മേപ്പാടി: ചൂരല്‍മല ദുരന്തഭൂമിയില്‍ നിന്ന് ആശുപത്രിയിലേക്കെത്തുന്ന ആംബുലന്‍സുകളില്‍ തങ്ങളുടെ ഉറ്റവരുണ്ടോ എന്നറിയാനായി വലിയ ആള്‍ക്കൂട്ടമാണ് ഇപ്പോഴും ഓടിയെത്തുന്നത്. പക്ഷേ, പലര്‍ക്കും നിരാശ മാത്രമായിരിക്കും ഫലം. ഉറ്റവര്‍ ജീവനോടെയുണ്ടോ ഇല്ലയോ എന്നറിയാതെ, അനിശ്ചിതമായി കാത്തിരിക്കുന്നവര്‍ ഏറെയുണ്ട് മേപ്പാടിയിലും ചൂരല്‍മലയിലുമെല്ലാം.
ഒന്‍പതുവയസുള്ള മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നുപേരെ തേടി നാല് ദിവസമായി മേപ്പാടിയിലെ ക്യാമ്പില്‍ കഴിയുകയാണ് വയനാട് എരുമാട് സ്വദേശി സ്വാമിദാസ്. ആറുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല ആദ്യം. അതില്‍ മൂന്നുപേരെ കിട്ടി. അളിയന്, അളിയന്റെ ഭാര്യ, എട്ടുവയസുള്ള മകളെ എന്നിവരെയാണ് കിട്ടിയത്. ഒന്‍പതുവയസുള്ള മകളേയും ഭാര്യയുടെ മാതാപിതാക്കളേയും കണ്ടുകിട്ടാനുണ്ട്. നാല് ദിവസമായി നോക്കിനില്ക്കാണ്. വരുന്ന ആംബുലന്‍സിലൊക്കെ നോക്കുന്നുണ്ട്.
”എന്റെ മോള്, ഒന്‍പതുവയസുള്ള മോളാണ്. അനന്തിക എന്നാണ് പേര്, എന്തെങ്കിലും വിവരം ഉണ്ടെങ്കില്‍ അറിയിക്കണം. എന്റെ മോളെ മുഖം കണ്ടാല്‍ മതി. സംഭവസമയം ഞാന്‍ എരുമാട് എന്റെ വീട്ടിലായിരുന്നു. ഭാര്യയുടെ വീടാണ് വെള്ളാര്‍മലയില്‍. കഴിഞ്ഞവര്‍ഷമാണ് മോളെ വെള്ളാര്‍മല സ്കൂളില്‍ ചേര്‍ത്തത്. എന്റെ മോളെ കിട്ടിയാല്‍ അറിയിക്കണം. എനിക്ക് അവളുടെ മുഖമൊന്ന് കണ്ടാല്‍ മതി. ഇങ്ങനെയൊരു അവസ്ഥ ഒരു മാതാപിതാക്കള്‍ക്കും വരാന്‍ പാടില്ല,” സ്വാമിദാസ് വിതുമ്പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: