മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴിന്റെ റീ റിലിസിങ്ങി് ഇനി ആറ് നാൾക്കൂടി. ഡോൾബി അറ്റ്മോസ് സാങ്കേതിക മികവിൽ ചിങ്ങം ഒന്നായ ഓഗസ്റ്റ് 17 നാണ് മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്. സംവിധായകൻ ഫാസിലും നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചനും റീമാസ്റ്ററിംഗിന് നേതൃത്വം നൽകിയ മാറ്റിനി നൗവും ചേർന്നാണ് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തിക്കുന്നത്. ഫോർ കെ അറ്റ്‌മോസ് സാങ്കേതിക വിദ്യയിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഇതിനോടകം ഹിറ്റായി. ഇ 4 എൻറർടെയ്ൻമെൻറ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
1993ൽ ഫാസിലിന്റെ സംവിധാനത്തിലാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവർ അരങ്ങ് തകർത്തപ്പോൾ ഗംഗ എന്ന കഥാപാത്രത്തിലൂടെ ശോഭന പ്രേക്ഷകരെ അമ്പരിപ്പിച്ചു. ഗംഗ എന്ന കഥാപാത്രത്തിലൂടെ അക്കൊല്ലത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ശോഭനയെ തേടിയെത്തി.
മലയാളത്തിലെ വൻ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു. തമിഴിൽ രജനികാന്തും ഹിന്ദിയിൽ അക്ഷയ്‌കുമാറുമാണ് നായകനായി എത്തിയത്. എന്നാൽ, മലയാളത്തിലെ മണിച്ചിത്രത്താഴിനോളം ആ സിനിമകൾക്ക് ശോഭിക്കാൻ സാധിച്ചിരുന്നില്ലായെന്നതാണ് യാഥാർഥ്യം. മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററിലെത്തുന്നതിൽ വലിയ ആകാംക്ഷയിലാണ് പ്രേക്ഷകർ. നേരത്തെ ഫോർ കെ അറ്റ്‌മോസ് സാങ്കേതിക മികവിൽ മോഹൻലാലിന്റെ സ്ഫടികവും ദേവദൂതനും തിയേറ്ററുകളിൽ എത്തിയപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: