ഒരുകാലത്ത് ഐക്യത്തിന്റെയും മികവിന്റെയും വിളക്കുമാടമായി പ്രഖ്യാപിക്കപ്പെട്ടിരുന്ന ഒളിംപിക്സ്, ചില കടുംപിടുത്തങ്ങളുടെ ഭാഗമായി അടിപതറുന്ന അവിശ്വസനീയമായ ഒരു കാഴ്ചയാണ് പോയ കുറച്ചുദിവസങ്ങള്‍ കൊണ്ട് ലോകം കണ്ടത്. ലോകത്തിലെ ഏറ്റവും മികച്ച കായികതാരങ്ങളുടെ സംഗമവേദിയാണ് ഒളിംപിക്സെന്ന് അവകാശപെടുമ്പോളും ചില ദുശാഢ്യങ്ങള്‍ കൊണ്ട് മാത്രം അനര്‍ഹരും കടന്ന് കൂടുന്നത് ആ അവകാശവാദങ്ങള്‍ക്ക് കളങ്കം ഏല്‍പ്പിക്കുന്നു.
സ്ത്രീകളുടെ അവസരം കവര്‍ന്നെടുത്ത് കൊണ്ട് സ്ത്രീകളുടെ മത്സരയിനങ്ങളില്‍ മത്സരിച്ച ‘സ്ത്രീകള്‍’ എന്നവകാശപ്പെട്ട പുരുഷപ്രജകള്‍, കായികഷമതയുടെ അളവ് കോലില്‍ സ്ത്രീയുടെ ‘ഐഡന്റിട്ടിയില്‍ ‘ കടന്ന് കൂടി എതിരാളിയായ സ്ത്രീയെ ഇടിച്ചു വീഴ്‌ത്തുന്ന പുരുഷന്‍ – കായിക ലോകത്തെ ആകെ കളങ്കപെടുത്തിയ ഒരു മത്സരം ആയിരുന്നു അത്. ഇത് ഒളിംപിക്സോ അതോ വളരെ മോശം തിരക്കഥയുള്ള ഒരു റിയാലിറ്റി ടിവി ഷോയാണോ എന്ന് പോലും ആരും ആശ്ചര്യപ്പെട്ടുപോകുന്ന തരത്തില്‍ കായികപ്രേമികളെ ആകെ കണ്ണീരില്‍ആഴ്‌ത്തിയ ഒന്ന്. വര്‍ണ്ണ -ലിംഗവിവേചനങ്ങള്‍ക്ക് എതിരായി ഉടലെടുത്ത ‘വോകിസം ‘ എന്ന ആശയം ഇരുതല മൂര്‍ച്ചയുള്ള വാളായി സമൂഹത്തിന്റെ ഇങ്ങനെ തൂങ്ങി കിടക്കുന്നത് കൊണ്ട് ഈ വിഷയത്തില്‍ സ്ത്രീപക്ഷ വാദികളും പരാജയപ്പെട്ട സ്ത്രീയ്‌ക്കായി ശബ്ദമുയര്‍ത്താന്‍ എത്തില്ല.
വളരെ പ്രതീക്ഷയോടെ ലോകം ഉറ്റ് നോക്കിയ ഉദ്ഘാടനവേളയില്‍ നിന്ന് തന്നെ വിവാദങ്ങളും തുടങ്ങിയിരുന്നു. പലപ്പോഴും പാരീസ് ഒളിംപിക്‌സിന്റെ സംഘാടകസമിതി ഉന്നമിട്ടത് ആസ്വാദനത്തിന്റെ മറ്റൊരു തലമൊരുക്കുകയായിരുന്നു എങ്കിലും ഇടയ്‌ക്ക് ഇടയ്‌ക്ക് ചക്കിനുവച്ചത് കൊക്കിനു കൊണ്ടതുപോലെ ആള്‍ക്കാര്‍ക്ക് ചിരിക്കാനുള്ള വക നല്‍കുന്ന ഒന്നായി അവസാനിച്ചു. ഉദ്ഘാടനച്ചടങ്ങിന്റെ വീഡിയോ യൂട്യൂബ് നിന്നും ഡിലീറ്റ് ചെയ്തുകളയേണ്ടി വന്നത് പോലും നാണക്കേടുണ്ടാക്കി .
പക്ഷേ പ്രഹസനങ്ങള്‍ അവിടെ തീര്‍ന്നില്ല. അന്യായമായ ഒരു വിധിനിര്‍ണയം കൊണ്ടുമാത്രം ബോക്‌സിംഗ് മത്സരത്തിന്റെ ഫലം മാറ്റിമറിച്ച നിഷാന്ത് ദേവിന്റെ മത്സരം ഉദാഹരണം. ഇടിക്കൂട്ടില്‍ എതിരാളിയെ തരിപ്പണമാക്കിയ നിഷാന്തടക്കം എല്ലാവരും ഫലപ്രഖ്യാപനം വന്നപ്പോള്‍ ഞെട്ടി. ചിലര്‍ അദ്ഭുതം കൂറി. ജയിക്കുമെന്നുറപ്പിച്ച മത്സരത്തില്‍ ജഡ്ജിങ് പാനലിന്റെ അനാസ്ഥ ഒന്നുകൊണ്ടുമാത്രം നിഷാന്ത് തോറ്റു. ചെറിയൊരു ഭാരക്കൂടുതല്‍ എന്ന പൊറുക്കാനാവാത്ത കുറ്റത്തിന് മെഡലുറപ്പിച്ചിരുന്ന വിനേഷ് ഫോഗട്ട് ഫൈനല്‍ മത്സരത്തില്‍ നിന്നുപുറത്തായി. ഈ സംഭവങ്ങള്‍ അത്ലറ്റുകളെ നിരാശരാക്കുകയും ആരാധകരെ രോഷാകുലരാക്കുകയും ചെയ്തു എന്നത് വാസ്തവമാണ്. എതിരാളിയെക്കാള്‍ കൂടുതല്‍ നിര്‍ഭാഗ്യത്തെ ഭയക്കേണ്ട പരിതാപകരമായ അവസ്ഥ!
ഒളിംപിക്‌സ് അതിന്റെ പരിസമാപ്തിയിലേക്ക് കടക്കുമ്പോള്‍, പലയിടത്തും സംഭവിച്ച പിഴവുകളെ പറ്റി ഗൗരവതരമായി ചിന്തിക്കാതിരിക്കാന്‍ കഴിയില്ല. രാഷ്‌ട്രീയവും വ്യക്തിതാല്പര്യങ്ങളും വികലമായ കാഴ്ചപ്പാടുകളും കായികക്ഷമതയ്‌ക്കും മത്സരവീര്യത്തിനും പ്രാധാന്യം നല്‍കുന്ന ഒളിമ്പിക്‌സിന്റെ ജന്മോദ്ദേശ്ശ്യത്തെത്തന്നെ നിഷേധിക്കുമ്പോള്‍ അത് നാലുകൊല്ലത്തിലൊരിക്കല്‍ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കായികമേളയുടെ ആത്മാവിനെത്തന്നെ അപകടത്തിലാക്കുമെന്നതിന്റെ വ്യക്തമായ ഓര്‍മ്മപ്പെടുത്തലായി മാറിയിരിക്കുകയാണ് പാരീസ് ഒളിംപിക്സ്.
ഇത്തരം പിഴവുകളും വാശികളും കൊണ്ടുണ്ടായ ഏറ്റവും വലിയ നഷ്ടം പല രാജ്യങ്ങള്‍ക്കും നഷ്ടമായ മെഡലുകളോ തകര്‍ന്നുപോയ വിശ്വാസ്യതയോ അല്ല; മറിച്ച് ഒരിക്കല്‍ ഒളിമ്പിക്സിനെ മാനുഷികനേട്ടങ്ങളുടെ പ്രതീകമാക്കിയ മൂല്യങ്ങളുടെ അപചയമാണ്. കായികരംഗത്തെ മികവുറ്റ നേട്ടങ്ങളുടെ ആഘോഷത്തിനുപകരം, വിഡ്ഢിച്ചിന്തകള്‍ക്ക് ലഭിക്കുന്ന അതിരുകടന്ന പ്രാധാന്യമാണ് ഈ ഒളിമ്പിക്‌സിലുടനീളം കാണാന്‍ സാധിച്ചത്. തെറ്റുകളില്‍ നിന്ന് മനുഷ്യന്‍ പഠിക്കട്ടെ. ചരിത്രവും അങ്ങനെ ആണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: