ന്യൂദൽഹി: ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആനകളുടെ ജനസംഖ്യാ കണക്കെടുപ്പ് വൈകുന്നതിനാൽ ഏറ്റവും പുതിയ സെൻസസ് ഫലങ്ങൾക്കായി അടുത്ത വർഷം ജൂൺ വരെ കാത്തിരിക്കേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യയിലെ നാല് പ്രദേശങ്ങളിലെ വനപ്രദേശങ്ങളിലും മലയോര മേഖലകളിലും കാട്ടാനകളെ കാണപ്പെടുന്നു. വടക്ക് ഹിമാലയത്തിന്റെ താഴ്‌വരകൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, കിഴക്ക്-മധ്യ ഇന്ത്യ, രാജ്യത്തിന്റെ തെക്ക് ഭാഗങ്ങളിൽ പശ്ചിമ, കിഴക്കൻ ഘട്ടങ്ങൾ എന്നിവിടങ്ങളിലാണ് കാട്ടാനകളെ കണ്ടുവരുന്നത്.
വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള വിവരശേഖരണവും വിശകലനവും ഇതുവരെ പൂർത്തിയായിട്ടില്ലാത്തത് ആണ് ഇപ്പോഴുള്ള പ്രശ്നം. കനത്ത മൺസൂൺ മഴയും വെള്ളപ്പൊക്കവും വനം വന്യജീവി ജീവനക്കാരുടെ പരിമിതമായ ശേഷിയുമാണ് മേഖലയിലെ കാലതാമസത്തിനുള്ള പ്രധാന കാരണങ്ങളെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
മുഴുവൻ പ്രക്രിയയിലും ഫയലുകൾ സൃഷ്ടിക്കൽ, ശേഷി വർദ്ധിപ്പിക്കൽ, ഡാറ്റ ശേഖരണം, ഡാറ്റ പ്രോസസ്സിംഗ് എന്നിവ ഉൾപ്പെടുന്നുണ്ട്. തൽഫലമായി ആനകളുടെ ഏറ്റവും പുതിയ കണക്കുകൾ അടുത്ത വർഷം ജൂണിൽ മാത്രമേ ലഭ്യമാകൂ എന്ന് അവർ പറഞ്ഞു.
ദുഷ്‌കരമായ ഭൂപ്രദേശം, മൺസൂൺ മഴ, വെള്ളപ്പൊക്കം എന്നിവയ്‌ക്ക് പുറമെ വനമേഖലയ്‌ക്കൊപ്പം ആനകൾ കൂടുതലായി വരുന്ന റവന്യൂ മേഖലകളും വകുപ്പ് ഉൾപ്പെടുത്തിയതിനാലാണ് കണക്കെടുപ്പിന് കൂടുതൽ സമയമെടുത്തതെന്ന് അസമിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ സന്ദീപ് കുമാർ പറഞ്ഞു.
2021-ൽ, സെൻസസ് നടത്തുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഒരു പുതിയ രീതി പ്രഖ്യാപിച്ചിരുന്നു. ആന പിണ്ഡത്തിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നതായിരുന്നു ഈ രീതി.
ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, മുൻ ആനകളുടെ കണക്കെടുപ്പിൽ പ്രധാനമായും രാജ്യത്തുടനീളമുള്ള മൃഗങ്ങളുടെ എണ്ണമാണ് ഉൾപ്പെട്ടിരുന്നത്. പുതിയ ശാസ്ത്രീയ സമീപനം സ്പീഷിസുകളെക്കുറിച്ചും അവ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും മനസ്സിലാക്കാൻ സഹായിക്കും.
ഉദാഹരണത്തിന്, ആനകളുടെ ഡിഎൻഎ പ്രൊഫൈലിംഗ്, അവയുടെ ശരീരഭാഗങ്ങൾ അനധികൃതമായി കടത്തുന്നത് തടയാനും പ്രോസിക്യൂഷൻ ശ്രമങ്ങൾ ശക്തിപ്പെടുത്താനും സഹായിക്കു എന്നുള്ളതാണ്.
ലോകത്തിലെ വന്യമായ ഏഷ്യൻ ആനകളിൽ 60 ശതമാനത്തിലേറെയും ഇന്ത്യയിലാണ്. 2022 മുതൽ അഞ്ചുവർഷത്തെ ആനകളുടെ കണക്കെടുപ്പ് രാജ്യത്ത് നടക്കുന്നുണ്ട്. 2017-ൽ നടത്തിയ സെൻസസ് പ്രകാരം, ഇന്ത്യയിൽ 110,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 29,964 ആനകളുണ്ട്. 65,000 ചതുരശ്ര കിലോമീറ്ററിനുളിൽ രാജ്യത്ത് 33 ആന സംരക്ഷണ കേന്ദ്രങ്ങൾ നിലവിലുണ്ട്.
ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ 10,139 ആനകളാണുള്ളത്, കിഴക്ക്-മധ്യ മേഖലയിൽ 3,128, വടക്കുപടിഞ്ഞാറൻ മേഖലയിൽ 2,085, തെക്കൻ മേഖലയിൽ 11,960 ആനകളാണുള്ളത്. 6,049 ആനകളുമായി കർണാടകയാണ് ഏറെ മുന്നിൽ നിൽക്കുന്ന സംസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: