കൊൽക്കത്ത : സർക്കാർ മെഡിക്കൽ സ്ഥാപനത്തിലെ വനിതാ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ഏറ്റെടുക്കാൻ സിബിഐ സംഘം കൊൽക്കത്തയിലെത്തി. കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് അന്വേഷണ സംഘമെത്തുന്നത്.
ദൽഹിയിൽ നിന്ന് പ്രത്യേക മെഡിക്കൽ, ഫോറൻസിക് സംഘത്തിനൊപ്പമാണ് സിബിഐ എത്തിയിരിക്കുന്നത്. എല്ലാ രേഖകളും ഉടൻ സിബിഐക്ക് കൈമാറാൻ കൊൽക്കത്ത പോലീസിനോട് കോടതി ആവശ്യപ്പെട്ടു.
വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (എഫ്എഐഎംഎ) ചൊവ്വാഴ്ച മുതൽ രാജ്യവ്യാപകമായി ഒപിഡി സേവനങ്ങൾ അടച്ചുപൂട്ടാൻ ആഹ്വാനം ചെയ്തതിന് പിന്നാലെ ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും ഡൽഹി എയിംസിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
അതിനിടെ, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷത്തിനായുള്ള നയം രൂപീകരിക്കാൻ എല്ലാ മെഡിക്കൽ കോളേജുകൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുടെ നിർദ്ദേശപ്രകാരം ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ഉപദേശം നൽകിയിട്ടുണ്ട്. ആഗസ്ത് ഒമ്പതിന് കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. തുടർന്ന് കൊൽക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: