തൃശൂര്‍ : ഏഷ്യന്‍ രാജ്യങ്ങളിലെല്ലാം സാംസ്കാരിക മുന്നേറ്റത്തിന് അടിത്തറയായത് രാമായണമാണെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള. തൃശൂര്‍ റീജണല്‍ തീയറ്ററില്‍ സമര്‍പ്പണയുടെ രാമായണ ഫെസ്റ്റിവല്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
വ്യത്യസ്ത മതവിഭാഗങ്ങളില്പെടുന്നവരാണെങ്കിലും ഏഷ്യന്‍ രാജ്യങ്ങളിലെല്ലാം രാമനെയും രാമായണത്തെയും ആരാധിക്കുന്നു. ഇന്തോനേഷ്യയിലും സൗദി അറേബ്യയിലും ഉള്‍പ്പെടെ രാമായണം പാഠ്യപദ്ധതിയുടെ ഭാഗമാണ്. സാഹിത്യവും സംഗീതവുമാണ് രാജ്യത്തിന്റെയും സമൂഹങ്ങളുടെയും സാംസ്കാരിക ഏകതയ്ക്ക് കരുത്തു പകരുന്നതെന്നും ശ്രീധരന് പിള്ള പറഞ്ഞു.
രാമായണ ഫെസ്റ്റിന്റെ ഭാഗമായുള്ള വാല്മീകി പുരസ്കാരം ഗായിക കെ.എസ്. ചിത്രയ്ക്ക് ശ്രീധരന്‍പിള്ള സമ്മാനിച്ചു. സംഗീതസംവിധായകന് ഔസേപ്പച്ചന്, കര്‍ണാടക സംഗീതജ്ഞ ജെ.നന്ദിനി എന്നിവര്‍ക്കും പുരസ്കാരങ്ങള്‍ സമ്മാനിച്ചു. രാമായണ തത്വം ജനകീയമാകണമെന്ന് കെ.എസ്. ചിത്ര അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു രാമന് സ്നേഹത്തിന്റെ പ്രതീകമാണ്. ജാതിക്കും മതത്തിനും മറ്റെല്ലാ ഭേദവിചാരങ്ങള്ക്കുമപ്പുറം ലോകത്തെ ഒന്നായി കാണാനാണ് രാമന് പഠിപ്പിച്ചതെന്നും ചിത്ര പറഞ്ഞു.
സമര്‍പ്പണ ചെയര്‍മാനും കല്യാണ്‍ സില്‍ക്സ് സിഎംഡിയുമായ ടി.എസ്. പട്ടാഭിരാമന് അധ്യക്ഷനായിരുന്നു. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്, സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍, വി.കെ.വിശ്വനാഥന്, കെ.പി.രാധാകൃഷ്ണന് അഡ്വ.ബി.ഗോപാലകൃഷ്ണന്, തിരൂര്‍ രവീന്ദ്രന്, ടി.സി.സേതുമാധവന് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. രാവിലെ മുതല്‍ രാമായണ ഫെസ്റ്റിന്റെ ഭാഗമായി വിവിധ പരിപാടികളും മത്സരങ്ങളും അരങ്ങേറി. ശബരി സത്കാരവും വൈകിട്ട് സംഗീത സദസ്സും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: