ന്യൂദല്‍ഹി: പ്രധാനമന്ത്രി പദം രാജിവെച്ച് ഇന്ത്യയിലേക്ക് പുറപ്പെടുംമുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ ഷേഖ് ഹസീന തയ്യാറാക്കിവെച്ച പ്രസംഗം പുറത്ത്. ഈ പ്രസംഗത്തില്‍ സ്ഥാനം നഷ്ടപ്പെടുകയും ബംഗ്ലാദേശില്‍ നിന്നും പുറത്തുപോകേണ്ടിവരികയും ചെയ്ത ദുര്‍വിധിക്ക് കുറ്റപ്പെടുത്തുന്നത് അമേരിക്കയെയാണ്.
തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കിയത് അമേരിക്കയുടെ അട്ടിമറിയാണെന്ന് ഈ പ്രസംഗത്തില്‍ ഷേഖ് ഹസീന കുറ്റപ്പെടുത്തുന്നു. .” ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ബംഗ്ലാദേശിലെ സെന്റ് മാര്ട്ടിന് ദ്വീപ് എഴുതിക്കൊടുക്കാന്‍ അമേരിക്കന്‍ പ്രതിനിധി ആവശ്യപ്പെട്ടിരുന്നു. താന്‍ അതിന് വഴങ്ങാത്തതാണ് അട്ടിമറിക്ക് കാരണം.” – ഷേഖ് ഹസീനയുടെ പ്രസംഗം ഇങ്ങിനെ പോകുന്നു. ഷേഖ് ഹസീനയുടെ ഈ പ്രസംഗം അവരുമായി അടുത്ത വൃത്തങ്ങളാണ് ദേശീയ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ബംഗ്ലാദേശില്‍ ഭരണമാറ്റമുണ്ടാകാന്‍ യുഎസ് ആസൂത്രിത ശ്രമം നടത്തിയതായും ഷേഖ് ഹസീന ഈ പ്രസംഗത്തില്‍ പറയുന്നു.
“സെന്റ് മാര്ട്ടിന് ദ്വീപ് അമേരിക്കയ്ക്ക് അടിയറവ് വെച്ചിരുന്നെങ്കില്‍ ഞാന്‍ ഇന്നും അധികാരത്തില്‍ ഉണ്ടായിരുന്നേനെ”- ഷേഖ് ഹസീന പറഞ്ഞു. ആഗസ്ത് അഞ്ചിനാണ് അനിയന്ത്രിതമായ വിദ്യാര്‍ത്ഥി കലാപത്തെ തുടര്‍ന്ന് ഷേഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ചത്. പിന്നീട് അവര്‍ ബംഗ്ലാദേശ് വിട്ട് ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു. ഷേഖ് ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നല്‍കാനുള്ള സാധ്യത ഇന്ത്യ അമേരിക്കയുമായി ചര്‍ച്ച ചെയ്തെങ്കിലും അവര്‍ തള്ളിക്കളഞ്ഞു.
‘മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് ഞാന്‍ രാജിവെച്ചത്. വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളില്‍ ചവിട്ടി ഭരണത്തിലേറാനാണ് അവര്‍ (ഖാലിദ സിയ, അമേരിക്ക, ജമാ അത്തെ ഇസ്ലാമി) എന്നിവര്‍ ആഗ്രഹിച്ചത്. എന്നാല്‍ ഞാന്‍ അതിന് അനുവദിച്ചില്ല. പ്രധാനമന്ത്രി പദത്തില്‍ നിന്നും ഞാന്‍ രാജിവെച്ചിരിക്കുകയാണ്.”- ഷേഖ് ഹസീന ഈ പ്രസംഗത്തില്‍ പറയുന്നു. “തീവ്രവാദികളാല്‍ (ജമാ അത്തെ ഇസ്ലാമി) തെറ്റിദ്ധരിക്കപ്പെടരുതെന്ന് ഞാന്‍ എന്റെ രാജ്യത്തെ ജനങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ രാജ്യത്ത് തുടര്‍ന്നിരുന്നെങ്കില്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടമായേനെ. ഞാന്‍ സ്വയം മാറുകയാണ്. നിങ്ങളായിരുന്നു എന്റെ ബലം. നിങ്ങള്‍ക്കെന്നെ വേണ്ടാതായി. അതിനാല്‍ ഞാന്‍ പോകുന്നു”.- ഷേഖ് ഹസീനയുടെ പ്രസംഗം ഇങ്ങിനെ പോകുന്നു. സെന്റ് മാര്ട്ടിന് ദ്വീപ് സ്വന്തമാക്കുക വഴി ബംഗാള്‍ ഉള്‍ക്കടലില്‍ കൂടുതല്‍ നിയന്ത്രണം നേടുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യമെന്നും ഷേഖ് ഹസീന പറയുന്നു.
തന്റെ പാര്‍ട്ടിയായ അവാമി ലീഗിലെ പ്രവര്‍ത്തകരോട് പ്രതീക്ഷ കൈവിടരുതെന്നും ഷേഖ് ഹസീന പറയുന്നു. “തിരിച്ചടി നേരിട്ടപ്പോഴെല്ലാം അവാമി ലീഗ് അധികാരത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഞാന്‍ ഉടനെ തിരിച്ചുവരും. താന്‍ പരാജയപ്പെട്ടെങ്കിലും ബംഗ്ലാദേശിലെ ജനങ്ങള്‍ വിജയിച്ചു.” – ഷേഖ് ഹസീന പ്രസംഗത്തില്‍ പറയുന്നു.
വാസ്തവത്തില്‍ സ്ഥാനം രാജിവെയ്ക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ പോലും കഴിയുന്നതിന് മുന്‍പേ ഷേഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടിവന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാനും കഴിഞ്ഞില്ല. സൈന്യം രക്ഷപ്പെടാന്‍ അനുവദിച്ച അരമണിക്കൂറിനുള്ളില്‍ തന്നെ സേനയുടെ വിമാനത്തില്‍ കയറി അവര്‍ ഇന്ത്യയില്‍ എത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: