വിഴിഞ്ഞം: കോവളം കാരോട് ബൈപ്പാസിലെ സര്‍വീസ് റോഡില്‍ കുത്തനെയുള്ള കയറ്റം കയറുന്നതിനിടയില്‍ അരിയുമായി വന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടു തലകീഴായി മറിഞ്ഞു. പുറകിലേക്ക് നീങ്ങിയ ലോറി റോഡിന് കുറുകെ മറിഞ്ഞതിനാല്‍ പിന്നില്‍ നിന്നെത്തിയ വാഹനയാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഡ്രൈവറും സഹായിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇതിനിടയില്‍ ലോറിയുടെ ഡീസല്‍ ടാങ്കും ഓയില്‍ ടാങ്കും പൊട്ടി റോഡിലേക്ക് ഒഴുകിയെങ്കിലും അപകടം ഒഴിവായി.
ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ബൈപ്പാസില്‍ വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴിക്കും മുക്കോലയ്ക്കും ഇടയില്‍ സര്‍വീസ് റോഡിലാണ് അപകടമുണ്ടായത്. പുനലൂരില്‍ നിന്ന് ബാലരാമപുരത്തേക്ക് അരിയുമായി വരുകയായിരുന്ന ലോറി കുത്തനെയുള്ള കയറ്റം കയറുന്നതിനിടയിലാണ് ബ്രേക്ക് നഷ്ടപ്പെട്ടത്. വാഹനം നിയന്ത്രിക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും അമിതഭാരവും കുത്തനെയുള്ള ഇറക്കവും വിനയായി. ലോറി തലകീഴായി മറിയുകയായിരുന്നു. ഈ സമയം പുറകില്‍ നിന്ന് നിരവധി വാഹനങ്ങള്‍ വന്നെങ്കിലും ഭാഗ്യം കൊണ്ട് മാത്രമാണ് യാത്രക്കാര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. തുടര്‍ന്ന് അരിചാക്കുകള്‍ മറ്റൊരു ലോറിയിലേക്ക് മാറ്റിയശേഷം ക്രെയിനുപയോഗിച്ച് ലോറി ഉയര്‍ത്തി. റോഡില്‍ വീണ് ഒഴുകിയ ഓയില്‍ വിഴിഞ്ഞം ഫയര്‍ ഫോഴ്സ് എത്തി വെള്ളമൊഴിച്ച് കഴുകിക്കളഞ്ഞു.
ബൈപ്പാസില്‍ നിര്‍മിച്ച സര്‍വീസ് റോഡുകളിലെ കുത്തനെയുളള കയറ്റവും ഇറക്കവും, ഇടുങ്ങിയ റോഡും അമിത ഭാരവാഹനങ്ങള്‍ക്ക് കടന്നുപോകുന്ന തരത്തിലല്ലെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ആനയുമായി വന്ന ലോറി നിയന്ത്രണം തെറ്റി താഴേക്ക് ഉരുണ്ട് അപകടമുണ്ടായതുള്‍പ്പെടെ നിരവധി സംഭവങ്ങള്‍ ഇതേ സ്ഥലത്ത് നേരത്തെ ഉണ്ടായിട്ടുണ്ട്. ഇവിടെ നിന്നും കഷ്ടിച്ച് ഒരു കിലോമീറ്റര്‍ മാറി തലയ്ക്കോട് ഭാഗത്തെ കയറ്റത്തില്‍ നിന്ന് തുറമുഖ നിര്‍മാണത്തിന് കല്ലുമായി വന്ന ടിപ്പര്‍ ലോറികള്‍ നിരവധി തവണ താഴേക്ക് ഉരുണ്ട് അപകടത്തില്‍പ്പെട്ടിട്ടുണ്ട്. .ചിലത് ബൈപ്പാസിനായി ഉയരത്തില്‍ കെട്ടിപ്പൊക്കിയ വശങ്ങളില് ഇടിച്ച് നിന്നപ്പോള്‍ ഒരെണ്ണം ഉരുണ്ട് സമീപവാസിയുടെ പുരയിടത്തിനുള്ളില്‍ പതിച്ചിരുന്നു. ഈ ടിപ്പറിനെ അവിടെ നിന്ന് മാറ്റാന്‍ രണ്ടാഴ്ചയോളം വേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: