ന്യൂദല്‍ഹി: അയല്‍ രാജ്യമായ ബംഗ്ലാദേശിലെ സ്ഥിതിഗതികളില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. അവിടത്തെ ന്യൂനപക്ഷ ജനവിഭാഗത്തിനു നേരേ വലിയ ആക്രമണങ്ങള്‍ നടക്കുന്നതായും ക്ഷേത്രങ്ങളുടെയും ന്യൂനപക്ഷത്തിന്റെയും അവസ്ഥയില്‍ ആശങ്കയുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ബംഗ്ലാദേശ് വിഷയത്തില്‍ രാജ്യസഭയിലാണ് വിദേശകാര്യമന്ത്രി പ്രത്യേക പ്രസ്താവന നടത്തിയത്.
2024 ജനുവരിയിലെ തെരഞ്ഞെടുപ്പോടെയാണ് ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ ആഴത്തിലുള്ള വിള്ളലുണ്ടായത്. വിദ്യാര്‍ത്ഥി പ്രക്ഷോഭം ജൂണില്‍ ആരംഭിച്ചു. പൊതുമുതല്‍ നശിപ്പിച്ചും റോഡ്, റെയില്‍ ശൃംഖലകള്‍ തകര്‍ത്തും മുന്നേറിയ സമരം ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെട്ടില്ല. ജൂലൈ 21ലെ സുപ്രീംകോടതി വിധിയിലൂടെയും പ്രക്ഷോഭം അവസാനിച്ചില്ല. പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന രാജിവയ്ക്കണമെന്നതു മാത്രമായി പ്രക്ഷോഭത്തിന്റെ അജണ്ട. ആഗസ്ത് നാലിന് സമരം പൂര്‍ണമായും അക്രമാസക്തമായി. പോലീസിനെയും പോലീസ് സ്റ്റേഷനുകളെയും ആക്രമിക്കുകയും ഭരണകക്ഷാനുകൂലികളുടെ സ്വത്തുക്കള്‍ തകര്‍ക്കുകയും രാജ്യത്തെ ന്യൂനപക്ഷങ്ങളേയും ആക്രമിച്ചു. ഇതിനൊപ്പം രാജ്യത്തെ ന്യൂനപക്ഷങ്ങളെയും അവരുടെ ബിസിനസ് സ്ഥാപനങ്ങളെയും ക്ഷേത്രങ്ങളും വിവിധ ഭാഗങ്ങളില്‍ തകര്‍ത്തു. എന്തൊക്കെയാണ് സംഭവിച്ചതെന്നതു സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ആഗസ്ത് അഞ്ചിന് ധാക്കയില്‍ പാര്‍ട്ടി നേതാക്കളുമായും സുരക്ഷാ സൈന്യവുമായും കൂടിയാലോചന നടത്തി രാജിവയ്ക്കുന്നത് പ്രധാനമന്ത്രി അറിയിച്ചു. വളരെ ചുരുങ്ങിയ സമയത്താണ് ഭാരതത്തിലെത്തുന്നത് ഷെയ്ഖ് ഹസീന ഭാരതത്തെ അറിയിച്ചത്. അവരുടെ വിമാനത്തിന് ആകാശാതിര്‍ത്തി കടക്കാനുള്ള അനുമതി തേടിയുള്ള അപേക്ഷയും ബംഗ്ലാദേശില്‍ നിന്നു ലഭിച്ചു. അവര്‍ തിങ്കളാഴ്ച വൈകിട്ടോടെ ദല്‍ഹിയിലെത്തി, വിദേശകാര്യ മന്ത്രി പറഞ്ഞു.
ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരുണ്ടാക്കുമെന്നാണ് സൈനിക മേധാവി ജനറല്‍ വാകെര്‍-ഉസ്-സമാന് പ്രഖ്യാപിച്ചിരിക്കുന്നത്. നമ്മുടെ നയതന്ത്ര പ്രതിനിധികള്‍ വഴി ബംഗ്ലാദേശിലെ ഭാരത വിദ്യാര്‍ത്ഥികളുമായി നിരന്തരം ബന്ധത്തിലാണ്. 19,000ല്‍ അധികം ഭാരതീയരാണ് ബംഗ്ലാദേശിലുള്ളത്. ഇതില്‍ 9000 വിദ്യാര്‍ത്ഥികളാണ്. മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളില്‍ വലിയ പങ്കും ജൂലൈയില്‍ത്തന്നെ മടങ്ങിയെത്തിയിട്ടുണ്ട്. ധാക്കയിലെ ഹൈക്കമ്മിഷന് ഓഫീസിനു പുറമേ ചിറ്റഗോങ്, രാജ്ഷാഹി, ഖുല്‍ന, സില്‍ഹട്ട് എന്നിവിടങ്ങളിലും നയതന്ത്ര ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവയുടെ സംരക്ഷണം ബംഗ്ലാദേശ് അധികൃതര്‍ ഉറപ്പാക്കുമെന്നാണ് പ്രതീക്ഷ, ജയശങ്കര്‍ പറഞ്ഞു.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സാഹചര്യമെന്തെന്ന് നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ചില സംഘങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കു സംരക്ഷണമുറപ്പാക്കുന്നെന്നു വാര്‍ത്തകളുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ക്രമസമാധാന നില പൂര്‍ണമായും പുനഃസ്ഥാപിക്കുന്നതു വരെ സ്ഥിതി ആശങ്കാജനകമാണ്. സങ്കീര്‍ണ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നമ്മുടെ അതിര്‍ത്തി സേനകള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ധാക്കയിലെ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികളുടെ പൂര്‍ണ വിവരങ്ങള്‍ ഇതാണെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. അയല്‍രാജ്യത്തെ വിഷയങ്ങളില്‍ സഭയുടെ പിന്തുണ സര്‍ക്കാരിന് പൂര്ണമായുമുണ്ടാകണമെന്നും വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: