ഇടവിട്ട വര്‍ഷങ്ങളില്‍ മലമടക്കുകളില്‍ ഉണ്ടാകുന്ന ഉരുള്‍പൊട്ടല്‍ പോലെയുള്ള വന്‍ ദുരന്തങ്ങളും നീലഗിരി മലമ്പാതകളില്‍ ഉണ്ടായ മണ്ണിടിച്ചിലുകളുമെല്ലാം ഇവ ഉള്‍പ്പെടുന്ന പ്രദേശങ്ങളെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഈ പ്രദേശങ്ങളെ സംരക്ഷിക്കുന്നതില്‍ കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവമാണ് പുത്തുമലയും കവളപ്പാറയും ചൂരല്‍മലയുമെല്ലാം സൃഷ്ടിക്കുന്നത്. കര്‍ശനമായി പാലിക്കേണ്ട പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ ഭരണ സംവിധാനങ്ങള്‍ കണ്ണടയ്‌ക്കുന്നതാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണം.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയില്‍ ഈ പ്രദേശങ്ങള്‍ വന്ന ശേഷം മദിരാശി പ്രൊവിന്‍ഷ്യല്‍ സര്‍ക്കാര്‍ നിയമിച്ച വനം-പരിസ്ഥിതി പഠനസംഘം 1863 ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പാരിസ്ഥിതികമായി അതീവ പരിഗണന അര്‍ഹിക്കുന്ന വനമേഖലയും മലനിരകളുമാണ് ഇവിടെ ഉള്ളതെന്നു വ്യക്തമാക്കിയിട്ടുണ്ട്. മദിരാശി പ്രോവിന്‍സിലെ ആക്ടിങ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായിരുന്ന ക്യാപ്റ്റന്‍ ബഡ്ഡോം ആണ് കാര്യകാരണ സഹിതം ഈ റിപ്പോര്‍ട്ട് നല്‍കിയത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വയനാടിന്റെയും അതുവഴി നീലഗിരി ജൈവമണ്ഡലത്തിന്റെയും പ്രാധാന്യം കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞു എന്നത് ഏറെ ശ്രദ്ധേയമാണ്.
പുത്തുമലകളും ചൂരല്‍മലകളും ഉണ്ടാകുമ്പോള്‍ അപകടത്തില്‍പ്പെട്ടവരെ വേഗത്തില്‍ രക്ഷപ്പെടുത്താനോ ആശുപത്രികളില്‍ എത്തിക്കാനോ കഴിയാത്ത ഭൂമിശാസ്ത്ര സവിശേഷതകളാണ് ഇവിടെയുള്ളത്. വയനാടിനെ കേരളത്തിന്റെ മുഖ്യധാരയുമായി ബന്ധിപ്പിക്കുന്ന താമരശ്ശേരി, പെരിയ, കുറ്റിയാടി, പാല്‍ച്ചുരം, നാടുകാണി മലമ്പാതകള്‍ എല്ലാം പ്രകൃതി ദുരന്തത്തോടെ ഉപയോഗശൂന്യമാകുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. 2018, 2019 വര്‍ഷങ്ങളിലും ഇതുതന്നെയായിരുന്നു കഥ. സമീപ ജില്ലകളില്‍ നിന്ന് സൈനികര്‍ക്കോ മറ്റ് രക്ഷാപ്രവര്‍ത്തകര്‍ക്കോ എത്തിപ്പെടാന്‍ പറ്റാത്ത അവസ്ഥ. ആധുനിക സംവിധാനങ്ങളോടുകൂടിയ ആശുപത്രി സംവിധാനങ്ങളുടെ അഭാവവും ദുരന്തത്തിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.
1881 ലെ ബ്രിട്ടീഷ് ജനസംഖ്യ കണക്കെടുപ്പ് സമയത്ത് വയനാടിന്റെ ഭൂവിസ്തൃതി 6,12,240 ചതുരശ്രഏക്കറും ജനസംഖ്യ 88091 ഉം ആയിരുന്നു. 1887 ല്‍ വയനാടിന്റെ തമിഴ്‌നാട് ഭാഗങ്ങള്‍ നീലഗിരിയോട് കൂട്ടിച്ചേര്‍ക്കപ്പെട്ടശേഷം 1901 ല്‍ നടന്ന കാനേഷുമാരിയില്‍ വയനാട്ടിലെ ജനസംഖ്യ 75149 ആയിരുന്നു. 2011 ലെ ഏറ്റവും ഒടുവിലത്തെ ജനസംഖ്യ കണക്ക് പ്രകാരം ജില്ലയിലെ ജനസംഖ്യ 817,420 ആണ്. കൊറോണയെത്തുടര്‍ന്ന് 2021 ല്‍ കണക്കെടുപ്പ് നടത്തിയതുമില്ല. ഇപ്പോള്‍ ഏതായാലും ഒമ്പത് ലക്ഷത്തില്‍ കുറയാത്ത ജനസംഖ്യ വയനാടിനുണ്ട്. നീലഗിരി ജൈവമണ്ഡലത്തിലെ തമിഴ്-കന്നഡ പ്രദേശങ്ങളിലെ ജനസംഖ്യകൂടി പരിഗണിച്ചാല്‍ ഇതിനെ ഒരു സംരക്ഷിത മേഖലയായി പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകത ബോധ്യമാകും.
മൂന്ന് സംസ്ഥാനങ്ങളിലെ മലയോര ജില്ലകളായ വയനാട്, കുടക്, നീലഗിരി എന്നിവിടങ്ങളെ പടിഞ്ഞാറന്‍ തീരമേഖലയുമായി ബന്ധിപ്പിക്കുന്ന താമരശ്ശേരി, പെരിയ, കുറ്റിയാടി, പാ
ല്‍ച്ചുരം നാടുകാണി മലമ്പാതകളും അതീവ പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടേണ്ടതാണ്. ഈ ജൈവ മണ്ഡലത്തെ സംരക്ഷിത മേഖലയായോ കേന്ദ്ര ഭരണ പ്രദേശമായോ പ്രഖ്യാപിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം. ഇതിന് ഭാഷാപരമായ ദുശാഠ്യങ്ങളോ പിടിവാശികളോ ഉണ്ടാവരുത്.
എഡി പത്താം നൂറ്റാണ്ടില്‍ കബനീതടത്തില്‍ സ്ഥാപിതമായ വയല്‍നാട് രാജ്യത്തിന്റെ ഭൂപടത്തില്‍ ഇടംപിടിച്ച ്രപദേശങ്ങള്‍ ബാവലിപ്പുഴയുടെ കിഴക്കന്‍ മലഞ്ചെരുവുകള്‍, കര്‍ണാടകയിലെ എച്ച്.ഡി. കോട്ട, ഗുണ്ടലുപേട്ട, നഞ്ചംകോട് താലൂക്കുകള്‍ ഹാസ്സന്‍ ജില്ലയുടെ തെക്കുപടിഞ്ഞാറെ ഭാഗങ്ങള്‍ തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകള്‍ ചേര്‍ന്ന മലയാളം, തമിഴ്, കന്നഡ ഭാഷ സംസാരിക്കുന്ന ജനങ്ങളായിരുന്നു എന്ന ചരിത്രസത്യം പുതിയ കാലത്തിനുള്ള സന്ദേശമാകണം. ഓരോ അതിര്‍വരമ്പുകളും വേലിക്കെട്ടുകളും മനുഷ്യര്‍ ഉണ്ടാക്കുന്നതാണ്.
സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരം മുതല്‍ നാലായിരം അടിവരെയുള്ള മലനിരകളാണ് വയനാട്ടിലുള്ളത്. അപൂര്‍വ്വം ചിലയിടങ്ങളില്‍ ഇത് ഏഴായിരം അടിവരെ ഉയരമുണ്ടാകും. കിഴക്ക് നീലഗിരി നിരകളും തെക്കുപടിഞ്ഞാറ് പടിഞ്ഞാറന്‍ തീരപ്രദേശങ്ങളും വടക്ക്-കിഴക്ക് മൈസൂര്‍ പീഠഭൂമിയും അതിരുകള്‍ തീര്‍ത്ത ഈ പ്രദേശത്തെയാണ് ആധുനിക പരിസ്ഥിതിശാസ്ത്രം നീലഗിരി ജൈവമണ്ഡലമെന്ന് വിശേഷിപ്പിക്കുന്നത്. ഇതിനെ പ്രത്യേക സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച് സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: