൾ, അത് നമ്മുടെ ഉൽപ്പന്നങ്ങൾക്ക് ആഗോള സ്വീകാര്യത ലഭിക്കുന്നത് എളുപ്പമാക്കും. ഇത് നമ്മുടെ ഉൽപ്പാദനത്തിന്റെ ഗുണനിലവാരം,നമ്മുടെ സേവനങ്ങളുടെ ഗുണനിലവാരം, നമ്മുടെ സമീപനത്തിന്റെ ഗുണനിലവാരം എന്നിവയെ ആശ്രയിച്ചിരിക്കും. അതിനാൽ, മുന്നോട്ട് പോകുമ്പോൾ ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. നമുക്ക് കഴിവുണ്ട്. രൂപകൽപന മേഖലയിൽ നമുക്ക് നിരവധി പുതിയ കാര്യങ്ങൾ ലോകത്തിന് നൽകാൻ കഴിയും. ” ഇന്ത്യയിൽ രൂപകല്പന ചെയ്യുക ” എന്ന ആഹ്വാനത്തെ ഉൾക്കൊള്ളുകയും ” ഇന്ത്യയിൽ രൂപകല്പന ചെയ്യുക, ലോകത്തിനായി രൂപകൽപ്പന ചെയ്യുക ” എന്ന സ്വപ്നവുമായി മുന്നോട്ട് പോകുകയും വേണം.
ഗെയിമിംഗ് ലോകത്ത് ഒരു വലിയ വിപണി ഉയർന്നുവരുന്നത് ഞാൻ കാണുന്നു. എന്നിരുന്നാലും, ഇന്നും, ഗെയിമിംഗിന്റെ സ്വാധീനവും ഈ ഗെയിമുകൾ സൃഷ്ടിക്കുന്നതിൽ നിന്നുള്ള ലാഭവും പ്രാഥമികമായി വിദേശ കമ്പനികളുടെ കൈവശമാണ്. ഭാരതത്തിന് സമ്പന്നമായ ഒരു പാരമ്പര്യമുണ്ട്. ഗെയിമിംഗ് ലോകത്തേക്ക് നമുക്ക് പുതിയ പ്രതിഭകളെ കൊണ്ടുവരാൻ കഴിയും. നമ്മുടെ രാജ്യത്ത് നിർമ്മിച്ച ഗെയിമുകളിലേക്ക് ലോകമെമ്പാടുമുള്ള കുട്ടികളെ ആകർഷിക്കാൻ നമുക്ക് കഴിയും. ഭാരതത്തിന്റെ കുട്ടികൾ, ഭാരതത്തിന്റെ യുവാക്കൾ, ഭാരതത്തിന്റെ ഐടി പ്രൊഫഷണലുകൾ, ഭാരതത്തിന്റെ എ ഐ പ്രൊഫഷണലുകൾ എന്നിവർ ഗെയിമിംഗ് ലോകത്തെ നയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഗെയിമിംഗ് ലോകത്ത്, നമ്മുടെ ഉൽപ്പന്നങ്ങൾ ആഗോളതലത്തിൽ സ്വാധീനം ചെലുത്തണം. നമ്മുടെ ആനിമേറ്റർമാർക്ക് ആഗോളതലത്തിൽ പ്രവർത്തിക്കാനുള്ള കഴിവുണ്ട്. ആനിമേഷൻ വ്യവസായത്തിൽ ശക്തമായ സാന്നിധ്യം സ്ഥാപിക്കാൻ നമുക്ക് കഴിയും, ആ ദിശയിൽ പ്രവർത്തിക്കാൻ ശ്രമിക്കണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഇന്ന്, ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഗുരുതരമായ പ്രശ്‌നങ്ങളാണ്. അവ ലോകമെമ്പാടുമുള്ള വിവിധ മേഖലകളിൽ ചർച്ച ചെയ്യപ്പെടുന്നു. ഭാരതം ഇക്കാര്യത്തിൽ നിരവധി സംരംഭങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. കേവലം വാക്കുകളിലൂടെയല്ല, കൃത്യമായ പ്രവർത്തനങ്ങളിലൂടെ നാം, നമ്മുടെ പ്രതിബദ്ധത പ്രകടിപ്പിക്കുകയും ലോകത്തെ അമ്പരപ്പിക്കുന്ന ഫലങ്ങൾ കൈവരിക്കുകയും ചെയ്തു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കുന്നതിൽ നാം മുൻനിരയിലായിരുന്നു. പുനരുപയോഗ ഊർജ്ജ മേഖലയിൽ പുതിയ ശക്തി പകർന്നുകൊണ്ട് നമ്മുടെ ഈ മേഖലയിലെ ഊർജ്ജ ശ്രമങ്ങൾ ഗണ്യമായി പുരോഗമിച്ചു. വരും വർഷങ്ങളിൽ നാം ഏറ്റവും കുറഞ്ഞ കാർബൺ ബഹിർഗമനം എന്ന ഭാവിയിലേക്ക് നീങ്ങുകയാണ്. പാരീസ് ഉടമ്പടിയിൽ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ ഞാൻ ഓർക്കുന്നു. ചുവപ്പ് കോട്ടയുടെ കൊത്തളത്തിൽ നിന്ന്, എന്റെ നാട്ടുകാരുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാൻ ഞാൻ ആഗ്രഹിക്കുന്നു. ജി-20 രാജ്യങ്ങൾക്ക് ചെയ്യാൻ കഴിയാത്തത് നമ്മുടെ പൗരന്മാർ നേടിയെടുത്തു. പാരീസ് ഉടമ്പടി ലക്ഷ്യങ്ങൾ ഏതെങ്കിലും ജി-20 രാജ്യം നിശ്ചിത സമയത്തിലും നേരത്തെ നേടിയിട്ടുണ്ടെങ്കിൽ അത് എന്റെ രാജ്യം, എന്റെ ഭാരതം മാത്രമാണ്. ഈ നേട്ടത്തിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. പുനരുപയോഗിക്കാവുന്ന ഊർജ്ജ ലക്ഷ്യങ്ങൾ കൈവരിക്കുകയും 2030 ഓടെ 500 GW പുനരുപയോഗ ഊർജം എന്ന ലക്ഷ്യത്തിലെത്താൻ നാം ഉത്സാഹത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്നു. തീർച്ചയായും ഇതൊരു വലിയ ലക്ഷ്യമാണ്! ഈ ലക്ഷ്യത്തിൽ ലോകം ആശ്ചര്യപ്പെട്ടേക്കാം, പക്ഷേ നാം അത് നേടുമെന്ന് എന്റെ ജനങ്ങൾക്ക് ഞാൻ ആത്മവിശ്വാസത്തോടെ ഉറപ്പുനൽകുന്നു. ഇത് മനുഷ്യരാശിക്ക് ഗുണം ചെയ്യും, നമ്മുടെ ഭാവി സുരക്ഷിതമാക്കും, നമ്മുടെ കുട്ടികൾക്ക് ശോഭനമായ ഭാവി ഉറപ്പാക്കും. 2030-ഓടെ നമ്മുടെ റെയിൽവേ മേഖലയെയും നെറ്റ് സീറോ കാർബൺ ബഹിർഗമന മേഖല ആക്കാനും നാം പ്രതിജ്ഞാബദ്ധരാണ്.
സുഹൃത്തുക്കളെ,
പ്രധാനമന്ത്രി സൂര്യ ഘർ സൗജന്യ വൈദ്യുത പദ്ധതി പുതിയ ശക്തി പ്രദാനം ചെയ്യാൻ സജ്ജമാണ്. അതിന്റെ പ്രയോജനം നമ്മുടെ രാജ്യത്തെ ശരാശരി കുടുംബങ്ങൾക്ക്, പ്രത്യേകിച്ച് ഇടത്തരക്കാർക്ക്, അവരുടെ വൈദ്യുതി ബില്ലുകൾ സൗജന്യമാകുമ്പോൾ അനുഭവപ്പെടും. ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത വർധിച്ചുവരികയാണ്. പ്രധാനമന്ത്രി സൂര്യ ഘർ യോജനയ്‌ക്ക് കീഴിൽ സൗരോർജ്ജത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നവർക്കും ഇന്ധനച്ചെലവ് കുറയ്‌ക്കാനാകും.
സുഹൃത്തുക്കളെ,
ഹരിത ഹൈഡ്രജൻ ദൗത്യത്തിലൂടെ ആഗോള ഹബ്ബായി മാറാനാണ് നാം ലക്ഷ്യമിടുന്നത്. നയങ്ങൾ അതിവേഗം രൂപീകരിച്ചു, അവയുടെ നിർവഹണം അതിവേഗം പുരോഗമിക്കുന്നു. ഒരു പുതിയ ഊർജ്ജ സ്രോതസ്സായി ഹരിത ഹൈഡ്രജനെ മുന്നോട്ട് കൊണ്ടുപോകാൻ ഭാരതം പ്രതിജ്ഞാബദ്ധമാണ്. ഈ ശ്രമങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെയും ആഗോളതാപനത്തെയും കുറിച്ചുള്ള ആശങ്കകളെ അഭിസംബോധന ചെയ്യുന്നു. അതേസമയം ഹരിത തൊഴിലുകൾക്ക് കാര്യമായ അവസരങ്ങൾ തുറക്കുന്നു. അതിനാൽ, സമീപഭാവിയിൽ ഹരിത തൊഴിലുകളുടെ പ്രാധാന്യം വികസിക്കുമ്പോൾ, ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനും നമ്മുടെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനും, ഹരിത തൊഴിൽ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിലും വിപുലീകരിക്കുന്നതിലും നാം ശ്രദ്ധ കേന്ദ്രീകരിക്കണം.
പ്രിയപ്പെട്ട ദേശവാസികളെ,
ഇന്ന്, ഈ ത്രിവർണ്ണ പതാകയ്‌ക്ക് കീഴിൽ, ആഗോള ഒളിമ്പിക് വേദിയിൽ ഭാരതത്തെ പ്രതിനിധീകരിച്ച യുവ കായികതാരങ്ങൾ അഭിമാനത്തോടെ നമുക്കൊപ്പം ചേരുന്നു. 140 കോടി നാട്ടുകാർക്ക് വേണ്ടി, നമ്മുടെ രാജ്യത്തെ എല്ലാ കായിക താരങ്ങൾക്കും കളിക്കാർക്കും ഞാൻ എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. പുതിയ സ്വപ്നങ്ങൾ, തീരുമാനങ്ങൾ, അചഞ്ചലമായ പ്രയത്‌നം എന്നിവയിലൂടെ പുതിയ ലക്ഷ്യങ്ങൾക്കായി നാം തുടർന്നും പരിശ്രമിക്കുമെന്ന പ്രതീക്ഷയോടെ ഞാൻ എന്റെ ആശംസകൾ നേരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു വലിയ ഇന്ത്യൻ പ്രതിനിധി സംഘം പാരാലിമ്പിക്‌സിനായി പാരീസിലേക്ക് പുറപ്പെടും. നമ്മുടെ എല്ലാ പാരാലിമ്പിക് കായികതാരങ്ങൾക്കും ഞാൻ ഹൃദയംഗമമായ ആശംസകൾ അറിയിക്കുന്നു.
സുഹൃത്തുക്കളെ,
ഇന്ത്യ ജി-20 യോഗത്തിന് ആതിഥേയത്വം വഹിച്ചു. അത് നമ്മുടെ രാജ്യത്തെ വിവിധ നഗരങ്ങളിലായി സംഘടിപ്പിച്ചു. 200 ലധികം പരിപാടികൾ നടത്തി! ജി-20 ഇത്രയും ഗംഭീരമായി മുമ്പ് നടന്നിട്ടില്ല, ഇത് ആദ്യമായിരുന്നു. ബൃഹത്തായ അന്താരാഷ്‌ട്ര പരിപാടികൾ സംഘടിപ്പിക്കാനുള്ള കഴിവ് ഭാരതത്തിനുണ്ടെന്നും സമാനതകളില്ലാത്ത ആതിഥ്യമര്യാദയുണ്ടെന്നും ഇത് തെളിയിക്കുന്നു. ഇത് തെളിയിച്ചതോടെ നമ്മുടെ ലക്ഷ്യം വ്യക്തമാണ്: 2036-ലെ ഒളിമ്പിക്‌സിന് ഇന്ത്യൻ മണ്ണ് ആതിഥേയത്വം വഹിക്കുക. നാം അതിനായി തയ്യാറെടുക്കുകയും അതിനായി ഗണ്യമായ പുരോഗതി കൈവരിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ,
സമൂഹത്തിലെ ഏറ്റവും അവശത അനുഭവിക്കുന്നവരെ പിന്തുണയ്‌ക്കുക എന്നത് നമ്മുടെ സാമൂഹിക ഉത്തരവാദിത്തമാണ്. നാം ആരെയെങ്കിലും ഉപേക്ഷിച്ചാൽ അത് നമ്മുടെ കൂട്ടായ പുരോഗതിയെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ട്, പിന്നാക്കം നിൽക്കുന്നവരെ കൂടി പരിഗണിച്ചാൽ മാത്രമേ നമുക്ക് യഥാർത്ഥത്തിൽ മുന്നേറാൻ കഴിയൂ. അവഗണിക്കപ്പെട്ട പ്രദേശങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ, നമ്മുടെ ചെറുകിട കർഷകർ, വനങ്ങളിലെ ഗോത്ര വിഭാഗത്തിലെ സഹോദരീസഹോദരന്മാർ, നമ്മുടെ അമ്മമാർ, സഹോദരിമാർ, നമ്മുടെ തൊഴിലാളികൾ എല്ലാവരെയും ഉൾപ്പെടുത്തി അവരെ നമ്മുടെ തലത്തിലേക്ക് കൊണ്ടുവരുന്നതിന് എല്ലാ ശ്രമങ്ങളും നടത്തേണ്ടത് നമ്മുടെ കടമയാണ്. ഈ ശ്രമത്തിന്റെ വേഗത ഇതിനകം തന്നെ ത്വരിതഗതിയിലായിട്ടുണ്ട്. ഈ ജനവിഭാഗങ്ങൾ നമ്മോടൊപ്പം ചേരുന്നത് കാണാൻ ഉടൻ കഴിയും. അതുവഴി നമ്മുടെ കൂട്ടായ കരുത്ത് കൂടുതൽ ശക്തിപ്പെടും. നാം ഈ ദൗത്യത്തെ വളരെ സംവേദനക്ഷമമായി സമീപിക്കുകയും വരാനിരിക്കുന്ന സുപ്രധാന അവസരം പ്രയോജനപ്പെടുത്തുകയും വേണം.
സംവേദന ക്ഷമത വളർത്തുന്നതിന് ഇതിനേക്കാൾ പ്രധാനപ്പെട്ട ഒരു സന്ദർഭം മറ്റെന്താണ്? 1857-ലെ സ്വാതന്ത്ര്യസമരത്തിനു മുമ്പുതന്നെ നമ്മുടെ നാട്ടിലെ ഒരു ഗോത്ര യുവാവ് ബ്രിട്ടീഷുകാർക്കെതിരെ ഉറച്ചുനിന്നു. 20-22 വയസ്സുള്ളപ്പോൾ, അദ്ദേഹം അവരെ നിർഭയം വെല്ലുവിളിച്ചു. ഇന്ന് അദ്ദേഹം ഭഗവാൻ ബിർസ മുണ്ടയായി ആരാധിക്കപ്പെടുന്നു. ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികത്തോട് അടുക്കുമ്പോൾ, നമുക്ക് അദ്ദേഹത്തിന്റെ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാം. വളരെ താഴേക്കിടയിലുള്ള ഒരു വ്യക്തിക്ക് പോലും അഗാധമായ ദേശസ്നേഹം പ്രകടിപ്പിക്കാൻ കഴിയുമെന്ന് തെളിയിക്കുന്ന ഭഗവാൻ ബിർസ മുണ്ടയെക്കാൾ വലിയ പ്രചോദനം മറ്റാരാണ്? ഭഗവാൻ ബിർസ മുണ്ടയുടെ ജന്മവാർഷികം ആഘോഷിക്കുമ്പോൾ, സമൂഹത്തോടുള്ള നമ്മുടെ സംവേദനക്ഷമതയും അനുകമ്പയും കൂടുതൽ ആഴത്തിലാകട്ടെ. ദരിദ്രർ, ദലിതർ, പിന്നാക്കക്കാർ, ഗോത്ര ജനത എന്നിങ്ങനെ നമ്മുടെ സമുദായത്തിലെ ഓരോ അംഗത്തെയും ഉൾപ്പെടുത്താനും ഈ ലക്ഷ്യത്തിലേക്ക് ഒരുമിച്ച് മുന്നേറാനും നമുക്ക് പ്രതിജ്ഞാബദ്ധരാകാം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
നാം നിശ്ചയദാർഢ്യത്തോടെ മുന്നേറുകയും കാര്യമായ പുരോഗതി കൈവരിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഈ പുരോഗതിയെ അഭിനന്ദിക്കാൻ കഴിയാത്ത ചില വ്യക്തികളുണ്ടെന്നതും സത്യമാണ്. സ്വന്തം ക്ഷേമത്തിനപ്പുറം ചിന്തിക്കാൻ കഴിയാത്തവരും മറ്റുള്ളവരുടെ ക്ഷേമത്തിൽ ശ്രദ്ധിക്കാത്തവരുമുണ്ട്. വികലമായ ചിന്താഗതിയുള്ള അത്തരം വ്യക്തികൾ ആശങ്ക ഉളവാക്കുന്നു. നിരാശയിൽ മുങ്ങിയ ഇവരെ രാജ്യം ഒഴിവാക്കണം. അത്തരം ഒരു കൂട്ടം വ്യക്തികൾ, സ്വന്തം നിഷേധാത്മകത കൊണ്ട് ഇത്തരത്തിൽ വിഷാംശം പരത്തുമ്പോൾ, അത് അരാജകത്വത്തിലേക്കും നാശത്തിലേക്കും ഗുരുതരമായ തിരിച്ചടികളിലേക്കും നയിക്കുന്നു.അത് തിരുത്തുന്നതിന് വലിയ ശ്രമങ്ങൾ ആവശ്യമായി വരുന്നു. അശുഭാപ്തിയുടെ ഈ ഘടകങ്ങൾ കേവലം നിരാശാജനകർ മാത്രമല്ല; അവർ നാശത്തെക്കുറിച്ച് സ്വപ്നം കാണുകയും നമ്മുടെ കൂട്ടായ പുരോഗതിയെ തുരങ്കം വെക്കാൻ ശ്രമിക്കുന്ന നിഷേധാത്മക മനോഭാവം വളർത്തിയെടുക്കുകയും ചെയ്യുന്നു.ഈ ഭീഷണി രാജ്യം തിരിച്ചറിയണം. എന്നിരുന്നാലും, നമ്മുടെ സദുദ്ദേശ്യവും ധാർമികതയും രാജ്യത്തോടുള്ള അർപ്പണബോധവും കൊണ്ട് എതിർക്കുന്നവർക്ക് മേൽ നമുക്ക് വിജയിക്കാൻ ആവുമെന്ന് എന്റെ സഹ പൗരന്മാർക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിബദ്ധതയിൽ നിന്ന് നാം പിന്മാറില്ല. ഈ ദൃഢനിശ്ചയം ഉയർത്തിപ്പിടിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
സുഹൃത്തുക്കളെ,
വെല്ലുവിളികൾ അനവധിയാണ്, ആഭ്യന്തരവും ബാഹ്യവുമായവ. നാം കൂടുതൽ ശക്തരാകുകയും കൂടുതൽ ശ്രദ്ധ നേടുകയും ചെയ്യുമ്പോൾ ഈ വെല്ലുവിളികളും വർധിക്കുന്നു. പ്രത്യേകിച്ചും ബാഹ്യ വെല്ലുവിളികൾ കൂടാന്‍ സാധ്യതയുണ്ടെന്ന് എനിക്ക് നന്നായി അറിയാം. എന്നിരുന്നാലും, ഭാരതത്തിന്റെ വികസനം ആർക്കും ഭീഷണിയല്ലെന്ന് അത്തരം ശക്തികളെ അറിയിക്കാൻ ഞാനാഗ്രഹിക്കുന്നു. സമൃദ്ധിയിലായിരുന്ന മുന്‍കാലങ്ങളില്‍പോലും നാം ഒരിക്കലും ലോകത്തെ യുദ്ധങ്ങളിലേക്ക് തള്ളിവിട്ടില്ല. ബുദ്ധന്റെ നാടാണിത്; യുദ്ധം നമ്മുടെ വഴിയല്ല. അതുകൊണ്ട് ലോകം ആശങ്കപ്പെടേണ്ടതില്ല. ഭാരതം പുരോഗതിയിലേക്ക് നീങ്ങുമ്പോള്‍ ഭാരതത്തിന്റെ മൂല്യങ്ങളും ആയിരക്കണക്കിന് വർഷത്തെ ചരിത്രവും മനസ്സിലാക്കാൻ ഞാൻ ആഗോള സമൂഹത്തോട് അഭ്യർത്ഥിക്കുന്നു. നമ്മെ ഒരു ഭീഷണിയായി കാണരുത്. മനുഷ്യരാശിയുടെ ക്ഷേമത്തിന് സംഭാവന ചെയ്യാൻ കരുത്തുള്ള ഒരു നാടിന് പ്രതിസന്ധിയായേക്കാവുന്ന തന്ത്രങ്ങൾ അവലംബിക്കരുത്. എന്നാൽ, എത്ര വെല്ലുവിളികൾ നേരിട്ടാലും അവയെ നേരിടുകയെന്നത് ഭാരതത്തിന്റെ രീതിയാണെന്ന് എന്റെ സഹപൗരന്മാരോട് പറയാൻ ഞാനാഗ്രഹിക്കുന്നു. നാം പതറുകയോ തളരുകയോ നിര്‍ത്തുകയോ തലകുനിക്കുകയോ ചെയ്യില്ല. പ്രതിബദ്ധത നിറവേറ്റുന്നതിനും 140 കോടി പൗരന്മാരുടെ വിധിയുടെ പരിവര്‍ത്തനത്തിനും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനും രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുമായി സാധ്യമായതെല്ലാം നാം ചെയ്യും. എല്ലാ ദുരുദ്ദേശ്യങ്ങൾക്കും മേൽ നമ്മുടെ സദുദ്ദേശ്യം കൈമുതലാക്കി നാം വിജയിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
സാമൂഹ്യഘടനയിലെ മാറ്റങ്ങൾ ചിലപ്പോൾ ഗൗരവതരമായ വെല്ലുവിളികളിലേക്ക് നയിച്ചേക്കാം. അഴിമതിയുടെ ചിതലരിച്ച വ്യവസ്ഥിതി ഓരോ പൗരനെയും ബുദ്ധിമുട്ടിലാക്കിയിരിക്കുന്നു. എല്ലാ തലങ്ങളിലെയും അഴിമതി സാധാരണക്കാരന്റെ വ്യവസ്ഥിതിയിലുള്ള വിശ്വാസം തകർത്തു. ഒരാളുടെ കഴിവിനോടും സാമര്‍ത്ഥ്യത്തോടുമുള്ള അനീതി മൂലമുണ്ടാകുന്ന കോപം രാജ്യത്തിൻറെ പുരോഗതിയെ ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ടാണ് അഴിമതിക്കെതിരെ ഞാൻ വ്യാപകയുദ്ധത്തിന് തുടക്കമിട്ടത്. ഈ പോരാട്ടത്തിന് വിലകൊടുക്കേണ്ടി വരുമെന്ന് എനിക്കറിയാം; അതെൻറെ പ്രശസ്തി നഷ്ടപ്പെടുത്തിയേക്കാം. പക്ഷേ ഒരു പ്രശസ്തിയും രാഷ്‌ട്രത്തേക്കാൾ പ്രധാനമല്ല; എൻറെ ഒരു സ്വപ്നത്തിനും രാജ്യത്തിന്റെ സ്വപ്നങ്ങളേക്കാൾ വലുതാകാനും കഴിയില്ല. അതിനാൽ, അഴിമതിക്കെതിരായ എൻറെ പോരാട്ടം തികഞ്ഞ ആത്മാർത്ഥതയോടെയും വേഗത്തിലും തുടരുകയും അഴിമതിക്കാർക്കെതിരെ നടപടിയെടുക്കുകയും ചെയ്യും. അഴിമതിക്കാർക്കെതിരെ പേടിയുടെ അന്തരീക്ഷം സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അതുവഴി സാധാരണക്കാരെ കൊള്ളയടിക്കുന്ന പാരമ്പര്യം അവസാനിപ്പിക്കാം. എന്നിരുന്നാലും, ഏറ്റവും വലിയ പുതിയ വെല്ലുവിളി അഴിമതിക്കാരെ കൈകാര്യം ചെയ്യുന്നത് മാത്രമല്ല, ഉയർന്ന തലത്തിലുള്ള സാമൂഹ്യമാറ്റം കൂടിയാണ്. ഇത് സമൂഹത്തിന് വലിയ വെല്ലുവിളിയും കടുത്ത ആശങ്കയുമായി മാറിയിരിക്കുന്നു. നമുക്ക് മഹത്തായ ഒരു ഭരണഘടനയുണ്ട്. നമ്മുടെ രാജ്യത്തെ ചിലർ അഴിമതിയെ മഹത്വവൽക്കരിക്കുന്നുവെന്ന് ആർക്കെങ്കിലും സങ്കൽപ്പിക്കാനാകുമോ? അവർ അഴിമതി പരസ്യമായി ആഘോഷിക്കുന്നു. സമൂഹത്തിൽ ഇത്തരം വിത്തുപാകാനുള്ള ശ്രമവും അഴിമതിയുടെ മഹത്വവൽക്കരണവും അഴിമതിക്കാരുടെ സ്വീകാര്യത വർധിപ്പിക്കാനുള്ള നിരന്തര ശ്രമങ്ങളും ആരോഗ്യകരമായ സമൂഹത്തിന് വെല്ലുവിളിയേറിയതും അത്യന്തം ആശങ്കാജനകവുമായ വിഷയമായി മാറിയിരിക്കുന്നു. സമൂഹത്തിലെ അഴിമതിക്കാരിൽ നിന്ന് സ്വയം അകന്നുനിൽക്കുന്നതിലൂടെ, അഴിമതിക്കാര്‍ ആ വഴി തിരഞ്ഞെടുക്കാന്‍ പേടിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ നമുക്കാവും. എന്നിരുന്നാലും, അഴിമതി മഹത്വവൽക്കരിക്കപ്പെടുന്ന സാഹചര്യത്തില്‍, നിലവിൽ സത്യസന്ധരായവർ പോലും അത് അഭിമാനത്തിന്റെ അടയാളമായി കാണുകയും അത്തരം രീതികളിലേർപ്പെടുന്നത് സ്വീകാര്യമാണെന്ന് വിശ്വസിക്കുന്നതിലേക്ക് നയിക്കപ്പെടുകയും ചെയ്തേക്കാം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ബംഗ്ലാദേശിലെ സമീപകാല സംഭവങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഞാൻ മനസ്സിലാക്കുന്നു, പ്രത്യേകിച്ചും ഒരു അയൽരാജ്യമെന്ന നിലയിൽ നമ്മൾ തമ്മിലുള്ള സാമീപ്യം കണക്കിലെടുക്കുമ്പോൾ. അവിടെ സ്ഥിതിഗതികൾ ഉടൻ സാധാരണ നിലയിലാകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ സുരക്ഷയാണ് നമ്മുടെ 140 കോടി പൗരന്മാരുടെ പ്രഥമപരിഗണന. അയൽ രാജ്യങ്ങൾ സന്തുഷ്ടിയുടെയും സമാധാനത്തിന്റെയും പാത പിന്തുടരണമെന്നാണ് ഭാരതം എപ്പോഴും ആഗ്രഹിക്കുന്നത്. സമാധാനത്തോടുള്ള പ്രതിബദ്ധത നമ്മുടെ സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയതാണ്. നാം മാനവിക ക്ഷേമത്തിനായി സ്വയം സമര്‍പ്പിച്ചവരാണെന്നതിനാല്‍ വരുംനാളുകളില്‍ നമ്മുടെ നല്ല ചിന്തകൾ ബംഗ്ലാദേശിനെ അതിന്റെ വികസന യാത്രയിൽ അനുഗമിച്ചുകൊണ്ടേയിരിക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഭരണഘടനയുടെ 75-ാം വാർഷികം അടയാളപ്പെടുത്തുന്ന വേളയിൽ, നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും അതിന്റെ നിർണായക പങ്കിനെക്കുറിച്ച് ചിന്തിക്കേണ്ടത് ഏറെ പ്രധാനമാണ്. ഈ 75 വർഷത്തിനിടയിൽ, രാജ്യത്തെ ജനാധിപത്യം ശക്തിപ്പെടുത്തുന്നതിലും, ദളിതരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ചൂഷണത്തിനിരയായവരുടെയും സമൂഹത്തിലെ അവശത അനുഭവിക്കുന്ന വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ഭരണഘടന സുപ്രധാന പങ്കുവഹിച്ചു. ഇന്ത്യൻ ഭരണഘടനയുടെ 75 വർഷങ്ങള്‍ നാം ആഘോഷിക്കുമ്പോൾ ഭരണഘടന അനുശാസിക്കുന്ന കടമകളിൽ പൗരന്മാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് നിർണായകമാണ്. കടമയെക്കുറിച്ച് പറയുമ്പോള്‍ രാജ്യത്തെ പൗരന്മാരുടെ മേൽ മാത്രം ഭാരം അടിച്ചേല്‍പ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഈ ഉത്തരവാദിത്തം പൗരന്മാർക്കപ്പുറം കേന്ദ്ര സര്‍ക്കാറിനും അതിന്റെ ജീവനക്കാര്‍ക്കും, സംസ്ഥാന സര്‍ക്കാറുകള്‍ക്കും അതിന്റെ ജീവനക്കാര്‍ക്കും, ഒപ്പം പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍, മുനിസിപ്പൽ കോർപ്പറേഷനുകള്‍, താലൂക്ക്, ജില്ലകള്‍ തുടങ്ങി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ബാധകമാണ്. എന്നിരുന്നാലും, 140 കോടി പൗരന്മാരും തങ്ങളുടെ കടമകൾ തിരിച്ചറിയേണ്ടത് അനിവാര്യമാണ്. നാം നമ്മുടെ ഉത്തരവാദിത്തങ്ങൾ കൂട്ടായി നിറവേറ്റുമ്പോൾ സ്വാഭാവികമായും നാം പരസ്പരം അവകാശ സംരക്ഷകരായി മാറുന്നു. നമ്മുടെ കടമകൾ നിറവേറ്റുന്നതിലൂടെ അധിക പരിശ്രമമില്ലാതെ തന്നെ നാം ഈ അവകാശങ്ങൾ അന്തർലീനമായി സംരക്ഷിക്കുന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, നമ്മുടെ കൂട്ടായ ശക്തി വർധിപ്പിക്കുകയും, പുതിയ ഊര്‍ജത്തോടെ നമ്മെ മുന്നോട്ട് നയിക്കുകയും ചെയ്യുന്ന ഈ ചിന്താഗതിയെ എല്ലാവരും സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
നമ്മുടെ രാജ്യത്ത് ഏകീകൃത സിവിൽ കോഡിന്റെ പ്രശ്നം സുപ്രീം കോടതി ആവർത്തിച്ച് അഭിസംബോധന ചെയ്തിട്ടുണ്ട്. നിലവിലെ സിവിൽ കോഡ് വിവേചനപരവും സാമുദായിക സിവിൽ കോഡുമായി സാമ്യമുള്ളതുമാണെന്ന രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു വിഭാഗം പേരുടെയും ചിന്തയെ പ്രതിഫലിപ്പിക്കുന്ന നിരവധി ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. ഭരണഘടനയുടെ 75 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ ഈ മാറ്റത്തിനായി സുപ്രീം കോടതി വാദിക്കുന്നതുപോലെ ഈ വിഷയത്തിൽ നാം വിപുലമായ ചർച്ചകൾ നടത്തേണ്ടതുണ്ട്. നമ്മുടെ ഭരണഘടനാ ശില്പികളുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. വ്യത്യസ്തമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും നാം സ്വാഗതം ചെയ്യണം. രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കുകയും വിവേചനം വളർത്തുകയും ചെയ്യുന്ന നിയമങ്ങൾക്ക് ആധുനിക സമൂഹത്തിൽ സ്ഥാനമില്ല. അതുകൊണ്ട്, രാജ്യം മതേതര സിവിൽ കോഡ് ആവശ്യപ്പെടേണ്ട സമയമാണിതെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. 75 വർഷത്തെ സാമുദായിക സിവിൽ കോഡിന് ശേഷം, ഒരു മതേതര സിവിൽ കോഡിലേക്ക് നീങ്ങുന്നത് നിർണായകമാണ്. ഈ മാറ്റത്തിന്റെ സാക്ഷാത്ക്കാരം മതപരമായ വിവേചനം ഇല്ലാതാക്കുകയും സാധാരണ പൗരന്മാർക്ക് സമൂഹത്തില്‍ അനുഭവപ്പെടുന്ന വിടവ് നികത്തുകയും ചെയ്യും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
രാജ്യത്ത് വംശീയ രാഷ്‌ട്രീയത്തെയും ജാതീയതയെയും കുറിച്ച് ഞാൻ സംസാരിക്കുമ്പോഴെല്ലാം അവ ഭാരതത്തിന്റെ ജനാധിപത്യത്തിന് കാര്യമായ ദോഷം വരുത്തുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. രാജ്യത്തെയും രാഷ്‌ട്രീയത്തെയും, വംശീയ രാഷ്‌ട്രീയത്തിൽ നിന്നും ജാതീയതയിൽ നിന്നും മോചിപ്പിക്കേണ്ടതുണ്ട്. ഇന്ന് എന്റെ മുന്നിലിരിക്കുന്ന ചെറുപ്പക്കാർ “മൈ ഭാരത്” സംരംഭത്തിന്റെ ഭാഗമായതായി കാണുന്നു. അത് വളരെ നന്നായി രേഖപ്പെടുത്തിയിരിക്കുന്നു. “മൈ ഭാരത്” സംരംഭത്തിന് നിരവധി ദൗത്യങ്ങളുണ്ട്. ഒരു ലക്ഷം യുവാക്കളെ രാഷ്‌ട്രീയ ജീവിതത്തിലേക്ക് ജനപ്രതിനിധികളാക്കി എത്രയും വേഗം കൊണ്ടുവരിക എന്നതാണ് ഈ ദൗത്യങ്ങളിലൊന്ന്. രാഷ്‌ട്രീയ പശ്ചാത്തലം ഇല്ലാത്ത കുടുംബങ്ങളിലെ ഒരു ലക്ഷം യുവാക്കളെയാണ് ആദ്യഘട്ടത്തില്‍ മുന്നോട്ടുകൊണ്ടുവരാനാഗ്രഹിക്കുന്നത് – മാതാപിതാക്കളോ സഹോദരങ്ങളോ അമ്മാവന്മാരോ അമ്മായിമാരോ ഒരു തലമുറയിലും രാഷ്‌ട്രീയത്തിൽ ഇടപെട്ടിട്ടില്ലാത്തവർ. പഞ്ചായത്തിലോ മുനിസിപ്പൽ കോർപ്പറേഷനുകളിലോ ജില്ലാ കൗൺസിലുകളിലോ സംസ്ഥാന നിയമസഭകളിലോ ലോക്‌സഭയിലോ ആവട്ടെ, ഒരു ലക്ഷം പ്രതിഭാധനരായ യുവാക്കളെയാണ് നമുക്കാവശ്യം. കുടുംബങ്ങളിൽ രാഷ്‌ട്രീയ ചരിത്രമില്ലാത്ത പുതിയ യുവാക്കൾ രാഷ്‌ട്രീയത്തിൽ വരുന്നതോടെ ജാതീയതയിൽ നിന്നും വംശീയ രാഷ്‌ട്രീയത്തിൽ നിന്നും മോചിതരാകാനും അതുവഴി ജനാധിപത്യത്തെ സമ്പന്നമാക്കാനും നമുക്കാവും. അവർ ഒരു പ്രത്യേക പാർട്ടിയിൽ ചേരണമെന്നില്ല; അവർക്ക് ഇഷ്ടമുള്ള പാർട്ടിയിൽ ചേരുകയും പ്രതിനിധിയാകുകയും വേണം. രാഷ്‌ട്രീയത്തിൽ നിന്നകന്ന കുടുംബങ്ങളുള്ള ഒരു ലക്ഷം യുവാക്കൾ സമീപഭാവിയിൽ ഈ സംവിധാനത്തിലേക്ക് കടന്നുവന്നാൽ അത് ജനാധിപത്യത്തെ സമ്പന്നമാക്കുന്നതിനൊപ്പം പുതിയ ചിന്തകളിലേക്കും പുതിയ കഴിവുകളിലേക്കും നമ്മെ നയിക്കുമെന്ന് രാജ്യം തിരിച്ചറിയണം. അതിനാൽ, നാം ഈ ദിശയിലേക്ക് നീങ്ങേണ്ടതുണ്ട്. ഇടയ്‌ക്കിടെയുള്ള തെരഞ്ഞെടുപ്പുകൾ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുകയും രാജ്യത്തിൻറെ പുരോഗതിക്ക് തടസ്സമായി മാറുകയും ചെയ്യുന്നുവെന്ന് പറയാനും ഞാനാഗ്രഹിക്കുന്നു. ഇന്ന് മൂന്ന് മാസമോ ആറുമാസമോ കൂടുമ്പോൾ രാജ്യത്ത് എവിടെയെങ്കിലും തിരഞ്ഞെടുപ്പ് നടക്കുന്നുവെന്നതിനാല്‍ ഏത് പദ്ധതിയെയും തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് എളുപ്പമായി മാറിയിരിക്കുന്നു. ഏതൊരു പദ്ധതി പ്രഖ്യാപിക്കുമ്പോഴും അത് തെരഞ്ഞെടുപ്പുമായി ബന്ധിപ്പിച്ചാണ് മാധ്യമങ്ങളിൽ കാണാനാവുന്നത്. എല്ലാ പദ്ധതികൾക്കും തെരഞ്ഞെടുപ്പിന്റെ നിറം നല്‍കുന്നു. ഇതുവഴി രാജ്യത്ത് വ്യാപകമായ ചർച്ചകൾ നടക്കുന്നു. എല്ലാ രാഷ്‌ട്രീയ പാർട്ടികളും അതില്‍ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരിക്കും. ഒരു സമിതി വളരെ നല്ലൊരു റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” എന്ന ആശയം ഉൾക്കൊള്ളാൻ രാജ്യം മുന്നോട്ട് വരേണ്ടതുണ്ട്. ഭാരതത്തിന്റെ പുരോഗതിക്കായി “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനും സാധാരണക്കാര്‍ക്ക് രാജ്യത്തെ വിഭവങ്ങളുടെ പരമാവധി വിനിയോഗം ഉറപ്പാക്കാനും മുന്നോട്ട് വരണമെന്ന് എല്ലാ രാഷ്‌ട്രീയ പാർട്ടികളോടും രാജ്യത്തിന്റെ ഭരണഘടന മനസ്സിലാക്കുന്നവരോടും ത്രിവർണ പതാക സാക്ഷിയായി ഈ ചുവപ്പ് കോട്ടയുടെ പശ്ചാത്തലത്തില്‍ ഞാൻ അഭ്യർത്ഥിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഇത് ഭാരതത്തിൻറെ സുവർണ കാലഘട്ടമാണ്. 2047ല്‍ വികസിത ഭാരതം നമ്മെ കാത്തിരിക്കുന്നു. പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് ഉറച്ച തീരുമാനത്തോടെ മുന്നേറാൻ ഈ രാജ്യം പ്രതിജ്ഞാബദ്ധമാണ്. സുഹൃത്തുക്കളേ, എന്റെ ചിന്തകളിൽ ഒരു നിസംഗതയുമില്ലെന്ന് എനിക്കുറപ്പുണ്ട്. എൻറെ സ്വപ്നങ്ങൾക്ക് മുന്നിൽ മറയുമില്ല. 140 കോടി ജനങ്ങളുടെ സിരകളിൽ നമ്മുടെ പൂർവികരുടെ രക്തമുണ്ടെന്ന് ഞാന്‍ വ്യക്തമായി തിരിച്ചറിയുന്നു. ആ 40 കോടി ജനങ്ങൾക്ക് സ്വാതന്ത്ര്യത്തിന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനാവുമെങ്കില്‍, 140 കോടി പൗരന്മാർക്കും സമൃദ്ധമായ ഭാരതമെന്ന സ്വപ്നവും യാഥാര്‍ത്ഥ്യമാക്കാനാവും. 140 കോടി പൗരന്മാർക്ക് വികസിത ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കാനാകും. ഞാൻ നേരത്തെ പറഞ്ഞതുപോലെ, എൻറെ മൂന്നാം ഭരണകാലയളവില്‍ രാജ്യം മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും. രാജ്യത്തിനായി നാം കാണുന്ന സ്വപ്നങ്ങള്‍ വേഗം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഞാൻ മൂന്ന് മടങ്ങ് വേഗത്തിലും വ്യാപ്തിയിലും മൂന്ന് മടങ്ങ് കഠിനാധ്വാനം ചെയ്യും. എൻറെ ഓരോ നിമിഷവും രാജ്യത്തിന് വേണ്ടിയാണ്; ഓരോ സെക്കന്റും രാജ്യത്തിനായി സമർപ്പിക്കുന്നു; എൻറെ അസ്തിത്വത്തിൻറെ ഓരോ അംശവും ഭാരതാംബയ്‌ക്ക് വേണ്ടിയാണ്. അതിനാൽ, എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കാനുള്ള പ്രതിബദ്ധതയോടെയും, 2047-ഓടെ വികസിത ഭാരതമെന്ന കാഴ്ചപ്പാടോടെയും ഞാൻ എൻറെ സഹപൗരന്മാരോട് ആഹ്വാനം ചെയ്യുന്നു: നമുക്ക് നമ്മുടെ പൂർവികരുടെ സ്വപ്നങ്ങളെ ദൃഢനിശ്ചയമാക്കിയെടുത്ത്, നമ്മുടെ സ്വപ്നങ്ങളെ അവരുമായി കൂട്ടിച്ചേര്‍ത്ത് പരിശ്രമിക്കാം. ഭാരതത്തിന്റെ നൂറ്റാണ്ടാകാൻ വിധിക്കപ്പെട്ട 21-ാം നൂറ്റാണ്ടില്‍ രാജ്യം സുവർണ്ണ ഭാരതമായി മാറുമെന്ന് ഉറപ്പിക്കാനും ഈ നൂറ്റാണ്ടിൽ ‘വികസിത ഭാരത’മെന്ന സ്വപ്നം പൂർത്തീകരിക്കുന്നതിലേക്ക് മുന്നേറാനും നമുക്ക് നമ്മുടെ അഭിലാഷങ്ങളെയും പരിശ്രമങ്ങളെയും ഒരുമിപ്പിക്കാം. 75 വർഷത്തെ പ്രയാണത്തിന് ശേഷം സ്വതന്ത്ര ഭാരതം പുതിയ നാഴികക്കല്ലുകളിലെത്തുമ്പോൾ, നമുക്ക് സാധ്യമായതെല്ലാം ചെയ്യാം. നിങ്ങൾ എന്നിലേല്പിച്ച ഉത്തരവാദിത്തത്തിൻറെ പിന്‍ബലത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. കഠിനാധ്വാനത്തിൽ നിന്ന് ഞാൻ ഒരിക്കലും പിന്മാറുകയില്ല. ധീരതയില്‍നിന്ന് ഞാൻ ഒരിക്കലും പിന്തിരിയുകയില്ല; വെല്ലുവിളികളെ നേരിടാൻ എനിക്ക് ഭയമില്ല. എന്തുകൊണ്ടാണത്? കാരണം ഞാൻ നിങ്ങൾക്കായാണ് ജീവിക്കുന്നത്; ഞാൻ നിങ്ങളുടെ ഭാവിക്ക് വേണ്ടി ജീവിക്കുന്നു, ഭാരതാംബയുടെ ശോഭനമായ ഭാവിക്ക് വേണ്ടിയാണ് എന്റെ ജീവിതം. ദേശീയ പതാകയുടെ നിഴലിൽ, ത്രിവർണ്ണ പതാകയുടെ നിഴലിൽ ആ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനുള്ള ഉറച്ച തീരുമാനത്തോടെ നമുക്ക് മുന്നേറാം.
എനിക്കൊപ്പം ഉറക്കെപ്പറയൂ,
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
വന്ദേ മാതരം!
വന്ദേ മാതരം!
വന്ദേ മാതരം!
വന്ദേ മാതരം!
ജയ് ഹിന്ദ്!
ജയ് ഹിന്ദ്!
ജയ് ഹിന്ദ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: