കോട്ടയം : അറസ്റ്റ് വാറണ്ടുണ്ടെന്ന പേരില്‍ പോലീസ് ചമഞ്ഞെത്തി മാങ്ങാനം സ്വദേശിയായ വൃദ്ധനില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സംഘം രക്ഷപ്പെട്ടെങ്കിലും സമീപവാസിയായ വീട്ടമ്മ തട്ടിപ്പുകാരുടെ അടവ് പൊളിക്കുകയായിരുന്നു. പോലീസ് എന്ന വ്യാജേന വീട്ടിലെത്തിയ രണ്ടുപേര്‍ ഗൃഹനാഥന് പാലക്കാട് നടന്ന അടിപിടി കേസില്‍ വാറണ്ടുണ്ടെന്നും അറസറ്റുചെയ്യാനായി എത്തിയതാണെന്നും ധരിപ്പിക്കുകയായിരുന്നു. പാലക്കാട് കണ്ടിട്ടുപോലുമില്ലാത്ത ഗൃഹനാഥന്‍ തനിക്ക് അറിയാത്ത കാര്യമാണെന്നു പറഞ്ഞിട്ടും സംഘം വിട്ടു കൊടുത്തില്ല. എന്നാല്‍ ഇതിനിടെ എത്തിയ സമീപ വാസിയായ വീട്ടമ്മ കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ എത്തിയവര്‍ ഉരുണ്ടു കളിക്കാന്‍ തുടങ്ങി. ഒടുവില്‍ പിഴയടച്ച് പ്രശ്‌നം തീര്‍ക്കാമെന്നായി . പണം ഇടാനുള്ള അക്കൗണ്ട് നമ്പര്‍ വാട്‌സാപ്പില്‍ അയക്കാം എന്നു പറഞ്ഞ് സംഘം മടങ്ങുകയായിരുന്നു. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സമീപവാസിയായ വീട്ടമ്മയുടെ വാട്‌സ്ആപ്പ് നമ്പര്‍ ആണ് നല്‍കിയത് . എന്നാല്‍ വീട്ടമ്മയുടെ ബുദ്ധിപരമായി നീക്കം സംഘത്തിന്റെ കള്ളി വെളിച്ചത്താക്കി. ഗൃഹനാഥനെതിരെയുള്ള കേസ് നമ്പര്‍ അന്വേഷിച്ചതോടെ കേസ് എഴുതിത്തള്ളി എന്നു പറഞ്ഞു തട്ടിപ്പുകാര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഗൃഹനാഥന്റെ മകളെയും തട്ടിപ്പ് സംഘം വിളിച്ചു പണം കൈപ്പറ്റാന്‍ ശ്രമിച്ചതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: