ജയ്പൂര്‍: ബംഗ്ലാദേശില്‍ നടന്ന സംഭവവികാസങ്ങള്‍ക്ക് സമാനമായ ഒരു സാഹചര്യമാണ് ഭാരതത്തെയും കാത്തിരിക്കുന്നതെന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായിരുന്ന സല്മാന് ഖുര്‍ഷിദിന്റെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. ദേശവിരുദ്ധ ശക്തികളുടെ ശ്രമങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ജോധ്പൂരില്‍ രാജസ്ഥാന് ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
സല്മാന് ഖുര്‍ഷിദിന്റെ പേരെടുത്ത് പറയാതെയായിരുന്നു ധന്‍ഖറിന്റെ വിമര്‍ശനം. നമ്മുടെ അയല്‍ രാജ്യത്ത് സംഭവിച്ചത് ഭാരതത്തിലും സംഭവിക്കും എന്നുള്ള ചിലരുടെ പ്രസ്താവന വളരെ ആശങ്കാജനകമാണ്. ഈ രാജ്യത്തെ ഒരു പാര്‍ലമെന്റ് അംഗമായിരിക്കെ അയല്പക്കത്ത് സംഭവിച്ചത് ഭാരതത്തില്‍ സംഭവിക്കുമെന്ന് പറയാന്‍ സാധിക്കുന്നതെങ്ങനെ, ഉപരാഷ്ട്രപതി ചോദിച്ചു.
ഭാരതത്തെയും ബംഗ്ലാദേശിലെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ താരതമ്യം ചെയ്ത കോണ്‍ഗ്രസ് നേതാക്കളായ സല്മാന് ഖുര്‍ഷിദിനും മണിശങ്കര്‍ അയ്യര്‍ക്കും നേരിട്ടുള്ള മറുപടിയായാണ് ധന്‍ഖറിന്റെ പരാമര്‍ശം വിലയിരുത്തപ്പെടുന്നത്.
ഭാരതത്തിലേത് സാധാരണ സാഹചര്യമാണെങ്കിലും ബംഗ്ലാദേശിലേതിന് സമാനമായ സംഭവങ്ങള്‍ ഇവിടെയും അരങ്ങേറുമെന്ന് ഖുര്‍ഷിദ് പറഞ്ഞിരുന്നു.
മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യരും സമാനമായ താരതമ്യങ്ങള്‍ നടത്തിയിരുന്നു. ദേശീയ താല്‍പ്പര്യത്തിന്റെ പ്രാധാന്യവും ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. എല്ലാത്തിനുമുപരി രാജ്യം ഒന്നാമതായിരിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
1975 ജൂണില്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെയും ധന്‍ഖര്‍ വിമര്‍ശിച്ചു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും ക്രൂരമായ ഇരുണ്ട കാലഘട്ടമായിരുന്നു അത്. ഈ സമയത്ത്, ജുഡീഷ്യറിയുടെ ഏറ്റവും ഉയര്‍ന്ന തലങ്ങള്‍ പോലും ലജ്ജാകരമായ സ്വേച്ഛാധിപത്യ ഭരണത്തിന് വഴങ്ങിയെന്നും ധന്‍ഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: