മേപ്പാടി: പുത്തുമല പൊട്ടിയടര്‍ന്നിട്ട് നാളേക്ക് അഞ്ചുവര്‍ഷം. അറ്റം കാണാത്ത വന്മരങ്ങള്ക്കും പാറക്കൂട്ടങ്ങള്‍ക്കുമൊപ്പം കുതിച്ചെത്തിയ ചളിമണ്ണ് പലയിടങ്ങളില്‍ നിന്നായി 17 മനുഷ്യജീവനുകളാണ് മണ്ണിനടിയിലാഴ്ത്തിയത്. ദുരന്തം നടന്ന് അഞ്ചുവര്ഷമാവുമ്പോഴും നാടിന്റെയാകെ വേദനയായി കാണാമറയത്ത് തന്നെയാണ് അന്ന് അപകടത്തില്‍ കാണാതായ അഞ്ചു പേര്.
2019 ആഗസ്ത് എട്ടിനു വൈകിട്ടാണ് മേപ്പാടി പച്ചക്കാട് ഉരുള്‍പൊട്ടി താഴ്വാരത്തെ പുത്തുമല ദുരന്തഭൂമിയായായത്. മണ്ണും കല്ലും മരവും കൂടിക്കലര്‍ന്നു കുത്തിയൊഴുകിയ ഉരുള്‍വെള്ളം അനേകം കുടുംബങ്ങളെയാണ് കണ്ണീരിലാക്കിയത്. 12 മൃതദേഹങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ദുരന്തഭൂമിയില്‍നിന്നു കണ്ടെടുത്തു. കാണാതായ അഞ്ചുപേര്‍ മൂന്നാണ്ടുകള്ക്കിപ്പുറവും വയനാടിന്റെയാകെ വേദനയാണ്.
മണ്ണിന്റെ ആഴങ്ങളില്‍ അന്ത്യവിശ്രമംകൊള്ളുന്ന ഇവരെക്കുറിച്ചുള്ള ഓര്‍മകളില്‍ നീറുകയാണ് ബന്ധുമിത്രാദികള്‍. ശക്തമായ ഉരുള്‍പൊട്ടലില്‍ പാറക്കൂട്ടങ്ങളും വന്മരങ്ങളും ഒഴുകിയൊലിച്ച് ഗ്രാമത്തിലെ 58 വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും തകരുകയും ഏക്കര്‍കണക്കിനു കൃഷിയിടം മണ്ണിനടിയിലാവുകയും ചെയ്തിരുന്നു. താഴ്വാരത്തെ ആരാധനാലയങ്ങള്‍, ക്വാര്‍ട്ടേഴ്സുകള്‍, വാഹനങ്ങള്‍, എസ്റ്റേറ്റ് പാടി, കാന്റീന്, പോസ്റ്റ് ഓഫീസ് തുടങ്ങിയവ മലവെള്ളം കൊണ്ടുപോയി.
പുത്തുമലയുടെ നോവോര്‍മ്മകള്‍ മായുംമുമ്പേയാണ് തൊട്ടടുത്ത ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, പ്രദേശങ്ങളെ നക്കിത്തുടര്ച്ച് മഹാപ്രളയത്തിന്റെ ആവര്‍ത്തനമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: