മൂന്നാര്‍: മറയൂര്‍ കാന്തല്ലൂരില്‍ ഇത് ആപ്പിള്‍ വിളവെടുപ്പ് കാലം. കേരളത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ആപ്പിള്‍ കൃഷി ചെയ്യുന്ന ഒരേയൊരു സ്ഥലമാണ് കാന്തല്ലൂര്‍. ഇവിടുത്തെ തണുത്ത കാലാവസ്ഥയും മണ്ണിന്റെ ഫലപുഷ്ടിയും ആപ്പിള്‍കൃഷിക്ക് അനുയോജ്യമാണെന്ന് 15 വര്‍ഷം മുമ്പാണ് തിരിച്ചറിഞ്ഞത്. ഏതാനും റിസോര്‍ട്ടുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ കൃഷി ഹിറ്റാകുകയായിരുന്നു.
എച്ച്ആര്‍എംഎന്‍ 90, ട്രോപിക്കല്‍ ബ്യൂട്ടി, ട്രോപിക്കല്‍ റെഡ് ഡെലീഷ്യസ് എന്നീ ആപ്പിള്‍ ഇനങ്ങളാണ് കാന്തല്ലൂരില്‍ പ്രധാനമായും കൃഷി ചെയ്യുന്നത്. അധികം മഞ്ഞ് വേണ്ടാത്ത ഇനങ്ങളാണിവ. ഇത്തവണയും മികച്ച വിളവാണ് ആപ്പിള്‍ കര്‍ഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്.
ഇപ്പോള്‍ ഫാം ടൂറിസത്തിന്റെ ഭാഗമാണ് കാന്തല്ലൂരിലെ ആപ്പിള്‍ കൃഷി. അമ്പതിലധികം കര്‍ഷകര്‍ നൂറേക്കറോളം സ്ഥലത്ത് ആപ്പിള്‍ കൃഷി ചെയ്യുന്നു. കനത്ത മഴക്ക് നേരിയ കുറവ് വന്നതോടെ ആപ്പിള്‍ തോട്ടങ്ങള്‍ കാണാന്‍ സഞ്ചാരികളും എത്തിത്തുടങ്ങി. ആഗസ്ത് അവസാനത്തോടെ വിളവെടുപ്പ് പൂര്‍ണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: