വയനാട്: ഉരുള്‍പൊട്ടലില്‍ ഉള്ളുലഞ്ഞവക്ക് മാനസികാരോഗ്യ സംരക്ഷണം ഉള്‍പ്പെടെയുള്ള ആയുര്‍വേദ – ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ആയുര്‍വേദ മെഡിക്കല്‍ സംഘം. ദുരന്തത്തില്‍ ഒടിവ്, ചതവ് തുടങ്ങിയ പരിക്കുകളോടെ രക്ഷപെട്ടവര്‍ക്ക് വേണ്ട ആയുര്‍വേദ ചികിത്സകള്‍, മാനസിക ആഘാതം കുറയ്ക്കുന്നതിന് വേണ്ടിയുള്ള കൗണ്‍സലിങ് തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും ആയുഷ് മിഷനും ഭാരതീയ ചികിത്സ വകുപ്പും സംയുക്തമായി ഒരുക്കിയിട്ടുണ്ട്. മറ്റു ജില്ലകളില്‍ നിന്നുള്ള ആയുര്‍വേദ സ്പെഷ്യലിസ്റ് മെഡിക്കല്‍ ഓഫീസര്‍മാരെയും വകുപ്പ് നിയോഗിച്ചിട്ടുണ്ട്.
ദുരന്തം നടന്ന ആദ്യദിനം തന്നെ ഭാരതീയ ചകിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.പ്രീത, നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ഹരിത ജയരാജ് എന്നിവരുടെ നേതൃത്വത്തില്‍ മേപ്പാടി ദുരിതാശ്വാസ ക്യാമ്പില്‍ അടിയന്തര ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു.
വിവിധ ക്യാമ്പുകളില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറു വരെയും, കൂടുതല്‍ പേരുള്ള ക്യാമ്പുകളില്‍ രാത്രി പത്തു വരെയും ആയുഷ് മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാണ്.
മാനസിക ആഘാതം ഏറ്റവര്‍ക്ക് കൗണ്‍സലിങ് നല്കാന് ആയുര്‍വേദ മാനസികാരോഗ്യ വിഭാഗം സ്പെഷ്യലിസ്റ്റുകളുടെ സേവനം ഉറപ്പാക്കും. കൂടാതെ രക്ഷാപ്രവര്‍ത്തകരായ എന്‍ഡിആര്‍എഫ്, മറ്റു ആര്‍മി വിഭാഗങ്ങള്‍, സന്നദ്ധ സേവകര്‍ എന്നിവര്‍ക്കും ആവശ്യമായ ആയുര്‍വേദ മെഡിക്കല്‍ പരിരക്ഷ നല്കിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: