കല്‍പ്പറ്റ: കുമാരനാശാന്റെ പ്രസിദ്ധമായ കാവ്യം കരുണയില്‍ ഒരു അരയാലിനെ വര്‍ണ്ണിക്കുന്നുണ്ട്. ശ്മശാനഭൂമിയില്‍ നില്ക്കുന്ന അശ്വത്ഥം; അരയാല്‍. സുഖാഡംബരാഘോഷങ്ങളും ദുഃഖപൂരിതവുമായ ജീവിതങ്ങളുടെ അവസാന യാത്രാകേന്ദ്രമായ ശ്മശാനഭൂമിയിലെ ആല്‍മരം ഒരു പ്രതീകമാണ്.
ശ്മശാനഭൂമിപോലെയായി മാറിക്കഴിഞ്ഞ, വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന ചൂരല്‍മലയില്‍ ചാലിയാര്‍ പുഴയോരത്ത് നില്‍ക്കുന്നുണ്ട് ഒരു ആല്‍മരം. അതും ഒരു പ്രതീകമാണ്. ചൂരയില്‍മലയിലെ ആല്മരത്തില് ആയത്തില്‍ ആഘാതം ഏല്‍പ്പിച്ച കൂറ്റന്‍ പാറകള്‍ അടുത്ത് കിടക്കുന്നു. വന്നലച്ച കൂറ്റന്‍ മരങ്ങളുടെ തായ്ത്തടികള് എത്രയെത്ര! പക്ഷേ ആല് മറിഞ്ഞുവീണില്ല. അനങ്ങാതെ നിന്നു. ഒരു കേടും പറ്റാതെ, അടിയുറച്ച്, കരുത്തുകാണിച്ച്.
ഈ ആല്‍മരത്തില്‍ത്തട്ടിയാണ് തൊട്ടുതാഴേക്ക് വെള്ളവും കല്ലും മരവും ഒഴുകുന്നത് വഴിമാറിയത്. ഈ ആലില്‍ വടംകെട്ടിയാണ് രക്ഷാപ്രവര്‍ത്തകര്‍ ചൂരല്‍മലയില്‍നിന്ന് മുണ്ടക്കൈയിലേക്ക് കടക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കിയത്. സൈന്യം താല്‍ക്കാലിക പാലം പണിയാന്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ആധാരമാക്കിയത് ഈ ആലിനെയാണ്. അതിശയമാണ് ആല്‍മരം മാത്രം അടിപതറാതെ നിന്നത്.
പ്രകൃതിപാഠവും ശാസ്ത്രീയ പാഠവുമാണ് ഈ ആല്‍മരം നല്‍കുന്നത്. ആഴത്തില്‍ വേരോട്ടവും മണ്ണിനെ കാക്കാന്‍ കഴിവുമുണ്ടെങ്കില്‍ ആത്മരക്ഷയും പരരക്ഷയും രക്ഷാ സഹായവുമാണെന്ന് ഒരു പാഠം. വയനാട്ടിലെ മണ്ണിന് ആഴത്തില്‍ വേരോട്ടമുള്ള മരങ്ങളും ചെടികളുമാണ് യോജിച്ചതെന്ന് ശാസ്ത്രീയപാഠം. തകര്‍ന്നുവീണതും വേരോടെ വീണതും കാതലില്ലാത്ത പാഴ്മരങ്ങളായിരുന്നു.
ആലിനെ പൂജിക്കണമെന്നല്ല, ആലിനെ പഠിക്കണം. പുരാണങ്ങളില്‍ ആലിന്റെ വേരില്‍ സൃഷ്ടിയുടെ ദേവതയായ ബ്രഹ്മാവും തടിയില്‍ സ്ഥിതിയുടെ ഈശ്വരന് വിഷ്ണുവും അഗ്രത്തില്‍ ശിവചൈതന്യവുമാണെന്നാണ് സങ്കല്‍പ്പം. മരംമുറിക്കരുതെന്നും മരം നട്ട് വരം നേടണമെന്നും പാടിയ കവി സുഗതകുമാരി ആല്‍മരത്തെക്കുറിച്ച് ഏറെയെഴുതി. വൃക്ഷങ്ങള്‍ നീലകണ്ഠസ്വാമിയെപ്പോലെ വിഷം ഭുജിച്ച് ലോകം പാലിക്കുന്നുവെന്നാണ് സുഗതകുമാരി എഴുതിയത്. രണ്ടുവര്‍ഷംമുമ്പ് അന്തരിച്ച കവയത്രിയുടെ തൊണ്ണൂറാം ജന്മവര്ഷം-നവതിയാണിപ്പോള്‍. പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ചചെയ്യാനുള്ള അനുഭവ പാഠപുസ്തകമാണ് വയനാട് ദുരന്തം, അതിലെ ഒരു പാഠമാകുകയാണ് ഈ ആല്‍മരം. സന്ദേശപാഠം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: