അതിസമ്പന്നമായ ചരിത്രം.. വൈവിധ്യമാര്‍ന്ന സംസ്‌കാരം.. ലോകത്തിലെ തന്നെ ഒന്നാമത്തെ ജനസംഖ്യ.. അതാണ് ഭാരതം. പല മേഖലകളിലും ആഗോളശക്തിയായ നമ്മുടെ രാഷ്‌ട്രം.. പക്ഷേ ഒളിംപിക്സ് പോലെയുള്ള വലിയ കായികവേദികളില്‍ നാം നമ്മുടെ ജനസംഖ്യയുടെ ചെറിയൊരു ശതമാനം മാത്രം ജനസംഖ്യയുള്ള രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍പ്പോലും പിന്നിലാണ്. കാലങ്ങളായി ഉയരുന്ന ചോദ്യമിതാണ്: നൂറ്റിനാല്പത് കോടിയിലധികം ജനങ്ങളുള്ള നമ്മുടെ രാജ്യം തുടര്‍ച്ചയായി ഒളിംപിക് സ്വര്‍ണം നേടാന്‍ കഴിവുള്ള ലോകോത്തര അത്ലറ്റുകളെ സൃഷ്ടിക്കാന്‍ പാടുപെടുന്നതെന്തുകൊണ്ട്?
അതിന്റെ ഉത്തരം പക്ഷേ ലളിതമല്ല. സങ്കീര്‍ണ്ണമായ വിവിധ ഘടകങ്ങള്‍ നിറഞ്ഞ ഒരു ജാലമാണ് നമ്മുടെ കായികമേഖല. അതില്‍ ആദ്യത്തേത് അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമാണ്. ഭാരതത്തില്‍ കായികവിനോദത്തിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഇപ്പോഴും അതിന്റെ ബാല്യത്തിലാണ്. ഈ മേഖലയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വ്യക്തമായ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും, ഭൂരിഭാഗം കായികതാരങ്ങള്‍ക്കും ഇപ്പോഴും ലോകോത്തര പരിശീലനസൗകര്യങ്ങളും പ്രഫഷണല്‍ കോച്ചിങ്ങും പിന്തുണയ്‌ക്ക് മറ്റ് സംവിധാനങ്ങളും ലഭ്യമല്ല എന്നതാണ് വസ്തുത. അമേരിക്കയും ചൈനയും പോലെയുള്ള വലിയ രാജ്യങ്ങളോട് മാത്രമല്ല, മെഡല്‍നിലയില്‍ നമ്മളേക്കാള്‍ മുന്നിലുള്ള ജമൈക്ക പോലുള്ള ചെറിയ രാജ്യങ്ങളുമായിപ്പോലും താരതമ്യപ്പെടുത്തുമ്പോള്‍ ഈ കുറവ് പ്രകടമാണ്. കുട്ടികള്‍ക്ക് ചെറുപ്പം മുതലേ കായികമേഖലയില്‍ ഉന്നതനിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ രാജ്യങ്ങളുടെയെല്ലാം മികവിന് കാരണം.
സ്‌പോര്‍ട്‌സിനോട് മുഖംതിരിക്കുന്ന നമ്മുടെ സമൂഹത്തിന്റെ സ്വഭാവമാണ് രണ്ടാമത്തെ ഘടകം. പഠനത്തില്‍ മികവ് പുലര്‍ത്താനുള്ള സാമൂഹികസമ്മര്‍ദ്ദം സ്‌പോര്‍ട്‌സ് ഒരു കരിയറാക്കുന്നതിന് വലിയൊരു വിലങ്ങുതടിയാണ്. ഭാരതത്തില്‍ രക്ഷിതാക്കളും വിദ്യാഭ്യാസസ്ഥാപനങ്ങളും മുന്‍ഗണന നല്‍കുന്നത് അക്കാദമിക നേട്ടങ്ങള്‍ക്കാണ്. പഠനകാലത്തെ സ്‌പോര്‍ട്‌സ് അവരെ സംബന്ധിച്ചിടത്തോളം അപ്രധാനമായ ഒന്നുമാത്രമാണ്. അല്ലെങ്കില്‍ ഗ്രേസ് മാര്‍ക്ക് കിട്ടാന്‍ വേണ്ടിയുള്ള ഒരു ‘പാഠ്യേതര പ്രവര്‍ത്തനമായി’ കാണുന്നു. ഈ ചിന്താഗതി യുവപ്രതിഭകള്‍ക്ക് എത്രത്തോളം പ്രോത്സാഹനം നല്‍കുമെന്നതില്‍ സംശയം വേണ്ടല്ലോ. സ്വാഭാവികമായും കുട്ടികള്‍ പലരും കൂടുതല്‍ ‘സുരക്ഷിത’മായ കരിയറിന് പിന്നാലെ പോകുന്നു. എത്ര വലിയ പ്രതിഭയും ചെറിയ പ്രായത്തില്‍ത്തന്നെ അവരുടെ കായികാഭിലാഷങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നു.
എന്നിരുന്നാലും, ടാര്‍ഗെറ്റ് ഒളിംപിക് പോഡിയം സ്‌കീം (ടോപ്സ്) പോലുള്ള സംരംഭങ്ങളിലൂടെ ഈ വെല്ലുവിളികളെ നേരിടാന്‍ നമ്മുടെ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ടോപ്‌സ് പ്രോഗ്രാമില്‍ ഉള്‍പ്പെട്ട പലരും വിവിധ അവസരങ്ങളില്‍ അന്താരാഷ്‌ട്രതലത്തില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയിട്ടുമുണ്ട്. പി.വി. സിന്ധുവും നീരജ് ചോപ്രയും ഈ നിരയില്‍ വരും.
പരമ്പരാഗതമായി നമ്മുടെ ശക്തികേന്ദ്രങ്ങളായ ബോക്‌സിങ്, ഗുസ്തി, ഭാരോദ്വഹനം പോലെയുള്ള കരുത്തിന്റെ പ്രതീകങ്ങളായ ഇനങ്ങളിലും ഷൂട്ടിങ്ങും അമ്പെയ്‌ത്തും ബാഡ്മിന്റണും ഹോക്കിയും പോലെയുള്ള മത്സരയിനങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചാല്‍ നമുക്കും ഒളിംപിക് മെഡല്‍ പട്ടികയില്‍ മുകളിലേക്ക് കയറിവരാന്‍ സാധിക്കും എന്നതില്‍ തര്‍ക്കമില്ല. അതിനായി നമുക്ക് നമ്മുടെ ശക്തികളെ ശരിയായി മനസ്സിലാക്കാനും ദൗര്‍ബല്യങ്ങളെ പരമാവധി ഒഴിവാക്കാനും സാധിക്കണം. ഈയിനങ്ങളില്‍ മാത്രമല്ല, അത്‌ലറ്റിക്‌സിലെ ത്രോ ഇനങ്ങളായ ജാവലിന്‍, ഷോട്ട്പുട്ട്, ഡിസ്‌കസ് എന്നിവയും ടെന്നിസും നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റിയ ഇടങ്ങള്‍ തന്നെ. കേവലം ഒളിംപിക്‌സില്‍ പങ്കെടുത്ത് ഒളിംപ്യന്‍ ആകുന്നതിലുപരി പോഡിയത്തില്‍ കയറി മെഡല്‍ ജേതാവായി നമ്മുടെ രാജ്യത്തിന്റെ യശസ്സുയര്‍ത്തുന്ന തരത്തിലേക്ക് നമ്മുടെ ചിന്താഗതി മാറണം.
ഒളിംപിക്‌സില്‍ വെന്നിക്കൊടി പാറിക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് ഇത്തവണ മതിയായ ഫലപ്രാപ്തി ലഭിച്ചിട്ടില്ലെങ്കിലും മുന്നോട്ടുള്ള പാത വ്യക്തമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിലൂടെയും കായികവിനോദങ്ങളെ വിലമതിക്കുന്ന ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിലൂടെയും കാര്യക്ഷമമായ സംഘടനാനേതൃത്വം ഉറപ്പാക്കുന്നതിലൂടെയും ഭാരതത്തിന് ലോകോത്തര കായികതാരങ്ങളെ സൃഷ്ടിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: