തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള വാഹനസോഫ്ട്വെയര് നിര്‍മാതാക്കളായ ആക്സിയ ടെക്നോളജീസിന് കൂടുതല്‍ വിശാലമായ ആസ്ഥാനകേന്ദ്രം ടെക്നോപാര്‍ക്കില്‍ ഒരുങ്ങുന്നു. ഫേസ് 3യിലെ എംബസി ടോറസ് ടെക് സോണില്‍ സ്ഥിതി ചെയ്യുന്ന പുതിയ കേന്ദ്രത്തില്‍ ഗവേഷണത്തിനും വികസനത്തിനുമുള്ള സൗകര്യങ്ങളുമുണ്ട്.
ഈ മാസം 22ന് രാവിലെ 10:30ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി പി. രാജീവ് പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രന് എം എല്‍ എ അധ്യക്ഷനാകും. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് , ഐടി സെക്രട്ടറി രത്തന്‍ യു. കേള്‍കര്‍ , ബിഎംഡബ്ള്യു ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന, ആക്സിയയുടെ നയതന്ത്ര ഉപദേഷ്ടാവായ സ്റ്റെഫാന്‍ ജുറാഷെക്ക് , ടെക്നോപാര്‍ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍, കെ.എസ്.യു.എം സിഇഒ അനൂപ് അംബിക, ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ് ഇന്ത്യ എംഡിയും സിഇഒയുമായ അജയ് പ്രസാദ് തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലോടുന്ന വാഹനങ്ങളിലെ ഡിജിറ്റല്‍ കോക്ക്പിറ്റുകളും ഡിസ്പ്ളേകളും ഇ-മൊബിലിറ്റി, ടെലിമാറ്റിക്സ് തുടങ്ങിയ സംവിധാനങ്ങളും പ്രവര്‍ത്തിപ്പിക്കുന്ന സോഫ്ട്വെയറുകള് നിര്‍മിക്കുന്ന കമ്പനിയാണ് ആക്സിയ ടെക്നോളജീസ്. പ്രവര്‍ത്തനം തുടങ്ങിയിട്ട് വിജയകരമായ 10 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് കമ്പനി പുതിയൊരു നിര്‍ണായക ചുവടുവെയ്പ്പിലേക്ക് കടക്കുന്നത്. ആയിരം ജീവനക്കാര്‍ക്ക് ജോലി ചെയ്യാനാകുന്ന പുതിയ ഓഫീസ്, അടുത്ത കുറെയേറെ വര്‍ഷക്കാലം കമ്പനിക്ക് പ്രവര്‍ത്തിക്കാനും വളര്‍ച്ച കൈവരിക്കാനും ഉതകുന്നതാണ്.
ആഗോളതലത്തില്‍ തന്നെ വൈദ്യുതോര്‍ജ്ജത്തില്‍ ഓടുന്ന വാഹനങ്ങളും സോഫ്ട്വെയര് അധിഷ്ഠിത ഗതാഗത സംവിധാനങ്ങളും പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള (കണക്ടഡ്) കാറുകളും അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. ഇതിലൂടെ, വാഹനനിര്‍മാതാക്കളുമായി സഹകരിച്ച് ആക്സിയ ടെക്നോളജീസ് പോലെയുള്ള കമ്പനികള്‍ക്ക് വന്‍ വളര്‍ച്ചയ്ക്കുള്ള അവസരങ്ങളാണ് തുറക്കുന്നത്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും യാത്രക്കാര്‍ക്കും മെച്ചപ്പെട്ട യാത്രാനുഭവവും സുരക്ഷയും സുഖവും ഉറപ്പുവരുത്തുന്നതാണ് ആക്സിയയുടെ സോഫ്ട്വെയര്.
2014ല്‍ കേരളത്തില്‍ സ്റ്റാര്‍ട്ടപ്പെന്ന നിലയില്‍ തുടങ്ങി ഇന്ന് ലോകോത്തര വാഹനനിര്‍മാതാക്കളുടെ വിശ്വസ്ത സോഫ്ട്വെയര് കമ്പനിയായി മാറാന്‍ ആക്സിയക്ക് കഴിഞ്ഞതില്‍ അത്യധികം ചാരിതാര്‍ഥ്യമുണ്ടെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ജിജിമോന് ചന്ദ്രന് പറഞ്ഞു. ഇന്ന് അമ്പത് ലക്ഷത്തോളം വാഹനങ്ങള്‍ ആക്സിയ സൃഷ്ടിച്ച സോഫ്ട്വെയര് ഉപയോഗിച്ചാണ് ചലിക്കുന്നത്. തിരുവനന്തപുരത്ത് ലഭ്യമായ ലോകോത്തര സാങ്കേതികവിദ്യകളോടും ഗവേഷണസംവിധാനങ്ങളോടും കേരളത്തിലെ നിപുണരായ എഞ്ചിനീയര്‍മാരോടും കമ്പനി കടപ്പെട്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പുതിയ ഓഫിസിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് തിരുവന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീറിങ്ങില്‍ പ്രത്യേക ”യൂത്ത് കണക്ട്” പരിപാടിയും ആക്സിയ ടെക്നോളജീസ് സംഘടിപ്പിക്കും. ബിഎംഡബ്ള്യുവില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനും ആക്സിയ ടെക്നോളജീസിന്റെ നിലവിലെ നയതന്ത്ര ഉപദേഷ്ടാവുമായ സ്റ്റെഫാന്‍ ജുറാഷെക്ക് വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക് ആന്‍ഡ് ഇലക്ട്രിക്കല്‍ എഞ്ചിനീറിംഗ്(ഐ.ഇ.ഇ.ഇ), സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനീയര്‍സ് (എസ്.എ.ഇ) ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പുതുതലമുറ എഞ്ചിനീയര്‍മാരെയും പുതുമകള്‍ കണ്ടെത്തുന്നവരെയും പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: