കോഴിക്കോട് : വിവാഹ വാഗ്ദാനം നല്‍കി ഡോക്ടറില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ മുഖ്യപ്രതിയായ യുവതി പിടിയില്‍. കാസര്‍കോട് നീലേശ്വരം പുത്തൂര്‍ സ്വദേശി ഇര്‍ഷാന ആണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച തിരുവനന്തപുരം സ്വദേശി ഡോക്ടറെയാണ് വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച് പണം തട്ടിയത്. അഞ്ച് ലക്ഷത്തിലധികം രൂപയും രണ്ടു പവന്റെ സ്വര്‍ണവും കൈക്കലാക്കിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇര്‍ഷാന. ഡോക്ടറുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത നടക്കാവ് പൊലീസ് കാസര്‍കോട് വച്ച് ഇര്‍ഷാനയെ കസ്റ്റഡിയില്‍ എടുത്തു.
ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ച പ്രതികള്‍ ഇയാള്‍ നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയ ആളാണെന്ന് മനസിലാക്കിയതോടെ ഇര്‍ഷാനയുമായി വിവാഹം ഉറപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി 8 ന് കോഴിക്കോട്ട് എത്തിയ ഡോക്ടറെ ഇര്‍ഷാനയുടെ സഹോദരനെന്ന് പരിചയപ്പെടുത്തിയ പ്രതികളില്‍ ഒരാള്‍ നിക്കാഹ് ചെയ്തു നല്‍കുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ക്ക് ഒരുമിച്ച് താമസിക്കാനായി വീട് പാട്ടത്തിന് എടുക്കാന്‍ പ്രതികള്‍ ഡോക്ടറെ കൊണ്ട് അഞ്ച് ലക്ഷം രൂപ ഇര്‍ഷാനയുടെ അക്കൗണ്ടിലേക്ക് മാറ്റി. പിന്നാലെ വീട് കാണാമെന്ന് പറഞ്ഞ ഡോക്ടറെയും കൂട്ടി പിറ്റേന്ന് നടക്കാവില്‍ എത്തി. മത്സ്യ ചന്തയ്‌ക്ക് സമീപത്തെ പള്ളിയില്‍ നിസ്‌കരിക്കാന്‍ പോയ സംഘം ഡോക്ടറെ വെട്ടിച്ച് മുങ്ങി. കാറില്‍ സൂക്ഷിച്ചിരുന്ന പരാതിക്കാരന്റെ മൊബൈല്‍ ഫോണ്‍, ടാബ് തുടങ്ങിയവയും പ്രതികള്‍ തട്ടിയെടുത്തു.
കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: