മായാമാനുഷനാകുന്ന രാമന്റെ ആത്മസ്വരൂപവും വിശുദ്ധിവൈഭവങ്ങളും അനാവരണം ചെയ്യുന്ന കാവ്യരംഗങ്ങള്‍ ഭക്തി രസാനുഭൂതിയാല്‍ സമ്പന്നമാണ്. ഭക്തിമുക്തിയുെട മായികാക്ഷരിയായി അവ പ്രത്യക്ഷപ്പെടുന്നു. ലൗകിക ജീവനത്തിന്റെ സാമാന്യ പ്രത്യയങ്ങള്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുമ്പോള്‍ രാമന്‍ മാനുഷ വേഷമണിയുന്നു. ജീവിത നാടകത്തിന്റെ അരങ്ങില്‍ സംഭവങ്ങളും അനുഭവ തീവ്രതയും സംഘര്‍ഷങ്ങളും അതിനൊത്ത കര്‍മ്മ മേലാപ്പുകളും നേടിയെടുക്കുകയാണ് രാമന്‍. ധര്‍മ്മ സംസ്ഥാപനത്തിനായുള്ള പരമലക്ഷ്യത്തിനാണ് ഈ പ്രച്ഛന്നവൃത്തികള്‍.
സീതാന്വേഷണത്തിലൂടെ ആരണ്യകാണ്ഡം വിരചിക്കുന്നത് ആത്മാന്വേഷണത്തിന്റെ മോക്ഷമാര്‍ഗ്ഗം തന്നെ. മാരീചന് അമരത്വമേകി തിരിച്ചുവരുന്ന രാമന്‍ വിഷാദിയായിത്തീര്‍ന്ന ലക്ഷ്മണനെ ദൂരത്തുനിന്നു കണ്ടു.
”രക്ഷോനായകന്‍ കൊണ്ടുപോയതു മായാസീതാ
ലക്ഷ്മീദേവിയെയുണ്ടോ മറ്റാര്‍ക്കും ലഭിക്കുന്നു.”
എന്ന ആത്മഗതം രാമനിലുയരുന്നു. ലക്ഷ്മണനോടുപോലും യഥാര്‍ത്ഥ സീത അഗ്നിമണ്ഡലത്തില്‍ സുരക്ഷിതയായി കഴിയുന്ന കാര്യം രാമന് പറയാവതല്ല. സീതാ വിരഹത്തില്‍ ദുഃഖിതനാണ് താനെന്ന് പ്രാകൃതനെപ്പോലെ സ്വയം അഭിനയിച്ചുകാട്ടാമെന്ന് രാമന്‍ കരുതുന്നു. എല്ലാം രാവണവധത്തിനു വേണ്ടിയെന്ന് കരുതി രാമന്‍ സ്വയം ആശ്വസിക്കുന്നു.
”മായാ മാനുഷനാകുമെന്നുടെ ചരിതവും
മായാവൈഭവങ്ങളും കേള്‍ക്കയും ചൊല്ലുകയും
ഭക്തിമാര്‍ഗ്ഗേണ ചെയ്യും ഭക്തനപ്രയാസേന
മുക്തിയും സിദ്ധിച്ചീടുമതിനില്ല സംശയം”
എന്ന് ആത്മപ്രകൃതി അനാവരണം ചെയ്യുകയാണ് രാമന്‍. രാമരാജ്യഭാരവും ധര്‍മ്മസംരക്ഷണവും ലക്ഷ്യമാക്കുന്ന ഭാവിയുടെ കര്‍മ്മ ചരിത പശ്ചാത്തലത്തിലാണ് രാമന്‍ ആത്മസ്വരൂപിയെങ്കിലും മാനവ കര്‍മ്മത്തിലൂന്നി നില്‍ക്കുന്നത്. ഉണ്ടായ വിവരമെല്ലാം ലക്ഷ്മണന്‍ ഭക്ത്യാരധനയോടെ ജ്യേഷ്ഠസഹോദരനെ അറിയിക്കുന്നു. സതാദേവി തന്നോടുച്ചരിച്ച അധര്‍മ്മവചനം എന്തെന്ന് പറയാന്‍ അശക്തനാണ് താന്‍ എന്നുപോലും അറിയിച്ചാണ് ലക്ഷമണന്‍ രാമസവിധം നിന്നത്. വിശദീകരണം രാമന് സമ്മതമായില്ല.
”എങ്കിലും പിഴച്ചിതുപോന്നതു സൗമിത്രേ നീ
ശങ്കയുണ്ടായീടാമോ ദുര്‍വചനങ്ങള്‍ കേട്ടാല്‍
യോഷമാരുടെ വാക്കു സത്യമെന്നോര്‍ക്കുന്നവന്‍
ഭോഷനെത്രയുമെന്ന് നീയറിയുന്നതില്ലേ”
എന്ന രാമന്റെ ചോദ്യശരം കൃത്രിമമായി ചൊരിയുന്ന ശകാരവചനം മാത്രമാണ്. സത്യധര്‍മ്മങ്ങള്‍ സംരക്ഷിക്കാന്‍ ചിലപ്പോള്‍ മനസ്സമ്മതമില്ലാതെ മനുഷ്യന്റെ വാക്കും പ്രവര്‍ത്തിയും നിയോഗിക്കപ്പെടും. അനന്തരമുള്ള രാമവിലാപം കരുണാപൂരമായ സ്‌നേഹധര്‍മ്മവിചാരത്തിന്റെ കണ്ണീര്‍മുത്തുകളാണ്. ‘നിഷ്‌കളനാത്മാരാമനും നിര്‍ഗ്ഗുണനാത്മനന്ദനു’മായ രാമന്‍ കരയുന്ന ചിത്രം ഒരു പതിഞ്ഞ ചിരിയോടെയാവണം തുഞ്ചത്താചാര്യന്‍ എഴുതുന്നത്. കാനനം തോറും കണ്ണീരൊലിപ്പിച്ച് തേങ്ങി നടക്കുന്ന രാമന്റെ രൂപം വിരഹാകുലന്റെ അഗ്നിപഥമുണര്‍ത്തുന്നു. ‘വന ദേവതമാരേ! നിങ്ങളുമുണ്ടോകണ്ടു… വനജേക്ഷണയായ സീതയെ സത്യം ചൊല്‍വിന്‍’ എന്ന് തുടങ്ങുന്ന തേങ്ങലുകള്‍ സര്‍വ്വചരാചരങ്ങളോടുമായി പരിണമിക്കുന്നുണ്ട്. ആത്മദുഃഖം പ്രകൃതിയുമായി പങ്കുവെയ്‌ക്കാന്‍ വിധിക്കപ്പെട്ടവനാണ് മനുഷ്യന്‍. പ്രകൃതീശ്വരിയായ സീതയെപ്പോലും പ്രകൃതിയിലന്വേഷിക്കുന്ന ആത്മാന്വേഷണ പ്രവണമായ പ്രകൃതിയാണത്. രാമന്റെ ഈ ‘സഞ്ചാര വിഷാദ’-ത്തെ എഴുത്തച്ഛന്‍ ദര്‍ശനപരമായി അടയാളപ്പെടുത്തുന്നതിങ്ങനെയാണ്.
‘മായയാ മനുഷ്യഭാവേന ദുഃഖിച്ചീടിനാന്‍
കാര്യ മാനുഷന്‍ മൂഢാത്മാക്കളെയൊപ്പിപ്പാനായ്.
തത്ത്വജ്ഞന്മാര്‍ക്ക് സുഖദുഃഖ ഭേദങ്ങളൊന്നും
ചിത്തേ തോന്നുകയുമില്ലജ്ഞാനമില്ലായ്കയാല്‍”
രാമന്റെ കരളലിയിക്കുന്ന സഞ്ചാരപാതയില്‍ അങ്ങകലെ വീണു കിടക്കുന്ന ജടായുവിനെ രാമലക്ഷ്മണന്മാര്‍ കണ്ടെത്തുന്നു. സീതയെ പിടിച്ചുഭക്ഷിച്ച ഏതോ രാക്ഷസനാണെന്ന് കരുതി വധിക്കാനായാണ് അവര്‍ ആ രൂപത്തിനടുത്തെത്തിയത്. രാവണന്റെ സീതാപഹരണവും തന്റെ ചെറുത്തുനില്‍പ്പും ചിറകുവെട്ടി പതിച്ചുപോയ തന്റെ കദനകഥയും ജടായു രാമലക്ഷ്്മണന്മാരുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. ഭക്ത്യാദരങ്ങളോടെയുള്ള ജടായുവിന്റെ ആത്മസമര്‍പ്പണം ആചാര്യകവി ആവിഷ്‌കരിക്കുന്നത് ഭക്തിയുടെ ആത്മലഹരിയിലാണ്. രാമന്റെ തലോടലേറ്റ് പക്ഷി ശ്രേഷ്ഠന്റെ ആത്മാവ് സ്വര്‍ഗ്ഗം പൂകുന്നരംഗം ഭക്തി സൗരഭപൂരമായാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജടായുവിന്റെ ശിരസ്സെടുത്ത് സ്വന്തം മടിയില്‍ ചേര്‍ത്തുനിര്‍ത്തുന്ന രാമന്‍ പ്രകൃതിയിലെ സര്‍വ്വചരാചരങ്ങള്‍ക്കും സ്‌നേഹോര്‍ജ്ജം പകരുന്ന മൂര്‍ത്തിയായി പുനര്‍ജ്ജനിക്കുന്നു. ദിവ്യരൂപം പൂണ്ട് മഹാകാശത്തിലേക്കുയര്‍ന്ന പക്ഷീന്ദ്രന്റെ സ്തുതി ആരണ്യകാണ്ഡത്തെ പുണ്യപര്‍വ്വമായി പുനഃസൃഷ്ടിക്കുകയാണ്. രാമനാമ മലരുകള്‍കൊരുത്ത വനമാലയാണ് ജടായു രാമകണ്ഠത്തിലണിയിക്കുന്നത്. ഈ സ്‌തോത്രപഠിതാവിന് ബ്രഹ്മപൂജിതമായ പദം ലഭിക്കുമെന്ന് രാമനോതുന്നു. ജടായുവിന്റെ ത്യാഗവൈഭവവും വിഷ്ണു സാരുപ്യപദവിയും വര്‍ണ്ണിക്കുന്ന ആചാര്യകവി രാമരസായന പുണ്യത്തിലാഴുന്നു.
കബന്ധന്റെ മോക്ഷപ്രാപ്തിയും രാമസ്തുതി ഗീതിയും അനുപമമായ ബ്രഹ്മസായുജ്യത്തിന്റെ അലകളാണ്. ‘അന്തവുമാദിയുമില്ലാതൊരു പരബ്രഹ്മം അന്തരാത്മനി തെളിഞ്ഞുണര്‍ന്നു വസിക്കേണം’ എന്ന പ്രാര്‍ത്ഥന ഋഗ്വേദത്തിലെ ‘അചിത്തം ബ്രഹ്മഃ’ എന്ന സൂത്രത്തില്‍ ദര്‍ശിക്കാം. ബ്രഹ്മം എന്ന പദത്തില്‍ ഇന്ദ്രിയാതീതമായ വിഭൂതി പ്രസരിക്കുന്നു.
രാമനെ മുന്‍നിര്‍ത്തി ആരണ്യകാണ്ഡത്തില്‍ അവതീര്‍ണ്ണമാകുന്ന അഞ്ച് സ്തുതികളും അടിസ്ഥാനപരമായി ബ്രഹ്മത്തെ നിര്‍വ്വചിക്കാനും നിരൂപിക്കാനുമൊരുങ്ങുന്നു. അവ വ്യത്യസ്തപദാവലികളിലും നിരീക്ഷണങ്ങളിലുമാണെങ്കിലും രാമനെ പരബ്രഹ്മമായി വാഴിക്കുന്നു. ‘വാക്കുകൊണ്ടുച്ചരിച്ച് ഉച്ചിഷ്ടമാക്കാന്‍ കഴിയാത്തതാണ് ബ്രഹ്മം’ എന്ന ശ്രീരാമകൃഷ്ണ വചനാമൃതം അനശ്വരമാണ്. രാജാവ് ഗുരുവിനോട് ബ്രഹ്മത്തെപ്പറ്റി ചോദിച്ചപ്പോള്‍ മൗനത്തില്‍ വിവരിച്ചുകൊടുത്തു. വീണ്ടും സംശയമുന്നയിച്ചപ്പോള്‍ ‘ആത്മാവ് ഉപശാന്തമാണെന്ന്’ ഗുരു മൊഴിയുന്ന രംഗം ‘ബ്രഹ്മസൂത്രഭാഷ്യ’ത്തില്‍ ദര്‍ശിക്കാം. മാനവവേഷത്തില്‍ നിന്ന് ബ്രഹ്മവിഗ്രഹ സാരുപ്യം നേടുകയാണ് രാമന്‍.
(തുടരും).
പ്രതികരിക്കാൻ ഇവിടെ എഴുതുക: