കൊച്ചി: സിനിമാ താരങ്ങളടക്കം പ്രമുഖരുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് നടത്തിയ ജി.എസ്.ടി പരിശോധനയില്‍ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. വീടുകളിലും സ്ഥാപനങ്ങളിലും ‘ഓപ്പറേഷന് ഗുവാപ്പോ’ എന്ന പേരില്‍ സംസ്ഥാന ചരക്ക് സേവനനികുതി വകുപ്പിന്റെ ഇന്റലിജന്‍സും എന്‍ഫോഴ്സ്മെന്റ് വിഭാഗവുമാണ് പരിശോധന നടത്തിയത്. ജി.എസ്.ടി രജിസ്ട്രേഷനില്ലാതെയും വരുമാനം കുറച്ചുകാണിച്ചുമായിരുന്നു നികുതിവെട്ടിപ്പ്. പ്രാഥമികമായ കണക്കനുസരിച്ചാണ് 32.51 കോടിയുടെ വെട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്.
ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രാത്രിവരെ നീണ്ടു.സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ വ്യാപകമായി നികുതി വെട്ടിക്കുന്നതായി ജി.എസ്.ടി വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. സംസ്ഥാനതലത്തില്‍ വിവരശേഖരണം നടത്തിയ ശേഷമായിരുന്നു പരിശോധന. ഏറ്റവുമധികം സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുള്ള കൊച്ചിയില്‍ 23 സ്ഥാപനങ്ങള്‍ പരിശോധിച്ചു. മിക്കതിനും ജി.എസ്.ടി രജിസ്ട്രേഷന് ഉണ്ടായിരുന്നില്ല.
വെട്ടിപ്പ് പിടിക്കപ്പെട്ടതോടെ നികുതിയടയ്ക്കാന്‍ പലരും സന്നദ്ധത അറിയിച്ചു. 50 ല്‍ അധികം സ്ഥാപനങ്ങളിലും വീടുകളിലും പരിശോധന നടത്തിയതായും 32.51 കോടി രൂപയുടെ നികുതി വെട്ടിപ്പ് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ടെന്നും ജിഎസ്ടി വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: