പാരീസ്: നന്ദി ശ്രീജേഷ്… നന്ദി ഹര്‍മന്‍പ്രീത്… പോയ രാവിന്റെ ദുഃഖക്കടലില്‍ നിന്ന് ഈ നാടിനെ അഭിമാനത്തിന്റെ ആകാശങ്ങളിലേക്ക് ഉയര്‍ത്തിയതിന്… അമ്പത്തിരണ്ടാണ്ടിനിപ്പുറം ഭാരത ഹോക്കി തുടര്‍ച്ചയായും രണ്ടാം തവണയും ഒളിംപിക് മെഡലില്‍ മുത്തമിട്ടിരിക്കുന്നു. പാരീസില്‍ ഭാരത ഹോക്കി ടീമിന് പൊന്തൂക്കമുള്ള വെങ്കലത്തിളക്കം. ഇതിഹാസ താരം പി.ആര്. ശ്രീജേഷിന് അഭിമാനപതക്കമണിഞ്ഞ് വിടവാങ്ങല്‍. ടര്‍ഫില്‍ സാഷ്ടാംഗം പ്രണമിച്ചാണ് ശ്രീജേഷ് ചരിത്രവിജയം ആഘോഷമാക്കിയത്. സഹതാരങ്ങള്‍ തങ്ങളുടെ എക്കാലത്തെയും കരുത്തനായ നായകനെ തോളിലേറ്റി ഗ്രൗണ്ടില്‍ വലം വച്ചു. ഗാലറിയില്‍ ദേശീയപതാകകള്‍ പാറി… വന്ദേമാതരം മുഴങ്ങി…
തൊടുത്ത ഗോളെന്നുറച്ച ഷോട്ടിന് മുന്നില്‍ പാറ പോലെ ഉറച്ചു നിന്നു അയാള്‍. പറാട്ട് രവീന്ദ്രന് ശ്രീജേഷ്… രാജ്യത്തിന്റെ കായിക ചരിത്രത്തില്‍ തന്റെ പേര് സ്വര്‍ണ ലിപികളാല്‍ എഴുതി ചേര്‍ത്ത നിമിഷം. പാരീസ് നഗരത്തിലെ യവെസ്-ദു-മനോയിര്‍ സ്റ്റേഡിയത്തില്‍, ലോകമെങ്ങും ആരാധകര്‍ ഇളകി മറിഞ്ഞു.
പാരീസില്‍ നിന്നും ഈ ഹോക്കി സംഘം ഉടനെ മടങ്ങും മറ്റൊരു യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെട്ട്, ടീം അംഗങ്ങള്‍ മാത്രമല്ല രാജ്യവും കേരളവും ഉള്‍ക്കൊള്ളുകയാണ്- 20 വര്‍ഷത്തോളം ഭാരത ഗോള്‍ വലയ്ക്ക് മുന്നിലെ കാവലാള്‍ ഇനിയില്ലെന്ന യാഥാര്‍ത്ഥ്യം. 2004ല്‍ ഭാരതത്തിന്റെ ജുനിയര്‍ ടീമിനായി കളിച്ച് കരിയര്‍ തുടങ്ങി.
രണ്ട് വര്‍ഷത്തിന് ശേഷം കൊളംബോയില്‍ നടന്ന ദക്ഷിണേഷ്യന്‍ ഗെയിംസില്‍ സീനിയര്‍ ടീമില്‍ അരങ്ങേറി. 2008ല്‍ ഭാരതം ജൂനിയര്‍ ഏഷ്യ കപ്പ് സ്വന്തമാക്കുമ്പോള്‍ ടൂര്‍ണമെന്റിലെ ബെസ്റ്റ് ഗോള്‍ കീപ്പറായി. പിന്നീട് ഭാരത ടീമിന്റെ ഭാഗമായിരുന്നെങ്കിലും സ്ഥിരം ഗോള്‍കീപ്പറായി അവരോധിക്കപ്പെട്ടത് 2011ല്‍. അക്കൊല്ലം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരായ മത്സരത്തിലെ നിര്‍ണായക സേവ് ദേശീയ ടീമിന്റെ ഭാവി താരത്തിന്റെ വരവറിയിക്കുന്നതായി. തുടര്‍ന്നിങ്ങോട്ട് ഇന്നലെ വരെ ശ്രീ ഭാരത ഹോക്കിയുടെ അവിഭാജ്യഘടകമാകുന്നതാണ് കണ്ടു വന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഭാരത ഹോക്കി പുഷ്ടിപ്പെട്ട കാലം കൂടിയായിരുന്നു ഇത്. 2016ലെ റയോ ഡി ജനീറോ ഒളിംപിക്സില്‍ ഭാരതത്തിന്റെ നായകനായി. അക്കൊല്ലം ടീം ക്വാര്‍ട്ടര്‍ വരെ മുന്നേറി. കഴിഞ്ഞ തവണ ടോക്കിയോയില്‍ കണ്ടത് ചരിത്രം. ഇപ്പോഴിതാ അതിന് ആവര്‍ത്തനം.
36-ാം വയസിലും കരിയര്‍ ആരംഭിച്ച കാലത്തെ 16കാരന്റെ ചടുലതയോടെ ശ്രീ തുടരുകയാണ്. അതിന്റെ പ്രതിഫലനം കൂടിയാണ് അഞ്ച് പതിറ്റാണ്ട് ശേഷമുള്ള ഭാരതത്തിന്റെ ഹോക്കിയിലെ മെഡല്‍ തുടര്‍ച്ച. ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയോടും ന്യൂസിലന്‍ഡിനോടും ക്വാര്‍ട്ടറില്‍ ബ്രിട്ടനെതിരായ മത്സരത്തിലെ സേവും പെനല്‍റ്റി രക്ഷിച്ചതും. സെമിയില്‍ പരാജയം രുചിച്ചെങ്കിലും അവസാന ആറ് മിനിറ്റ് ശേഷിക്കുമ്പോളാണ് ഭാരതം പരാജയ ഗോള്‍ വഴങ്ങിയത്. അതുവരെ ടീമിനെ പിടിച്ചു നിര്‍ത്തിയതില്‍ ശ്രീയുടെ സേവുകള്‍ നിര്‍ണായകമായിരുന്നു. കഴിഞ്ഞ തവണ വെങ്കല പോരില്‍ ജര്‍മനിയെ കീഴടക്കിയാണ് ഭാരതം മെഡല്‍ ദാഹം തീര്‍ത്തത്. അന്നത്തേതില്‍ നിന്നും ശ്രീയ്ക്ക് ഇന്ന് പ്രായം കൂടിയെങ്കില്‍ മികവ് അതിനേക്കാള്‍ ഇരട്ടിച്ചിട്ടേയുള്ളൂ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: