ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന പലായനം ചെയ്തതിന് പിന്നാലെ ജയിലില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ഭാരതത്തിലേക്ക് കടന്നേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. ജയില്‍ മോചിതരായ കുറ്റവാളികള്‍ സായുധരായി ഭാരതത്തിന്റെ അതിര്‍ത്തിയില്‍ എത്തിയേക്കാമെന്നും അവര്‍ ഇവിടേക്ക് കടക്കാന്‍ ശ്രമം നടത്തിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇതോടെ അതിര്‍ത്തിയില്‍ സൈന്യത്തിന് കര്‍ശന ജാഗ്രതാ നിര്‍ദേശമാണ് ലഭിച്ചിരിക്കുന്നത്. ഇവിടെ സുരക്ഷയും ശക്തമാക്കി.
ഭീകരര്‍ ഉള്‍പ്പടെ 1,200 പേരാണ് ബംഗ്ലാദേശിലെ ജയിലുകളില്‍ നിന്നും രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശില്‍ കലാപം രൂക്ഷമായത് മുതല്‍ അതിര്‍ത്തിയില്‍ കനത്ത ജാഗ്രതയിലാണ് സൈന്യം. രാജ്യത്തെ സംഘര്‍ഷ സാഹചര്യം മുതലെടുത്ത് കള്ളക്കടത്ത് സംഘങ്ങള്‍ അതിര്‍ത്തി കടക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണിത്.
ഹസീനയുടെ നിര്‍ബന്ധിത രാജിക്ക് ശേഷം നൊബേല്‍ ജേതാവും സാമ്പത്തിക വിദഗ്ധനുമായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യൂനുസിന് ആശംസകള്‍ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശ് സര്‍ക്കാരിനെതിരെയുള്ള കലാപത്തിന്റെ മറവില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വ്യാപക അക്രമം നടന്നതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ വാക്കുകള്‍.
അതേസമയം, ഹസീനയുടെ ഔദ്യോഗിക വസതിയായ ഗണഭവനില്‍ നിന്ന് അക്രമികള്‍ മോഷ്ടിച്ച പൂച്ചയെയും ജര്‍മന്‍ ഷെപേര്‍ഡിനെയും തിരികെ നല്കിയതായി ‘അഭ്യരണ്യ’ എന്ന സംഘടന അറിയിച്ചു. ഹസീന പലായനം ചെയ്തതിന് പിന്നാലെ അവരുടെ ഔദ്യോഗിക വസതിയില്‍ നിന്ന് പൂച്ച, കസേരകള്‍, വസ്ത്രങ്ങള്‍, കോഴികള്‍, മത്സ്യം, ജര്‍മന്‍ ഷെപേര്‍ഡ് തുടങ്ങിയവയേയും അക്രമികള്‍ കൊള്ളയടിച്ചു. കൊള്ളയടിച്ച പൂച്ചയെ 40,000 ബംഗ്ലാദേശി ടാക്കയ്‌ക്ക് വിറ്റിരുന്നു. പിന്നീട് ബംഗ്ലാദേശിലെ പ്രത്യേക സുരക്ഷാ സേന ഹസീനയുടെ പ്രിയപ്പെട്ട ജര്‍മന്‍ ഷെപേര്‍ഡിനെയും പൂച്ചയെയും തിരികെ കൊണ്ടുവന്നതായും സംഘടന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: