കൊല്‍ക്കത്ത: മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ സര്‍ക്കാര്‍ സത്യത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല. ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യത്തുടനീളം ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുകയാണ്. ഈ കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അവരുടെ നീക്കങ്ങള്‍ തന്നെയാണ് സിബിഐ അന്വേഷണം എന്ന ആവശ്യത്തിലേക്ക് ഡോക്ടര്‍മാരെ കൊണ്ടുചെന്ന് എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഡി സഖ്യത്തിലെ നേതാക്കളാരും ഈ വിഷയത്തെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനിടെ, വനിതാ ഡോക്ടറുടെ മരണം ആത്മഹത്യയെന്നാണ് കോളജ് അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചിരുന്നത്. ഡോക്ടറുടെ കൊലപാതകം മറച്ചുവയ്ക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചുവെന്നും ആരോപണമുയരുന്നു. ഫോണ്‍ വിളിച്ചയാള്‍ പേരു പറഞ്ഞില്ല. ആശുപത്രിയിലെത്തിയപ്പോള്‍ മൃതദേഹവും കാണിച്ചില്ല. ഉച്ചയ്ക്ക് ശേഷമാണ് അവര്‍ അതിനനുവദിച്ചതെന്നും ഡോക്ടറുടെ അമ്മ പറഞ്ഞു. ഈ ഫോണ്‍ സന്ദേശത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ബംഗാളിലെ ആര്‍ജെ കര് മെഡിക്കല്‍ കോളജില്‍ പിജി വിദ്യാര്‍ത്ഥിയായ വനിത ഡോക്ടറുടെ കൊലപാതകത്തിന്റെ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിറക്കി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉടന്‍ തന്നെ സിബിഐക്ക് കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചു.
കൊലക്കേസ് രജിസ്റ്റര്‍ ചെയ്യാത്തതും അസ്വാഭാവിക മരണം രജിസ്റ്റര്‍ ചെയ്തതുമെന്തുകൊണ്ടാണ്, ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം അധ്യക്ഷനായ ഡിവിഷന് ബെഞ്ച് ചോദിച്ചു. കൊല്ലപ്പെട്ട പിജി വിദ്യാര്‍ത്ഥിയുടെ മൃതദേഹം റോഡരികില്‍ നിന്നല്ല കണ്ടെത്തിയത്. ആശുപത്രി സൂപ്രണ്ടിനോ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനോ സംഭവത്തില്‍ പരാതി നല്‍കാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ആര്‍ജി കര് കോളജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനോട് ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കാനും കോടതി നിര്‍ദേശിച്ചു. കേസില്‍ കോളജ് പ്രിന്സിപ്പലിനെയാണ് ആദ്യം ചോദ്യംചെയ്യേണ്ടിയിരുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. കൊലപാതകത്തിനുശേഷം രാജിവച്ച സന്ദീപ് ഘോഷ് മണിക്കൂറുകള്‍ക്കുശേഷം മറ്റൊരു കോളജിലെ പ്രിന്‍സിപ്പലായി നിയമിതനായത് എങ്ങനെയാണെന്നും സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു. പ്രിന്‍സിപ്പലിന്റെ നിയമനക്കത്തും രാജിക്കത്തും കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.
അതിനിടെ ഡോക്ടര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബംഗാളിലെ പലയിടങ്ങളിലും ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെട്ടു. ജോലിയില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാരോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. സംഭവത്തില്‍ സുതാര്യമായ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബംഗാള്‍ ആരോഗ്യകാര്യ സെക്രട്ടറി എന്‍.എസ്. നിഗം പറഞ്ഞു.
ദേശീയ വനിതാ കമ്മിഷന്റെ രണ്ടംഗ സംഘം ബംഗാളിലെ ആര്‍ജെ കര് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചു. പിജി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയ സെമിനാര്‍ ഹാളും പരിശോധിച്ചു. അന്വേഷണത്തിന്റെ വിശദാംശങ്ങളറിയാന്‍ ലാല്‍ബസാറിലെ പോലീസ് ആസ്ഥാനത്ത് അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് യുവതിയുടെ വീട്ടിലെത്തി മാതാപിതാക്കളെയും കണ്ടു.
യുവതി പൈശാചിക ആക്രമണമാണ് നേരിട്ടതെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തായിട്ടുണ്ട്. മുഖത്തും സ്വകാര്യ ഭാഗങ്ങളിലും ആഴത്തിലുള്ള ക്ഷതമേറ്റിട്ടുണ്ട്. ബലപ്രയോഗത്തിനിടെ യുവതിയുടെ കണ്ണട പൊട്ടിച്ചിതറുകയും ഇവ കണ്ണില്‍ തുളച്ചു കയറിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രതി യുവതിയുടെ തല ചുമരില്‍ ഇടിച്ചു. ശബ്ദമുണ്ടാക്കാതിരിക്കാന്‍ വാ പൊത്തിപ്പിടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: