Kerala

കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കര്‍ഷകോത്തമ അവാര്‍ഡ് രവീന്ദ്രന്‍ നായര്‍ക്കും കര്‍ഷക തിലകം അവാര്‍ഡ് ബിന്ദുവിനും

Published by

തിരുവനന്തപുരം: സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2023 ലെ സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡിന് ഇടുക്കി വണ്ടന്‍മേട് ചെമ്പകശ്ശേരില്‍ സി ഡി രവീന്ദ്രന്‍ നായരും കര്‍ഷകതിലകം അവാര്‍ഡിന് കണ്ണൂര്‍ പട്ടുവം സ്വദേശി ബിന്ദു കെയും അര്‍ഹരായി. ഈ വര്‍ഷം പുതുതായി ഏര്‍പ്പെടുത്തിയ സി. അച്യുതമേനോന്‍ അവാര്‍ഡിന് വൈക്കം ബ്ലോക്ക് പഞ്ചായത്തും എംഎസ് സ്വാമിനാഥന്‍ അവാര്‍ഡിന് ഡോ. എ ലതയും കൃഷി ഭവനുകള്‍ക്കുള്ള അവാര്‍ഡിന് പുതൂര്‍ കൃഷി ഭവനും ട്രാന്‍സ് ജന്‍ഡര്‍ അവാര്‍ഡിന് ശ്രാവന്തിക എസ് പിയും അര്‍ഹരായി. വി.വി. രാഘവന്‍ സ്മാരക അവാര്‍ഡിന് കൃഷി ഭവന്‍ മീനങ്ങാടിയും പത്മശ്രീ കെ വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡിന് മാതകോട് നെല്ലുല്‍പാദക പാടശേഖര സമിതിയും അര്‍ഹരായി.
ജൈവകൃഷി നടത്തുന്ന ആദിവാസി ക്ലസ്റ്ററിനുള്ള അവാര്‍ഡില്‍ ചേകോടി ഊര് ഒന്നാം സ്ഥാനവും മേമാരി ഊര് രണ്ടാംസ്ഥാനവും നേടി. കേര കേസരി അവാര്‍ഡിന് മലപ്പുറം താനാളൂര്‍ സ്വദേശി സുഷമ പി ടിയും പൈതൃക കൃഷി നടത്തുന്ന ആദിവാസി ഊരിനും വ്യക്തിക്കുമുള്ള അവാര്‍ഡിന് വയനാട് നെല്ലാറ പട്ടികവര്‍ഗ കര്‍ഷക സംഘവും ജൈവകര്‍ഷക അവാര്‍ഡിന് കോട്ടയം മരങ്ങാട്ടുപള്ളി രശ്മി മാത്യുവും യുവകര്‍ഷക അവാര്‍ഡിന് പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ ഹരിവരതരാജ് ജിയും ഹരിതമിത്ര അവാര്‍ഡിന് ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി സുജിത്ത് എസ് പിയും ഹൈടെക് കര്‍ഷകനുള്ള അവാര്‍ഡിന് തിരുവനന്തപുരം സ്വദേശി തന്‍വീര്‍ അഹമ്മദ് ജെയും അര്‍ഹരായി. ചിങ്ങം ഒന്ന് ആഗസ്റ്റ് 17 ന് ശനിയാഴ്ച വൈകിട്ട് 3 ന് ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന കര്‍ഷക ദിനാഘോഷം ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by