ആറ്റിങ്ങല്‍: മുദാക്കല്‍ ഗ്രാമപഞ്ചായത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സംശയ നിവാരണ ക്യാമ്പില്‍ സിപിഎം അക്രമം. ഊരുപൊയ്ക വാര്‍ഡ് അംഗം ഷൈനിയെ സിപിഎം ബ്ലോക്ക് അംഗം കയ്യേറ്റം ചെയ്തു. ക്യാമ്പ് നടന്ന സാംസ്കാരിക സംഘത്തിന്റെ ഫര്‍ണിച്ചറുകളും തകര്‍ത്ത് സിപിഎം ഗുണ്ടാസംഘം.
ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സംശയ നിവാരണത്തിനാണ് ബിജെപി വാര്‍ഡ് അംഗം ക്യാമ്പ് സംഘടിപ്പിച്ചത്. കുടുംബത്തിലെ എത്ര അംഗങ്ങള്‍ ഇന്‍ഷുറന്‍സ് കാര്‍ഡില്‍ ഉണ്ട് എന്ന് പരിശോധിക്കല്‍, കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് കുറഞ്ഞ ചെലവില്‍ പ്രിന്റ് എടുത്ത് ലാമിനേറ്റ് ചെയ്ത് നല്കല് തുടങ്ങിയവയ്ക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 10 മുതല്‍ മംഗ്ലാവുമുക്ക് ശ്രീഭൂദനാഥന് സാംസ്ക്കാരിക സമിതിയിലായിരുന്നു ഊരുപൊയ്ക വാര്‍ഡിലെ ക്യാമ്പ്. 11മണിയോടെ ഇവിടേക്ക് അതിക്രമിച്ച് എത്തിയ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കിഴുവിലം ഡിവിഷന് അംഗം നന്ദുരാജ്, സിപിഎം പ്രാദേശിക നേതാവ് അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.
ക്യാമ്പ് തടസ്സപ്പെടുത്തിയ സംഘം ഷൈനിയെ പിടിച്ചുതള്ളി അക്രമിച്ചു. ഷൈനിയെയും ക്യാമ്പില്‍ പങ്കെടുക്കാനെത്തിയവരെയും അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തി. സാംസ്കാരിക സമിതിയിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും രജിസ്റ്ററും അക്രമികള്‍ നശിപ്പിച്ചു. തുടര്‍ന്ന് പോലീസ് എത്തി ക്യാമ്പ് തുടരാന്‍ നിര്‍ദേശിച്ചു. ബ്ലോക്ക് അംഗത്തിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഷൈനി ആറ്റിങ്ങല്‍ പോലീസ് പരാതി നല്‍കിയിട്ടുണ്ട്.
സിപിഎം ഭരിക്കുന്ന കിഴുവിലം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലും സമീപ പഞ്ചായത്തുകളിലെല്ലാം സമാന രീതിയില്‍ ക്യാമ്പ് നടത്തിയിരുന്നു. മുദാക്കലിലെ സിപിഎം വാര്ഡംഗമുള്ള കുരിക്കകത്തും ക്യാമ്പ് നടത്തി. എന്നാല്‍ ബിജെപി അംഗങ്ങളുള്ള വാര്‍ഡിലെ ക്യാമ്പുകളിലേക്ക് സിപിഎം അംഗങ്ങളുടെ വാര്‍ഡില്‍ നിന്നുപോലും ആളുകള്‍ എത്തിത്തുടങ്ങി. ഇതാണ് ആക്രമണകാരണമെന്ന് വാര്‍ഡ് അംഗം ഷൈനിയും കടക്കാവൂര്‍ ബിജെപി മണ്ഡലം പ്രസിഡന്റ് പൂവണത്തുംമൂട് ബിജുവും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: