ന്യൂദല്‍ഹി: ബംഗ്ലാദേശിലെ സര്‍ക്കാരിനെ അട്ടിമറിച്ച് അരങ്ങേറിയ സംഘര്‍ഷങ്ങള്‍ക്കിടെ ഹിന്ദുക്കള്‍ക്ക് നേര്‍ക്കുണ്ടായ അതിക്രൂര അക്രമങ്ങളില്‍ സമ്പൂര്‍ണ്ണ മൗനം പാലിച്ച് കോണ്‍ഗ്രസ്. ബംഗ്ലാദേശിലെ ഹിന്ദു, ബുദ്ധ മതവിശ്വാസികളെ തെരഞ്ഞുപിടിച്ച് അക്രമിക്കുമ്പോഴും കൊലപ്പെടുത്തുമ്പോഴും അതിനെ അപലപിക്കാന്‍ കോണ്‍ഗ്രസോ പ്രതിപക്ഷ പാര്‍ട്ടികളോ തയാറായിട്ടില്ല. പാര്‍ലമെന്റിനകത്തും പുറത്തും വലിയ വിമര്‍ശനമാണ് ഇതിനെതിരെ ബിജെപി ഉയര്‍ത്തിയത്.
ഗാസ വിഷയത്തില്‍ വലിയ പ്രസ്താവനകള്‍ നടത്തിയ രാഹുല്‍ ഗാന്ധി അടക്കമുളള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ കാര്യത്തില്‍ എന്തിനാണ് മിണ്ടാതെയിരിക്കുന്നതെന്ന് ബിജെപി നേതൃത്വം ചോദിച്ചു. സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ഡിഎംകെ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളും ബംഗ്ലാദേശിലെ ഹിന്ദുകൂട്ടക്കൊലയില് മൗനത്തിലാണ്.
ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് സന്ദേശമയച്ചെങ്കിലും ഹിന്ദുക്കള്‍ക്ക് നേര്‍ക്കുള്ള അക്രമങ്ങള്‍ക്കെതിരെ അതിശക്തമായ താക്കീതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയത്. ഭാരതത്തിന്റെ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ഹിന്ദുക്കള്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് മുഹമ്മദ് യൂനുസിനും അഭ്യര്‍ത്ഥിക്കേണ്ടിവന്നു. എന്നാല്‍ മുഹമ്മദ് യൂനുസിനും കൂട്ടര്‍ക്കും ആശംസകള്‍ നേര്‍ന്ന കോണ്‍ഗ്രസ്, ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ക്രൂരതകള്‍ക്കെതിരെ യാതൊന്നും പ്രതികരിച്ചില്ല. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ബംഗ്ലാദേശ് വിഷയത്തില്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ ഹിന്ദുക്കള്‍ക്കെതിരായ അക്രമങ്ങളെപ്പറ്റി പരാമര്ശിച്ചതിനെതിരെ പ്രതിപക്ഷ എംപിമാര്‍ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ അക്രമങ്ങള്‍ വലിയ വാര്‍ത്തകളാക്കിയിരുന്നു. ഭാരതത്തിലെ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും അക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങളും രാജ്യത്ത് വലിയ തോതില്‍ പ്രചരിച്ചതോടെ ഹിന്ദുസമൂഹം ഏറെ പ്രതിഷേധത്തിലുമാണ്. എന്നിട്ടും മുസ്ലിം തീവ്രവാദസംഘടനകളുടെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ നടക്കുന്ന ഹിന്ദുന്യൂനപക്ഷ വേട്ടയ്ക്കെതിരെ ഇവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ മൗനത്തിലാണ്. ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കളും പ്രതിപക്ഷ എംപിമാരും ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത് വിവാദമായിട്ടുണ്ട്.
ഗാസയെപ്പറ്റി വലിയ പ്രഭാഷണങ്ങള്‍ നടത്തിയവര്‍ എന്തുകൊണ്ടാണ് ബംഗ്ലാദേശി ഹിന്ദുക്കള്‍ക്ക് വേണ്ടി മിണ്ടാത്തതെന്ന് മുന്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ലോക്സഭയില്‍ ചോദിച്ചു. ബംഗ്ലാദേശിലെ സ്ഥിതിഗതികളില്‍ നാമെല്ലാം ആശങ്കാകുലരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചുകഴിഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവായ രാഹുല്‍ഗാന്ധിയോ കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയോ ഇക്കാര്യത്തില്‍ മിണ്ടിയിട്ടേയില്ല. അവര്‍ ട്വീറ്റ് ചെയ്ത് പുതിയ സര്‍ക്കാരിനെ അഭിനന്ദിച്ചു. പക്ഷേ ഹിന്ദുക്കളുടെ അവസ്ഥയെപ്പറ്റി യാതൊന്നും പറഞ്ഞില്ല, ഠാക്കൂര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: