കൊല്‍ക്കത്ത: ബംഗാളില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ കൊലയാളിയെ കുടുക്കിയത് ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്. ആശുപത്രിയില്‍ ഉണ്ടായിരുന്ന സിവിക് പോലീസ് വൊളന്റിയറായ സഞ്ജയ് റോയിയേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ പതിനാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.
വ്യാഴാഴ്ച രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 31കാരിയായ പിജി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ അര്‍ധനഗ്‌നയായ നിലയിലായിരുന്നു മൃതദേഹം. സംഭവസ്ഥലത്തുനിന്ന് ലഭിച്ച ബ്ലൂടൂത്ത് ഹെഡ് സെറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം സംഭവസമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്ന എല്ലാവരുടേയും ഫോണില്‍ ബ്ലൂടൂത്ത് ഓണ്‍ ചെയ്തു പരിശോധിച്ചു. പരിശോധനയില്‍ റോയിയുടെ ഫോണുമായി ബ്ലൂടൂത്ത് കണക്ടായി. ഉടന്‍ തന്നെ ഇയാളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുകയായിരുന്നു.
പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു. മൊഴിയില്‍ വൈരുധ്യങ്ങളുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ സംഭവത്തെക്കുറിച്ച് കൂടുതല്‍ പറയാനാകൂവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ക്രൂരകൃത്യത്തിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
റോയിയുടെ മൊബൈല്‍ഫോണ്‍ പോലീസ് പിടിച്ചെടുത്തു. ഫോണില്‍നിന്ന് നിറയെ അശ്ലീലവീഡിയോകള്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. പ്രതി നേരത്തെയും സ്ത്രീകള്‍ക്കെതിരേ മോശമായി പെരുമാറിയിരുന്നതായും വിവരങ്ങളുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം നടക്കുകയാണ്. ഇയാള്‍ നാല് വിവാഹം കഴിച്ചു. ലൈംഗിക വികൃതമെന്ന കാരണത്താലാണ് മൂന്ന് തവണ വിവാഹമോചനം നടന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
സംഭവദിവസം രാത്രി സഹപ്രവര്‍ത്തകര്‍ക്കൊപ്പം അത്താഴം കഴിച്ച ശേഷം വിശ്രമിക്കാനായാണ് വനിതാ ഡോക്ടര്‍ സെമിനാര്‍ ഹാളിലേക്ക് പോയത്. ഇവിടെ ഉറങ്ങുന്നതിനിടെയാണ് യുവതി ക്രൂരപീഡനത്തിനിരയായത്. ഇയാള്‍ രാത്രി പതിനൊന്നു മുതല്‍ തന്നെ ആശുപത്രി പരിസരത്തുണ്ടായിരുന്നു.
മദ്യലഹരിയിലായിരുന്ന പ്രതി പിന്നീട് പുറത്തുപോയി വീണ്ടും മദ്യപിച്ചു. പിന്നീട് പുലര്‍ച്ചെ നാലുമണിയോടെയാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. 40 മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാള്‍ പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഡോക്ടറുടെ കൊലപാതകത്തില്‍ സംസ്ഥാനവ്യാപകമായി വന്‍ പ്രതിഷേധമാണുയര്‍ന്നത്. ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. കേസ് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി നേതാവും ബംഗാള്‍ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ആവശ്യപ്പെട്ടു.
അതേസമയം ക്രൂരപീഡനത്തിനിരയായി വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ സൂപ്രണ്ടിനെ മാറ്റി. ദീര്‍ഘകാലമായി ആശുപത്രിയുടെ ചുമതല വഹിച്ചിരുന്ന സൂപ്രണ്ട് ഡോ.സഞ്ജയ് വസിഷ്ഠയെയാണ് പദവിയില്‍ നിന്ന് മാറ്റിയത്. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാരുടെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും പ്രതിഷേധം തുടരുന്നതിനിടെയാണ് തീരുമാനം.
പ്രതികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. കൃത്യത്തിന് പിന്നില്‍ ഒരാള്‍ മാത്രമല്ലെന്നും കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. കോളജില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക