തൃശ്ശൂര്‍: ഭാരതീയ ഗണിത മേഖലയില്‍ പഠനഗവേഷണത്തിനായി ഇരിങ്ങാലക്കുട മാധവ ഗണിത കേന്ദ്രവും കേന്ദ്രീയ സംസ്കൃത സര്‍വകലാശാലയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ദല്‍ഹി സര്‍വകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വിസി പ്രൊഫ. വി. ശ്രീനിവാസ, ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സെക്രട്ടറി അതുല്‍ കൊഠാരി, മാധവ ഗണിത കേന്ദ്രം രക്ഷാധികാരി പ്രൊഫ. വി.പി.എന്‍. നമ്പൂതിരി, ഡയറക്ടര്‍ എ. വിനോദ്, സര്‍വകലാശാല തൃശൂര്‍ കേന്ദ്രം ഡയറക്ടര്‍ പ്രൊഫ. കെ.കെ. ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ഒപ്പുവച്ചത്. അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റി സെക്രട്ടറി ജനറല്‍ പ്രൊഫ. പങ്കജ് മിത്തല്‍ മുഖ്യാതിഥിയായി.
ഭാരതീയ ജ്ഞാന പരമ്പരയുടെ മൂലസ്രോതസ് സംസ്കൃതത്തില്‍ ആണെന്നും അതുകൊണ്ട് വിവിധ രംഗങ്ങളില്‍ ഉള്ള ഭാരതത്തിന്റെ ജ്ഞാന പാരമ്പര്യത്തെ ആധുനിക വിജ്ഞാനവുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസും സര്‍വകലാശാലയും ഭാരതീയ ഗണിത ഗവേഷണത്തിനായി കൈകോര്‍ക്കുന്നതെന്നും വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്ത വിഷയങ്ങളിലുള്ള ഭാരതീയ ജ്ഞാന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും വൈസ് ചാന്‍സലര്‍ പ്രൊഫ. ശ്രീനിവാസ പറഞ്ഞു.
അടുത്ത അക്കാദമിക വര്‍ഷത്തില്‍ വേദഗണിതം, കേരളീയ ഗണിത പൈതൃകം, ഭാരതീയ ഗണിതത്തിലെ സുവര്‍ണ അധ്യായം തുടങ്ങിയ വിവിധ കോഴ്സുകള്‍ സംസ്കൃത സര്‍വ്വകലാശാല ആരംഭിക്കും. സര്‍വകലാശാലയുടെ വിവിധ കോഴ്സുകളുടെ ഭാഗമായും മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര വിദ്യാഭ്യാസം വഴിയും ഈ കോഴ്സുകള്‍ ലഭ്യമാകും. അതിനായി ഭാരതത്തിലെ പ്രമുഖ ഭാരതീയ ഗണിത പണ്ഡിതന്മാരുടെ സമ്മേളനം നടത്താനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: