കോഴിക്കോട് : വയനാട് ഉരുള്‍പൊട്ടലിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളും സാമൂഹ്യ സംഘടനകളുടേതുള്‍പ്പെടെയുള്ള സാംസ്കാരിക പരിപാടികളും വേണ്ടെന്നുവയ്ക്കുന്നതിനെതിരെ കലാകാരന്മാരുടെ സംഘടനകള്‍.
ഓണാഘോഷ പരിപാടികളില്‍ നിന്ന് മാറിനില്‍ക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണം. ഓണാഘോഷം മാറ്റുന്നതിലൂടെ മാറ്റിനിര്‍ത്തപ്പെടുന്നത് സ്റ്റേജ് കലാകാരന്മാര് മാത്രമാണെും ഇതിലൂടെ കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നും മ്യൂസിക് ആര്‍ട്ടിസ്റ്റ് അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് കെ സലാം പറഞ്ഞു.
കലാപരിപാടികള്‍ ഉപേക്ഷിക്കുമ്പോള്‍ കലാകാരന്മാരെയും സ്റ്റേജ് ഡെക്കറേഷന് മൈക്ക് സെറ്റ് മേഖലകളില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളെയുമാണ്. തങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും സലാം ആവശ്യപ്പെട്ടു. ഓണം സീസണിലെ പരിപാടികളുടെയാണ് കേരളത്തിലെ മിക്ക കലാകാരന്മാരും ഒരു വര്‍ഷം തള്ളി നീക്കുന്നതെന്നും അതില്ലാതായാല്‍ കേരളത്തിലെ സ്റ്റേജ് കലാകാരന്മാരുടെ കുടുംബങ്ങള്‍ പട്ടിണിയിലാകുമെന്നും മ്യുസിഷന്‍സ് വെല്‍ഫെയര്‍
അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് പ്രേമരാജനും ജനറല്‍ സെക്രട്ടറി ലോറന്‍സ് അനില്‍ രാജും പറഞ്ഞു.
വയനാട്ടില്‍ ഉണ്ടായ ദുരന്തത്തില്‍ അവിടുത്തെ ജനങ്ങളുടെ വിഷമങ്ങള്‍ കേരളം മനസ്സിലാക്കുന്നുണ്ട്.കേരളത്തിന്റെ മനസ്സില്‍ മായാത്ത വേദനയാണ് വയനാട് സംഭവം. എന്നാല്‍ ഇക്കാര്യത്തില്‍ വയനാട്ടിലെ ജനതയെയും അതില്‍ വേദനിക്കുന്ന മലയാളികളെയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് വേണ്ടത്. അതിന് ആഘോഷങ്ങള്‍ ഉപേക്ഷിക്കുകയും അതിന്റെ പേരില്‍ മറ്റൊരു വിഭാഗം ജനങ്ങളെ പട്ടിണിക്കിടുകയുമല്ല വേണ്ടതെന്ന് സാമൂഹ്യ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: