Business

സൂഡിയോ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന ടാറ്റയുടെ ട്രെന്‍റിന് അറ്റലാഭം 391 കോടി രൂപ; വെള്ളിയാഴ്ച ട്രെന്‍റ് ഓഹരി 11 ശതമാനം കയറി

സൂഡിയോ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന ടാറ്റയുടെ ട്രെന്‍റ് എന്ന കമ്പനിയുടെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസമായ ഏപ്രില്‍-ജൂണ്‍ കാലത്തെ അറ്റാദായം 391 കോടി രൂപ. ഇതോടെ ട്രെന്‍റിന്റെ ഓഹരി വെള്ളിയാഴ്ച മാത്രം 11 ശതമാനം കയറി. 5644 രൂപയുണ്ടായിരുന്ന ഓഹരി 676 രൂപ കയറി 6320 രൂപ വരെ ഉയര്‍ന്നു.

കഴിഞ്ഞ മാസങ്ങളില്‍ മിക്ക ഓഹരി ബ്രോക്കിംഗ് ഹൗസുകളും (പ്രഭുദാസ് ലീലധര്‍, മോട്ടിലാല്‍ ഓസ് വാള്‍….) എല്ലാം ട്രെന്‍റ് ഓഹരികള്‍ വാങ്ങാന്‍ നിര്‍ദേശിച്ചിരുന്നതാണ്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ട്രെന്‍റ് ഓഹരി 253 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. 2023 ആഗസ്തില്‍ 1787 രൂപയുണ്ടായിരുന്ന ഓഹരിയാണ് ഇപ്പോള്‍ ഒരു വര്‍ഷത്തില്‍ 4532 രൂപ കൂടി കയറി 6320ല്‍ എത്തിയിരിക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ട്രെന്‍റിന്റെ 100 ഓഹരികള്‍ 2023 ആഗസ്തില്‍ വാങ്ങിയ ഒരാള്‍ക്ക് (ഇതിന് 1,78700 രൂപ മുടക്കണം) 2024 ആഗസ്ത് ആകുമ്പോള്‍ (1,78700 മുടക്കിയ ആള്‍ക്ക് ഇപ്പോള്‍ 6,32000 കിട്ടിയേനെ) നാലരലക്ഷം രൂപ ലാഭം കിട്ടിയേനെ.

2024 ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ ആകെ വരുമാനം 4104 കോടി രൂപയാണ്. 2023 ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ ഇത് വെറും 2628 കോടി രൂപ മാത്രമായിരുന്നു. പലിശയും തേയ്മാനവും നികുതിയ്‌ക്കും മുന്‍പേയുള്ള വരുമാനം (എബിഡ് ററ മാര്‍ജിന്‍) ഇക്കാലയളവില്‍ 400 കോടിയാണ്. ഇത് 2023ല്‍ ഇതേ കാലയളവില്‍ വെറും 268 കോടി രൂപ മാത്രമായിരുന്നു.

ടാറ്റയുടെ റീട്ടെയ്ല്‍ രംഗത്തെ ബ്രാന്‍റാണ് ട്രെന്‍റ്. ട്രെന്‍റിന് കീഴില്‍ മൂന്ന് ബ്രാന്‍റുകളാണ് പ്രധാനമായും ഉള്ളത്. ഒന്ന് വെസ്റ്റ് സൈഡും മറ്റൊന്ന് സൂഡിയോയും പിന്നെ സ്റ്റാറും.. ഇന്ത്യയുടെ ഫാഷന്‍ റീട്ടെയ്ല്‍ സ്റ്റോര്‍ ശൃംഖലയില്‍ ഏറ്റവും വലുതാണ് വെസ്റ്റ് സൈഡ്. മികച്ച ഫാഷനുകള്‍ കൈപൊള്ളാത്ത വിലയ്‌ക്ക് നല‍്കുന്ന റീട്ടെയ്ല്‍ സ്റ്റോറാണ് സൂഡിയോ. ഭക്ഷ്യവസ്തുക്കള്‍, പലചരക്കുകള്‍ എന്നിവയുടെ ചില്ലറ വില്‍പന നടത്തുന്ന സ്റ്റോറാണ് സ്റ്റാര്‍.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക