കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ ഒന്നാം പ്രതി രാഹുല്‍ പി. ഗോപാലിനോടും പരാതിക്കാരിയായ ഭാര്യയോടും അടുത്ത ആഴ്ച്ച കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ (കെല്‍സ) കൗണ്‍സലിങ്ങിന് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഉള്‍പ്പെടെ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഈ നിര്‍ദേശം നല്‍കിയത്. ഇവര്‍ക്കായി കൗണ്‍സലിങ് സെഷന് ക്രമീകരിക്കാനും മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കെല്‍സ മെമ്പര്‍ സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. രാഹുലിനോടും ഭാര്യയോടും അന്നേ ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ ഹര്‍ജിക്കാര്‍ക്കെതിരെയുള്ള നിര്‍ബന്ധിത നടപടികളും ഹൈക്കോടതി തടഞ്ഞു. ഹര്‍ജി ഓഗസ്റ്റ് 21 ന് പരിഗണിക്കും.
വിവാഹം കഴിഞ്ഞ് 7 ദിവസത്തിന് ശേഷം മെയ് 12 ന് രാഹുല്‍ കേബിള്‍ വയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിക്കാരിയുടെ ആരോപണത്തെ തുടര്‍ന്നാണ് കേസ്. തുടര്‍ന്ന് പന്തീരാങ്കാവ് പോലീസ് രാഹുലിനും അമ്മ ഉഷ, സഹോദരി കാര്‍ത്തിക, സുഹൃത്ത് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാജേഷ് ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ക്കും കുട്ടുകാരനുമെതിരെ ഗാര്‍ഹിക പീഡനം, കൊലപാതകശ്രമം, അപകടകരമായ ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. ഇതിനിടെ രാഹുല്‍ വിദേശത്തേക്ക് രക്ഷപ്പെട്ടു.
ഈ സാഹചര്യത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശിച്ച പ്രകാരം രാഹുലും ഭാര്യയും നേരിട്ട് ഹാജരായി. ഹൈക്കോടതി അവരുമായി ആശയവിനിമയം നടത്തി.
ദാമ്പത്യ ജീവിതത്തില്‍ സാധാരണമായ ഗാര്‍ഹിക സംഭവങ്ങളില്‍ നിന്നാണ് കേസുണ്ടായതെന്നും ഇപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ ഉറപ്പിച്ചു. അതേസമയം ഇവര്‍ വീണ്ടും ചേരുന്നതിനെ പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തില്ലെങ്കിലും, പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തശേഷം രാഹുല്‍ ഒളിവില്‍ പോയതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെങ്കിലും, അനുരഞ്ജനത്തിന് തീരുമാനിച്ച ഭാര്യാഭര്ത്താക്കന്മാരെ തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഒത്തുതീര്‍പ്പിനെ പിന്തുണക്കുന്ന ഇരയുടെ മൊഴി സമ്മര്‍ദത്തിന് കീഴില്‍ നല്കിയതാകാമെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ച്, കക്ഷികള്‍ കെല്‍സ വഴി കൗണ്‍സലിങ്ങിന് വിധേയരാകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ‘ഇപ്പോള്‍, പല വിവാഹങ്ങളും തകരുന്നു, ഗണ്യമായ എണ്ണം വിവാഹമോചനം നേടുന്നു. ഇതാണ് നിലവിലുള്ള സാമൂഹിക സാഹചര്യം. ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടാകാം, പക്ഷേ ആത്യന്തികമായി, ദമ്പതികള്‍ അനുരഞ്ജനത്തിനും ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചേക്കാം. അവരുടെ സമാധാനപരമായ ഐക്യത്തിന് കോടതിയും പ്രോസിക്യൂഷനും എന്തിന് തടസം നില്‍ക്കണം? പൊതുവെ സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഇത്തരം സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളണം,’ ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: