ബെംഗളൂരു ; റസ്റ്റോറൻ്റിലെ സ്ത്രീകളുടെ ടോയ്‌ലറ്റിൽ മൊബൈൽ ഫോൺ ക്യാമറ ഓണാക്കി ഒളിപ്പിച്ച് വച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ . ബാംഗ്ലൂരിലെ പ്രശസ്തമായ റെസ്റ്റോറൻ്റിലായിരുന്നു സംഭവം . ജീവനക്കാരനായ മനോജാണ് പിടിയിലായത്.
തന്റെ സുഹൃത്തിനൊപ്പം റെസ്റ്റോറൻ്റിലെത്തിയ യുവതിയാണ് ടോയ്‌ലറ്റ് ചവറ്റുകുട്ടയിൽ മൊബൈൽ ഫോൺ കിടക്കുന്നത് കണ്ടത്. യുവതി സംഭവം റസ്‌റ്റോറൻ്റ് മാനേജ്‌മെൻ്റിനെ അറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മൊബൈൽ ഫോൺ റെസ്റ്റോറന്റ് ജീവനക്കാരന്റേതാണെന്ന് കണ്ടെത്തിയത് . മനോജ് തന്റെ സ്മാർട്ട്‌ഫോൺ ഫ്ലൈറ്റ് മോഡിലാക്കി , ടിഷ്യു പേപ്പറിൽ പൊതിഞ്ഞ് ഡസ്റ്റ്ബിന്നിൽ ഒളിപ്പിക്കുകയായിരുന്നു. സ്മാർട്ട്ഫോണിൽ ഏകദേശം 1 മണിക്കൂർ 40 മിനിറ്റ് വീഡിയോ റെക്കോർഡ് ചെയ്തു. എങ്കിലും അതുവരെ ആരും ശുചിമുറി ഉപയോഗിച്ചിരുന്നില്ല.
ആദ്യമായാണ് താൻ ഇത് ചെയ്യുന്നതെന്നാണ് മനോജ് പൊലീസിനോട് പറഞ്ഞത്. എന്നാൽ, ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് വീഡിയോകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സ്‌മാർട്ട്‌ഫോൺ ഡാറ്റ വീണ്ടെടുക്കൽ സംഘത്തിന് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: