സീതാന്വേഷണത്തിന് കാട്ടിലെമ്പാടും സഞ്ചരിച്ച് ശ്രീരാമലക്ഷ്മണന്മാര് കിഷ്കിന്ധയിലെത്തുന്നു. അവിടെ ഹനുമാന്‍വഴി ഋഷ്യ മൂകാചലത്തില്‍ വെച്ച് സുഗ്രീവനുമായി സന്ധിചേരുന്നു.
ഋഷ്യമൂകാചലത്തിന് പ്രത്യേകതയുണ്ട്. ബാലിക്ക് അവിടെ കയറിക്കൂടാ. ദുന്ദുഭിയെന്ന അസുരനെ (പോത്തിന്റെ രൂപം പൂണ്ട രാക്ഷസന്) തോല്‍പ്പിച്ച് അവന്റെ തലയെടുത്ത് ബാലി എറിഞ്ഞപ്പോള്‍ ചെന്നുവീണത് ഋഷ്യമൂകാചലത്തില്‍ തപസ്സിലിരുന്ന മതംഗമുനിയുടെ ആശ്രമത്തിലാണ്. അശുദ്ധി വന്നതിനെത്തുടര്‍ന്ന്, ബാലി ഈ മലയില്‍ കയറിയാല്‍ തല പൊട്ടിത്തെറിക്കട്ടെ എന്ന് മുനി വിലക്കിയതാണ് കാരണം. കാട്ടിലെ ധര്‍മവിരുദ്ധ പ്രവര്‍ത്തനമാണ് ആ ശാപത്തിന് അടിസ്ഥാനം. ബാലിയെ വധിച്ച് സുഗ്രീവനെ വാഴിച്ച് ശ്രീരാമന് കാട്ടില്‍ കഴിഞ്ഞ് സീതാന്വേഷണത്തിന് ഒരുക്കം കൂട്ടി. അതിനിടയില്‍ വര്‍ഷകാലം വന്ന് ശരത്കാലത്താണ് തിരച്ചില്‍ തുടങ്ങുന്നത്. ശരത്കാലം സൂര്യന്റെ ചൂടു കുറഞ്ഞ് ആകാശവും നദികളുമെല്ലാം സ്വച്ഛവും അച്ഛവുമായിരുന്നു. വര്‍ഷകാലം മഴക്കാലമാണ്. വനത്തില്‍ ഏറ്റവും അപകടം പിടിച്ച സമയം. പ്രകൃതി വികൃതി കാട്ടുന്നതും അനുകൂലമല്ലാതെ നില്ക്കുന്നതുമായ കാലം. അതൊഴിവാക്കി നല്ല കാലാവസ്ഥയില്‍ തിരച്ചില്‍ തുടങ്ങുകയായിരുന്നു. രാമായണം നല്കുന്ന കാലാവസ്ഥാപാഠംകൂടിയാണിത്. ഇതിഹാസ പുരാണങ്ങള്‍ ശാസ്ത്രപാഠങ്ങളാകുന്നത് ഇങ്ങനെകൂടിയാണ്. ഇപ്പോഴും വര്‍ഷം ജ്യേഷ്ഠം, ആഷാഡം എന്നീ മാസങ്ങളിലാണ് . നമുക്ക്, ജൂണ്‍ പകുതി മുതല്‍ ജൂലൈ പകുതിവരെ.
വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും അട്ടമലയിലും സംഭവിച്ച പ്രകൃതിക്ഷോഭ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ രാമായണ ചിന്തകള്‍ പങ്കുവച്ചത്. രാമായണം നല്കുന്ന പ്രകൃതിപാഠം ഏറെയുണ്ട്. അതിന് രാജനീതിയും രാഷ്ട്രനീതിയും ഭൂമിശാസ്ത്രവും അന്തരീക്ഷശാസ്ത്രവും ജന്തുശാസ്ത്രവും മാനവശാസ്ത്രവും നമ്മോട് പറയാനുണ്ട്. പക്ഷേ നമ്മള് അത്തരം ഗ്രന്ഥങ്ങളെ അന്ധവിശ്വാസങ്ങളുടെ അറപ്പുരകളിലെ അസംബന്ധങ്ങളായി മൂലയ്ക്ക് തള്ളി.
”ചിതല് തിന്ന ജടയുടെ
പനയോലക്കെട്ടൊക്കെ
ചിതയിലേക്കെറിയുവിന്‍ ചുട്ടെരിക്കിന്‍” എന്ന ചങ്ങമ്പുഴയുടെ കവിതാവരികള്‍ മന്ത്രം പോലെ ഏറ്റുപാടിയ ചിലര്‍, നളന്ദയില്‍ പണ്ട് മുഗളന്മാര് ചെയ്തതുപോലെ, ചിലത് തീയിലെരിച്ചു, ചിലത് തമസ്കരിച്ചു. ഇപ്പോള്‍ ആഗോളതാപനത്തിന്റെ അന്തര്‍ദേശീയ കാലാവസ്ഥാ സെമിനാറുകളിലെയും ഉച്ചകോടികളിലെയും പ്രസ്താവനകള്‍ പകരം പ്രമാണങ്ങളാക്കുന്നു. ശാസ്ത്രജ്ഞാനത്തിന്റെ ദുഷ്പ്രയോഗങ്ങളും പ്രാവര്‍ത്തികമാക്കലും ഉണ്ടാക്കുന്ന വിപത്തുകള്‍ അങ്ങനെ എത്രയെത്രയാണ്. വയനാടന്‍ ദുരന്തത്തിന്റെ പുതിയ അധ്യായം അങ്ങനെയൊന്നാണ്; ആരും സമ്മതിച്ചുതരുന്നില്ലെങ്കിലും.
‘വയല്‍നാടാ’യ വയനാടും വയലേറെയുള്ള കുട്ടനാടും സമാനതകള്‍ ഏറെയുള്ള പ്രദേശങ്ങളാണ്. കുട്ടനാട്ടില്‍ വയനാട്ടിലെപോലെ മലയില്ലെന്ന് മാത്രം. കുട്ടനാട്ടിലെ അത്ര നദികളും പുഴകളും കായല്‍പ്പരപ്പും വയനാട്ടിലുമില്ല. കുട്ടനാട്ടിലെ പ്രളയവും വയാട്ടിലെ ഉരുള്‍ ദുരന്തവും കേരളത്തെ ഏറെ പഠിപ്പിക്കുന്നുണ്ട്, പഠിപ്പിക്കേണ്ടതാണ്, അവയില്‍ നിന്ന് ജനത പഠിക്കേണ്ടതാണ്. 2018 ലായിരുന്നു കുട്ടനാടിനെ, പ്രത്യേകിച്ചും കേരളത്തെയാകെയും ബാധിച്ച പ്രളയം. 99 ലെ വെള്ളപ്പൊക്കമെന്ന് പഴമക്കാര്‍ പറയുന്ന 1924 ലെ ജലപ്രളയത്തിനുശേഷം ഏറെ വിനാശമുണ്ടാക്കിയ മഴയും ഉരുള്‍പൊട്ടലുകളും മൂലം 483 പേര്‍ക്ക് ജീവഹാനിയുണ്ടായതായും 14 പേരെ കാണാതായതായും മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച കണക്കില്‍ പറയുന്നു. വയനാട്ടിലെ ദുരന്തത്തിന്റെ യഥാര്‍ത്ഥ ചിത്രം ഔദ്യോഗികമായി അറിയാന്‍ ഇനിയും സമയമെടുക്കും.
കടല്ജലനിരപ്പിനടിയിലുള്ള കുട്ടനാടന്‍ പ്രദേശത്തിനെ പരിസ്ഥിതി പഠനക്കാരും ശാസ്ത്രജ്ഞരും കടലെടുക്കാന്‍ പോകുന്ന പ്രദേശമെന്നൊക്കെ വിധിച്ചുവെന്നാണ് പലരും പ്രചരിപ്പിച്ചത്. അങ്ങനെ ‘സേവ് കുട്ടനാട്’ ഫോറം വരെയുണ്ടായി. അത് കാലം തെളിയിക്കട്ടെ. അതിനെ പ്രതിരോധിക്കാന്‍ ,അധികൃതര്‍ക്ക് കരുത്തുണ്ടാവട്ടെ. എന്നാല്‍ മറ്റൊന്നാണ് കുട്ടനാട്ടിലും വയനാട്ടിലും നിന്ന് നാം പഠിക്കേണ്ടത് എന്നു തോന്നുന്നു.
കുട്ടനാട്ടിന്റെ ഗതാഗത സംവിധാനം വള്ളവും മോട്ടോര്ബോട്ടുകളുമായിരുന്നു. മാന്നാറില്‍നിന്ന് കോട്ടയം വരെ തെക്കുവടക്കും ചങ്ങനാശ്ശേരിയില്‍നിന്ന് ആലപ്പുഴയ്ക്ക് കിഴക്ക് പടിഞ്ഞാറും ഉണ്ടായിരുന്ന ദീര്‍ഘദൂര ബോട്ടുയാത്രകളായിരുന്നു മുഖ്യ ഗതാഗതബന്ധം. തോടുകളും നദികളും വഴിയുള്ള സഞ്ചാരം. നാലു പതിറ്റാണ്ടിനു മുമ്പ് പുളിങ്കുന്ന് എന്ന പ്രദേശത്ത് മുളകൊണ്ട് നിര്‍മിച്ച ഒരു വീട് അത്തരം യാത്രകളില്‍ കാണുന്നത് കുട്ടി പ്രായത്തില്‍ അത്ഭുതമായിരുന്നു. അന്ന് വയനാട്ടിലും മറ്റ് വനപ്രദേശങ്ങളിലും അത്തരം വീടുകള്‍ സാധാരണമായിരുന്നുവെന്ന് സ്കൂള്‍ ക്ലാസ്സുകളില്‍ കേട്ടുമാത്രം പരിചയം. കുട്ടനാട്ടില്‍ കൃഷിക്ക് കായല്‍പ്രദേശങ്ങളില്‍ നിര്‍മിക്കുന്ന താല്‍ക്കാലിക വീടുകള്‍ ഓലയും മറ്റും കൊണ്ടുള്ളതായിരുന്നു. ഇന്ന് കുട്ടനാട്ടില്‍ വ്യാപകമാണ് കോണ്‍ക്രീറ്റ് നിര്‍മാണങ്ങള്‍. റോഡുകള്‍ നിര്‍മിക്കാന്‍ തോടുകള്‍ നികത്തി, കൂറ്റന്‍ പാലങ്ങളും കോണ്‍ക്രീറ്റ് പാതകളും വന്നപ്പോള്‍ സുഗമമായിരുന്ന വെള്ളമൊഴുക്ക് തടസപ്പെട്ടു. വെള്ളപ്പൊക്കം നിത്യസംഭവമായി. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് അടുത്തിടെ വീണ്ടും പുതുക്കിയതും അശാസ്ത്രീയ രീതിയിലാണ്. അതായത് ആവശ്യങ്ങള്ക്കനുസൃതമായല്ല, ആരുടെയൊക്കെയോ താല്പര്യങ്ങളും അപ്പപ്പോള്‍ തോന്നുന്ന പരിഷ്കാരവും അടിസ്ഥാനമാക്കിയാണ് ആസൂത്രണങ്ങള്‍ ഓരോന്നും; അവ ഒട്ടുമേ ശാസ്ത്രീയമല്ല.
വയനാട്ടിലെ കാര്യവും സമാനമാണ്. വയനാട് കേരളത്തിലെ മറ്റ് പ്രദേശങ്ങള്‍ പോലെയല്ല. അവിടത്തെ മണ്ണ്, കാലാവസ്ഥ, ഭൂമിയുടെ ചരിവ്, ഘടന എല്ലാം വ്യത്യസ്തമാണ്. പശ്ചിമഘട്ട പ്രദേശമാകെയുള്ള പ്രത്യേകതകളില്‍ വയനാടിന് ഏറെ അസാമാന്യമായ പ്രകൃതിയാണ്. അതുകൊണ്ടുതന്നെ അവിടത്തെ ജനസമൂഹവും പ്രത്യേക ജീവിതരീതിക്കാരായിരുന്നു. കാടിന്റെ മക്കള്‍ ഏറ്റവും ഉണ്ടായിരുന്ന പ്രദേശത്തെ ആദിമജനതയുടെ വംശങ്ങള്‍ പലതും ഇല്ലാതായിപ്പോയത് അവിടെ പില്ക്കാലത്തെത്തിയവരുടെ മേല്ക്കൈകൊണ്ടുകൂടിയാണ്. നരവംശശാസ്ത്ര പഠനക്കാര്‍ നല്കുന്ന വിവരങ്ങള്‍ ഏറെ കൗതുകമുള്ളതും ആശങ്കയുളവാക്കുന്നതുമാണ്. കുട്ടനാട്ടിലെ വയല്പ്രദേശങ്ങളിലെപ്പോലെ ഓരോ ഋതുക്രമം പാലിച്ച് കൃഷി നടത്തുന്ന രീതിയാണ് വയനാടിനും പാകമായിരുന്നത്. പക്ഷേ കൃഷിയിടങ്ങള്‍ സ്ഥിരതാമസ സംവിധാനത്തിനായി മാറ്റിയെടുത്തപ്പോള്‍ ഉണ്ടായ പ്രകൃതി സന്തുലിതാവസ്ഥയുടെ പ്രശ്നങ്ങള്‍ കാലാവസ്ഥയെ ബാധിച്ചതുള്‍പ്പെടെ ആഘാതങ്ങള്‍ പലതലത്തിലാണ് വയനാട്ടിലും കുട്ടനാട്ടിലും സംഭവിച്ചിട്ടുള്ളത്.
എക്കാലത്തും മഴയുള്ള മേഘാലയ, അസം, മിസോറാം തുടങ്ങിയ പ്രദേശങ്ങളിലെ സ്ഥിതി പഠിക്കേണ്ടതുണ്ട്. മറ്റ് സംസ്ഥാനങ്ങളെ, പ്രദേശങ്ങളെ കണ്ടുപഠിക്കണമെന്നു പറയുമ്പോള്‍ ആ പ്രദേശത്തെ രാഷ്ട്രീയമെന്തെന്ന് നോക്കിയല്ല അതിനോട് പ്രതികരിക്കേണ്ടത്. സാമൂഹ്യാവസ്ഥയും പ്രകൃത്യവസ്ഥയും നോക്കണം. അതാണ് കാലവും അവസ്ഥയും ചേരുന്ന കാലാവസ്ഥ. അത് കാറ്റും വെയിലും മഴയും മാത്രമുള്ച്ചേര്ന്ന വിഷയമല്ല; അതൊരു ജീവിതരീതിയാണ്. അതായത് പ്രകൃതിക്ക് ഇണങ്ങുന്ന രീതി. മിസോറാം മലയുള്ള പ്രദേശമാണ്. അവിടെ കാട്ടുപ്രദേശത്തും മലയോരത്തും ഉരുള്‍പൊട്ടല്‍ നിത്യസംഭവമാണ്. പക്ഷേ, അത്തരം സംഭവങ്ങളില്‍ മനുഷ്യജീവന് വലിയതോതില്‍ നഷ്ടമാകുന്നില്ല. ജീവനു മാത്രമല്ല സ്വത്തിനും നാശം കുറവാണ്. കാരണം രണ്ടാണ്; ഒന്ന്: അപകടസാധ്യതകളുള്ള സ്ഥലങ്ങളില്‍ അവിടെ ആളുകള്‍ പാര്‍ക്കുന്നില്ല. രണ്ട്: സ്ഥിരമായ ആള്‍പ്പാര്‍പ്പിന് കോണ്‍ക്രീറ്റുകൊണ്ടുള്ള സ്ഥിരം കെട്ടിടങ്ങള്‍ അവര്‍ വ്യാപകമായി കെട്ടിപ്പൊക്കുന്നില്ല. അതത് പ്രദേശത്ത് ലഭ്യമായ പ്രകൃതിവിഭവങ്ങള്‍, വസ്തുക്കള്‍കൊണ്ട് അവര്‍ വീടുവയ്ക്കുന്നു, മറ്റ് സംവിധാനങ്ങള്‍ ഒരുക്കുന്നു. പ്രകൃതിക്ക് ദോഷം വരുന്നില്ല, പ്രകൃതിക്ഷോഭമുണ്ടായാല്‍ ജനങ്ങള്‍ക്ക് നാശവും സംഭവിക്കുന്നില്ല. പക്ഷേ കേരളത്തില്‍ അത്തരം കാര്യങ്ങളില്‍ വിവേകവും വിവേചനവും ഉണ്ടാകുന്നില്ല. ബന്ധപ്പെട്ടവര്‍ അതിലേക്ക് ജനങ്ങളെ വഴിതിരിക്കുന്നില്ല, .
വയനാട്ടില്‍ ഇത്ര വലിയ പ്രകൃതിക്ഷോഭ ദുരന്തം സംഭവിച്ചപ്പോള്‍ വനത്തിന്റെ ഭാഗമായ ആദിവാസി വിഭാഗത്തെ അത് ബാധിച്ചതിന്റെ തോത് കുറവാണ്. കാരണം മുമ്പ് പറഞ്ഞതാണ്, അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ അവര്‍ താമസിക്കുന്നില്ല. സൗകര്യം ഉണ്ടാക്കിക്കൊടുത്താല്‍ അത് എത്ര മെച്ചപ്പെട്ടതായാലും അവര്‍ സ്വീകരിക്കില്ല. അപകടസാധ്യത മുന്‍കൂട്ടിയറിയാന്‍ പാകത്തില്‍ അവര്‍ക്ക് പ്രകൃതിയെ അറിയാം, അവര്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. കാട്ടുമൃഗങ്ങള്‍ക്കും ആ വിവേകമുണ്ട്. അതിനാല്‍ അവയ്ക്കും ജീവപായം കുറച്ചേ സംഭവിച്ചുള്ളു.
പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ മാധവ് ധനഞ്ജയ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ എല്ലാമായി എന്നാണ് ചിലരുടെ വാദം. ഗാഡ്ഗില്‍ പോലും (കഴിഞ്ഞയാഴ്ച ഈ കോളത്തില്‍ വി.എന്‍. ഗാഡ്ഗില്‍ എന്നെഴുതിയത് പിഴവാണ്; അതില്‍ ഖേദിക്കുന്നു) ആ റിപ്പോര്‍ട്ട് പൂര്‍ണമല്ല, കൂടുതല്‍ പഠനം വേണ്ടതാണ് എന്നാണ് പറഞ്ഞിട്ടുള്ളത്. പാറമടകളും പാറപൊട്ടിക്കലും മാത്രമാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന് വാദിക്കുന്നത് ശരിയല്ല. യഥാര്‍ത്ഥ കാരണം കണ്ടെത്തി ജനങ്ങളെ അറിയിക്കണം. തെരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശകലനം പോലെ, ഒരിക്കലും സത്യാവസ്ഥ കണ്ടെത്തുകയും പറയുകയും ചെയ്യാതിരിക്കുന്ന രീതി ഇക്കാര്യത്തില്‍ പിന്തുടരുത്.
രാമായണ വിവരണത്തില്‍ തുടങ്ങിയത് ഇങ്ങനെ കുറിച്ച് അവസാനിപ്പിക്കട്ടെ. 2024 ല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ സാമ്പത്തികാവലോകന റിപ്പോര്‍ട്ടുണ്ട് ; ഇക്കണോമിക് റിവ്യു. അതിലെ 6, 7, 13 അധ്യായങ്ങളിലുണ്ട് വയനാടന്‍ ദുരന്തങ്ങളുടേതുപോലുള്ള വിഷയങ്ങളുടെ ചര്‍ച്ചക്ക് ഉപകരിക്കുന്ന വിവരങ്ങള്‍. കാലാവസ്ഥാ വ്യതിയാനം, പ്രകൃതിസംരക്ഷണം, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, മനുഷ്യരുടെ മാനസികാരോഗ്യ പാലനത്തിന്റെ പ്രശ്നങ്ങള്‍ തുടങ്ങിയവ. ഇതൊക്കെ വിദേശരാജ്യങ്ങളില്‍നിന്നുള്ള വിദഗ്ദ്ധരില്‍നിന്ന് വന്നാലേ നമ്മള് സ്വീകരിക്കുകയോ ഗൗനിക്കുകയോ എങ്കിലും ചെയ്യൂ എന്നാണ് ഇന്നത്തെ അവസ്ഥ. പല വികസിത രാജ്യങ്ങളുടെ നയനിലപാടു നടപടികള്‍ക്കും മുന്നിലാണ് നമ്മുടെ രാജ്യത്തെ നടപടികള്‍. പക്ഷേ ശാസ്ത്രീയമായ മുന്നേറ്റങ്ങളും സമ്പന്നമായ പൈതൃക ചരിത്രവുമുണ്ടായിട്ടും ഉപരിപ്ലവമായ കാര്യങ്ങളില്‍ സമയംകൊല്ലികളായി കഴിയുന്നതാണ് യഥാര്‍ത്ഥ ദുരന്തം. ആദിശങ്കരന് നല്കിയ മുന്നറിയിപ്പാണ് ശരി. ”സംപ്രാപ്തേ സന്നിഹിതേ കാലേ/നഹി നഹി രക്ഷതി ഡുകൃഞ്ജ് കരണേ’ (കാലം കഴിഞ്ഞുപോകാറാകുമ്പോള് വ്യാകരണം മാത്രംകൊണ്ട് രക്ഷപ്പെടാനാവില്ല) ‘വ്യാകരണം’ കക്ഷിരാഷ്ട്രീയം എന്ന് വ്യാഖ്യാനിക്കുമ്പോഴാണ് ആദിശങ്കരന് ആനുകാലിക ശങ്കരനാകുന്നത് എന്നു മാത്രം.
പിന്കുറിപ്പ്:
വയനാടന്‍ ദുരന്തത്തിന്റെ ഔദ്യോഗിക ദുഃഖാചരണത്തിലെ കണ്ണീര് പോലും ഉണങ്ങും മുന്‍പ് സംസ്ഥാന മുഖ്യമന്ത്രിയുടെ ‘പ്രസ്താവനാക്ഷേപാരോപണ വിമര്‍ശന പ്രതികരണം’ വന്നു: കേന്ദ്രമന്ത്രിയും സര്‍ക്കാരും കേരളത്തിനെതിരെ എന്ന്. ദുരന്തത്തില്‍ ജീവഹാനിപെട്ടവരുടെ ആത്മാക്കള്‍ പൊറുക്കുമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: