മുംബൈ : ഇന്ത്യയില്‍ ജ്വല്ലറി ബിസിനസിന് ഇനിയും വളരാന്‍ ധാരാളം പഴുതുകള്‍ വിപണിയിലുണ്ടെന്ന തിരിച്ചറിവോടെ ജ്വല്ലറി ബിസിനസില്‍ ഒരു കൈ പയറ്റാന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ്. ഇന്ദ്രിയ ജ്വല്ലറി എന്ന ബ്രാന്റ് നാമത്തിന് കീഴിലായിരിക്കും ആദിത്യബിര്‍ള ഗ്രൂപ്പിന്റെ ആഭരണ ശ്രേണി വിപണിയില്‍ എത്തുക.
കല്യാണ്‍ ജ്വല്ലേഴ്സിന് വടക്കേയിന്ത്യയില്‍ കുറഞ്ഞ കാലത്തിലുണ്ടായ അതിദ്രുത വളര്‍ച്ചയാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ അധിപന് കുമാര്‍ മംഗളം ബിര്‍ളയെ ജ്വല്ലറി ബിസിനസിനെക്കുറിച്ച് ചിന്തിപ്പിച്ചത്. ഏകദേശം 5000 കോടി രൂപയാണ് ഈ ബിസിനസില്‍ മുടക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മൂന്ന് മുന്‍നിര ജ്വല്ലറികളില്‍ ഒന്നാവുക എന്നതാണ് ലക്ഷ്യം.
6.7 ലക്ഷം കോടി രൂപയിലേക്ക് വളരുന്ന ഇന്ത്യയിലെ ജ്വല്ലറി വിപണിയുടെ നല്ലൊരു പങ്ക് സ്വന്തമാക്കുകയാണ് ഇന്ദ്രിയയുടെ ലക്ഷ്യം. ഇന്ദ്രിയ എന്ന പേരിലാണ് ഷോറൂമുകള്‍ വരിക. വിവാഹവിപണിയുടെ കുതിപ്പാണ് ജ്വല്ലറി ബിസിനസിന്റെ വലിയൊരു ആകര്‍ഷണം. അതുപോലെ വിശ്വസ്തമായ ബ്രാന്റ് നാമങ്ങളോട് ഉപഭോക്താക്കള്‍ കാണിക്കുന്ന താല്പര്യവും ഒരു ഘടകമാണ്. ദല്‍ഹി, ഇന്‍ഡോര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലായി ആദ്യം ഇന്ദ്രിയയുടെ നാല് ഷോറൂമുകള്‍ തുറക്കും. 7000 ചതുരശ്ര അടിയായിരിക്കും ഷോറൂമിന്റെ വലിപ്പം. 15000 തെരഞ്ഞെടുക്കപ്പെട്ട ഡിസൈനര്‍ ആഭരണങ്ങള്‍ പ്രദര്‍ശിപ്പിക്കും. 45 ദിവസം കൂടുമ്പോള്‍ പുതുതായി രൂപകല്പന ചെയ്ത ആഭരണശ്രേണി ഷോറൂമില്‍ എത്തുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് പുതുമ അനുഭവിക്കാനാവുമെന്ന് ചെയര്മാന് കുമാരമംഗളം ബിര്‍ള പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: