Kerala

നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകൾ തിരുവനന്തപുരം സൗത്തും നോർത്തുമാകും; പേര് മാറ്റത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം

Published by

തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ടു റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറുന്നു. നേമം റെയിൽവേ സ്റ്റേഷന്റെ പേര് വൈകാതെ തിരുവനന്തപുരം സൗത്ത് എന്നാകും. കൊച്ചുവേളി തിരുവന്തപുരം നോർത്തും. തിരുവനന്തപുരം കേന്ദ്രീകരിച്ച് റെയിൽവേ വികസനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം. സ്റ്റേഷനുകളുടെ പേര് മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു.

നേമം, കൊച്ചുവേളി സ്റ്റേഷനുകളെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ ഉപഗ്രഹ ടെർമിലിനലുകളായി വികസിപ്പിക്കും. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ചു സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് ഉപഗ്രഹ ടെർമിനലുകൾ വികസിപ്പിക്കാൻ തീരുമാനമായത്.

സ്റ്റേഷനുകളുടെ പേരു മാറ്റുന്നതിന് സംസ്ഥാന സർക്കാർ എതിർപ്പില്ലെന്ന് റെയിൽവേയെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ മാനേജർ കഴിഞ്ഞവർഷം ഡിസംബറിൽ സംസ്ഥാനത്തിനു കത്ത് നൽകിയിരുന്നു. ഈ ആവശ്യം സംസ്ഥാനം അംഗീകരിക്കുന്നെന്ന് കാട്ടി ഗാതഗത വകുപ്പ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശനിയാഴ്ച കത്തയച്ചിരുന്നു. ഇതിനാണ് ഇപ്പോൾ കേന്ദ്രസർക്കാർ പച്ചക്കൊടി വീശിയിരിക്കുന്നത്.

നേമത്ത് നിന്നും കൊച്ചുവേളിയിൽ നിന്നും തിരുവനന്തപുരം സെൻട്രലിലേക്ക് 9 കിലോമീറ്റർ ദൂരമാണ് ഉള്ളത്. ഉത്തരേന്ത്യയിൽ നിന്നുമുൾപ്പെടെയുള്ള നിരവധി യാത്രക്കാർ പലപ്പോഴും തിരുവനന്തപുരത്തേക്ക് ടിക്കറ്റ് കിട്ടാതെ വരുമ്പോൾ യാത്ര റദ്ദാക്കുകയാണ് പതിവ്. കൊച്ചുവേളി, നേമം എന്നീ റെയിൽവേ സ്റ്റേഷനെ കുറിച്ചുള്ള അറിവില്ലായ്മയാണ് അതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെ തിരുവനന്തപുരം നോർത്ത്, സൗത്ത് എന്നിങ്ങനെ പേര് മാറ്റുമ്പോൾ ടിക്കറ്റ് ബുക്കിങ്ങിനുള്ള സാധ്യത വർദ്ധിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by