മുംബൈ: ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയുടെ ഭാഗമാകാന്‍ ജപ്പാന്‍ ബാങ്കിന്റെ ശ്രമം. ജപ്പാനിലെ ബാങ്കായ സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോർപ്പറേഷൻ (എസ്എംബിസി) ആണ് ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ യെസ് ബാങ്കിനെ വാങ്ങാന്‍ ശ്രമിക്കുന്നത്.
യെസ് ബാങ്കിലെ 51 ശതമാനം ഓഹരികൾ 42,000 കോടി രൂപയ്‌ക്കാണ് എസ്എംബിസി വാങ്ങുമെന്നാണ് ബാങ്കിംഗ് മേഖലയിലെ അഭ്യൂഹങ്ങള്‍. അങ്ങിനെയെങ്കില്‍ യെസ് ബാങ്കിന്റെ നിയന്ത്രണം സ്വന്തമാക്കാനാകും. ജാപ്പനീസ് ബാങ്കിന്റെ ഗ്ലോബൽ സിഇഒ അക്കിഹിറോ ഫുകുടോമി വൈകാതെ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അക്കിഹിറോ ഫുകുടോമിയുടെ ഇന്ത്യാ സന്ദർശന വേളയിൽ റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥർക്ക് പുറമേ എസ്ബിഐ അധികൃതരുമായും ചർച്ച നടത്തുമെന്നറിയുന്നു. ജപ്പാനിലെ രണ്ടാമത്തെ വലിയ ബാങ്കായ സുമിറ്റോമോ മിറ്റ്സുയി ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് എസ്എംബിസി.
ഇന്ത്യയിലേക്ക് ലോകമെമ്പാടുമുള്ള കോര്‍പറേറ്റുകള്‍ തള്ളിക്കയറാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ജപ്പാന്‍ ബാങ്കായ എസ് എംബിസിയും ഇന്ത്യയില്‍ എത്താന്‍ ശ്രമിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ് ബിഐ) കൈവശം യെസ് ബാങ്കിന്റെ 23.99 ശതമാനം ഓഹരികള്‍ ഉണ്ട്. ഇത് വിറ്റഴിക്കാന്‍ എസ് ബിഐ തീരുമാനിച്ചു കഴിഞ്ഞു. ഇത് കൈക്കലാക്കാന്‍ എസ് എംബിസി ശ്രമിക്കും. ബാക്കി മറ്റുള്ള ഓഹരിയുടമകളില്‍ നിന്നും സ്വന്തമാക്കാനാണ് ശ്രമം. 2020ലാണ് യെസ് ബാങ്കിനെ സാമ്പത്തിക നഷ്ടത്തിൽ നിന്ന് കരകയറ്റാന്‍ എസ്ബിഐ യെസ് ബാങ്കിന്റെ 49 ശതമാനം ഓഹരികൾ വാങ്ങിയത് അതിനുശേഷം എസ്ബിഐ കുറച്ച് ഓഹരികൾ വിറ്റു, യെസ് ബാങ്കിൽ എസ്ബിഐക്ക് 23.99 ശതമാനം ഓഹരിയാണ് ബാക്കിയുള്ളത് . ഈ ഓഹരികളുടെ മൂല്യം 18,000 കോടി രൂപയിലധികം വരും. നേരത്തെ യെസ് ബാങ്കിന്റെ ഓഹരികൾ വിൽക്കാൻ എസ്ബിഐക്ക് റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. യെസ് ബാങ്കിന്റെ നിലവിലെ വിപണി മൂല്യം 76,531 കോടി രൂപയാണ്.
മറ്റ് നിരവധി അന്താരാഷ്‌ട്ര കമ്പനികളും യെസ് ബാങ്കിന്റെ ഓഹരികൾ വാങ്ങാനുള്ള പന്തയത്തിലുണ്ട്. എസ്എംബിസിക്ക് പുറമേ ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എൻബിഡിയും യെസ് ബാങ്കിനെ ഏറ്റെടുക്കാനുള്ള നീക്കത്തിലാണ്. യെസ് ബാങ്കിൽ എസ്ബിഐക്ക് പുറമേ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ മറ്റ് 11 ബാങ്കുകൾക്ക് 9.74 ശതമാനം ഓഹരിയുണ്ട്.
കോണ്‍ഗ്രസ് ഭരണകാലത്ത് യെസ് ബാങ്കിന്റെ തകര്‍ച്ച തുടങ്ങി
കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ച 2004 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തിലാണ് ഇന്ത്യയിലെ പല ബാങ്കുകള്‍ക്കും തകര്‍ച്ചയുണ്ടായത്. കോണ്‍ഗ്രസ് നേതാക്കളുടെ ഇഷ്ടക്കാരായ വമ്പന്‍ കോര്‍പറേറ്റുകള്‍ക്ക് നിയമം കൈവിട്ട് പല ബാങ്കുകളേക്കൊണ്ടും ഭീമന്‍ വായ്‌പ വിതരണം ചെയ്യിപ്പിക്കുകയായിരുന്നു. ഇവ പിന്നീട് പല ബാങ്കുകളുടെയും കിട്ടാക്കടമായി മാറി. അക്കൂട്ടത്തില്‍ പെട്ട ഒരു ബാങ്കാണ് യെസ് ബാങ്ക്. ഈയിടെ നിര്‍മ്മല സീതാരാമനും യെസ് ബാങ്കിന്റെ തകര്‍ച്ചയ്‌ക്ക് കാരണം കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന് തുറന്നടിച്ചിരുന്നു. പ്രതിസന്ധിയിലായ പല കോര്‍പറേറ്റുകള്‍ക്കും ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും വായ്‌പകള്‍ തരപ്പെടുത്തിക്കൊടുക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും. അനില്‍ അംബാനി ഗ്രൂപ്പ്, ഡിഎച്ച് എഫ് എല്‍, ഐഎല്‍ ആന്‍റ് എഫ് എസ്, വോഡഫോണ്‍ തുടങ്ങിയ പ്രതിസന്ധിയിലായ പല കമ്പനികള്‍ക്കും കോണ്‍ഗ്രസ് സര്‍ക്കാര്‍ വായ്‌പ യെസ് ബാങ്കില്‍ നിന്നും മറ്റുമായി തരപ്പെടുത്തിക്കൊടുത്തിട്ടുണ്ടെന്ന് നിര്‍മ്മല സീതാരാമന്‍ പറയുന്നു. അവരാണ് ഇപ്പോള്‍ അദാനി, അംബാനി എന്ന നിലവിളിക്കുന്നതെന്നും നിര്‍മ്മല സീതാരാമന്‍ കുറ്റപ്പെടുത്തുന്നു.
2019 ഏപ്രിലിനും സെപ്റ്റംബറിനുമിടയിൽ യെസ് ബാങ്കിന്റെ മൊത്തം കിട്ടാക്കടം ഇരട്ടിയായി വർധിച്ച് 17,134 കോടി രൂപയായി. പ്രതിസന്ധി രൂക്ഷമായതോടെ ആർബിഐ 2020ൽ ബാങ്കിനെ ഏറ്റെടുക്കുകയായിരുന്നു. യെസ് ബാങ്കിനെ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എസ് ബിഐയും മറ്റ് ബാങ്കുകളും യെസ് ബാങ്കിന്റെ ഓഹരികള്‍ വാങ്ങാന്‍ നിര്‍ബന്ധിതരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: