കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സർക്കാർ നടത്തുന്ന ആർ ജി കാർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ ട്രെയിനിയായ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കേസന്വേഷണം സിബിഐയ്‌ക്ക് വിട്ട് കല്‍ക്കത്ത ഹൈക്കോടതി. കേസില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വലിയ വീഴ്ചകള്‍ ഉണ്ടായെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും കേസില്‍ കാര്യമായ വഴിത്തിരിവുണ്ടാക്കാന്‍ ബംഗാള്‍ പൊലീസിന് കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണച്ചുമതല സിബിഐയ്‌ക്ക് വിടുന്നതെന്ന് ഹൈക്കോടതി വിശദമാക്കി. ഇക്കാര്യത്തില്‍ മമത സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയമാണ് സംഭവത്തിന് പിന്നിലെ കുറ്റവാളികളെക്കുറിച്ച് സംശയം ജനിപ്പിക്കുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷണം തണുപ്പിച്ച് മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു മമത ബാനര്‍ജിയുടെ പൊലീസ്. ആരെയോ രക്ഷിക്കാന്‍ എന്ന ചിന്തയുണ്ടാക്കുന്ന രീതിയിലായിരുന്നു മമത ബാനര്‍ജിയുടെ പെരുമാറ്റം.ഈ സംഭവത്തില്‍ തൃണമൂല്‍ സര്‍ക്കാരിനെതിരെ ബംഗാളില്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു.
ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം അധ്യക്ഷനായ ബെഞ്ചാണ് ചൊവ്വാഴ്ച വിധി പ്രസ്താവിച്ചത്. നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് ട്രെയിനിയായ വനിതാഡോക്ടറുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കല്‍ക്കത്ത ഹൈക്കോടതിയുടെ വിധി.
പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. വനിതാ ഡോക്ടർ നേരിട്ടത് ക്രൂരപീഡനമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതി സഞ്ജയ് റോയ് ക്രൂരമായി ഡോക്‌ടറെ മർദിച്ചു. മർദനത്തിൽ വനിതാ ഡോക്ടറുടെ കണ്ണട പൊട്ടി ചില്ലുകൾ കണ്ണിൽ തുളച്ച് കയറിയിട്ടുണ്ട്. രണ്ടു കണ്ണിലും വായിലും രക്തസ്രാവമുണ്ടായി. മുഖത്ത് നിറയെ മുറിവുകളുമുണ്ട്. ഇരയുടെ സ്വകാര്യ ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകളുണ്ട്. വലിയ തോതിൽ രക്തസ്രാവമുണ്ടായി.
ദേശീയ വനിതാ കമ്മീഷന്‍ എത്തി
ദേശീയ വനിതാ കമ്മീഷന്റെ (എൻസിഡബ്ല്യു) രണ്ടംഗ സംഘം ചൊവ്വാഴ്ച രാവിലെ സർക്കാർ നടത്തുന്ന ആർ ജി കാർ മെഡിക്കൽ കോളജ് ആൻഡ് ആശുപത്രി സന്ദർശിച്ചു. വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സെമിനാർ ഹാളിലേക്കാണ് ഇവർ പോയത്. ഡെലീന ഖോങ്‌ഡൂപ്പിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘം നഗരത്തിലെത്തി കൊൽക്കത്ത പോലീസ് ആസ്ഥാനമായ ലാൽബസാറിലെ അന്വേഷണ ഉദ്യോഗസ്ഥരെ കാണാൻ പോയി. മാതാപിതാക്കളെ കാണാൻ ഇരയുടെ പാനിഹാട്ടിയിലെ വസതിയിലേക്ക് പോകും.
വില്ലനായ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിനെ രക്ഷിയ്‌ക്കാന്‍ മമത ശ്രമിക്കുന്നതെന്തിന്?
ഡോക്ടറുടെ മരണം ആത്മഹത്യയാക്കാനായിരുന്നു ആര്‍ജി കര്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിന്റെ ശ്രമം.പിന്നീട് സംഭവം ക്രൂരമായ ബലാത്സംഗമാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഡോ. സന്ദീപ് ഘോഷിന്റെ രാജിയ്‌ക്കായി മുറവിളി ഉയര്‍ന്നു. സമ്മര്‍ദ്ദം ഏറിയതിനെ തുടര്‍ന്ന് അദ്ദേഹം രാജിവെച്ചെങ്കിലും പിന്നീട് നാഷണല്‍ മെഡിക്കല്‍ കോളെജില്‍ പ്രിന്‍സിപ്പലായി മമത സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു. ഇതോടെ പ്രതിഷേധം വ്യാപകമായി. എന്തിനാണ് ഡോ. സന്ദീപ് ഘോഷിനെ മമത സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: