അങ്കോല: കർണാടകയിലെ ഷിരൂരിണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനുവേണ്ടി ഗംഗാവലി നദിയിൽ തെരച്ചിൽതുടങ്ങി. മത്സ്യത്തൊഴിലാളി ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച രാവിലെ 10-ന് നദിയിലിറങ്ങിയത്. എൻ.ഡി.ആർ.എഫ് സംഘവും സ്ഥലത്തുണ്ട്. ആദ്യ മുങ്ങലിൽ ലോഹഭാഗം കണ്ടെത്തിയിട്ടുണ്ട്. എന്നാലിത് ലോറിയുടെ ഭാഗമല്ലെന്ന് ഉടമ മനാഫ് അറിയിച്ചു.
അതിനിടെ, പുഴയുടെ കരയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഇന്ധനത്തിന്റെ സാന്നിധ്യം കണ്ടെത്തി. ഈ പ്രദേശത്ത് ആദ്യം തെരച്ചിൽ കേന്ദ്രീകരിക്കുമെന്ന് ഈശ്വർ മാൽപേ മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച നദിയിൽ നിന്നും ലോറിയുടെ ജാക്കിലിവർ മുങ്ങിത്തപ്പിയെടുത്തിരുന്നു. ഈ പ്രദേശത്ത് നിന്നും ഏകദേശം 50 മീറ്റർ അകലെയാണ് ഇപ്പോൾ ഇന്ധനത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.
നേരത്തേ ലോറിയുടെ സിഗ്നൽ ലഭിച്ച ഭാഗത്തുനിന്നുതന്നെയാണ് ജാക്കിലിവർ കിട്ടിയത്. ഇത് അർജുൻ ഓടിച്ച ലോറിയുടേതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. ഒഴുകിപ്പോയ മറ്റൊരു ടാങ്കർ ലോറിയുടെ വാതിലിന്റെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് 4.15ഓടെയാണ് ഈശ്വർ മാൽപെ തെരച്ചിൽ തുടങ്ങിയത്. ലോറിയുടെ പിൻഭാഗത്തെ ടൂൾ ബോക്സിലാണ് ജാക്കി സൂക്ഷിച്ചിരുന്നത്.
രാവിലെ 8.30-ഓടെ മാൽപേയും സംഘവും തയ്യാറായിരുന്നെങ്കിലും ജില്ലാ കളക്ടർ സ്ഥലത്തെത്തിയതിന് ശേഷം പുഴയിലിറങ്ങിയാൽ മതിയെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ദൗത്യം വൈകിയത്. എന്നാൽ, 10-ഓടെയും കളക്ടർ എത്താതെ വന്നതോടെയാണ് മാൽപേ നദിയിലേക്കിറങ്ങിയത്. മാധ്യമങ്ങൾക്ക് പ്രദേശത്തേക്ക് കടക്കുന്നതിന് കർശന നിയന്ത്രണമുണ്ട്. സ്ഥലത്ത് നിന്നും മാധ്യമപ്രവർത്തകർ മാറി നിൽക്കണമെന്ന് പോലീസ് അറിയിച്ചു.
ജൂലായ് 16-നാണ് അർജുനെ കാണാതായത്. 28-ന് തിരച്ചിൽ അവസാനിപ്പിച്ചു. ചൊവ്വാഴ്ചയാണ് പുനരാരംഭിക്കുന്നത്. കാലാവസ്ഥ അനുകൂലമായിട്ടും തിരച്ചിൽ പുനരാരംഭിക്കാത്തതിനെതിരേ കുടുംബം പരാതിയുമായി രംഗത്തെത്തിയതോടെയാണ് ഇപ്പോൾ നടപടിയുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: