പത്തനംതിട്ട: പിടിഎ യോഗത്തിനിടെ മര്‍ദ്ദനമേറ്റ് സ്‌കൂളിലെ പ്രധാന അധ്യാപികയ്‌ക്ക് പരിക്ക്. യോഗത്തിനിടെ എത്തിയ യുവാവാണ് അധ്യാപികയെ മര്‍ദ്ദിച്ചത്.
പത്തനംതിട്ട കോഴികുന്നം കെ എച്ച് എം എല്‍ പി സ്‌കൂളിലെ പ്രധാന അധ്യാപിക ഗീതാ രാജുവിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കോഴികുന്നം സ്വദേശി വിഷ്ണു എസ് നായരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം വൈകിട്ട് 3.30 ഓടെയാണ് സംഭവം. പിടിഎ യോഗം അവസാനഘട്ടത്തിലേക്ക് കടക്കവെയാണ് കോഴിക്കുന്ന് സ്വദേശി വിഷ്ണു എസ് നായര്‍ അസഭ്യവര്‍ഷത്തോടെ സ്‌കൂളിന് അകത്തേക്ക് എത്തിയത്. ഇത് തടയാന്‍ ശ്രമിച്ച ഗീതാ രാജുവിനെ ആക്രമിക്കുകയായിരുന്നു.
ആക്രമണം തടയാന്‍ ശ്രമിച്ച ഗീത രാജുവിന്റെ ഭര്‍ത്താവിനും മര്‍ദനമേറ്റെന്ന് പരാതിയുണ്ട്. അസഭ്യവര്‍ഷവുമായി ഏറെനേരം സ്‌കൂളിനടുത്ത് തന്നെ നിലകൊണ്ട യുവാവിനെ പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നേരത്തെയും ഇയാള്‍ സ്‌കൂളില്‍ വന്ന് ബഹളം ഉണ്ടാക്കിയിട്ടുണ്ടെന്ന് അധ്യാപകരും ജീവനക്കാരും പറയുന്നു. ആക്രമണ കാരണം എന്താണ് എന്നത് വ്യക്തമല്ല .















