ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമം നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കര്‍. ബി.എസ്.എഫിന് അതീവജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ധാക്കയിലുള്ള ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു. ബംഗ്ലാദേശ് കലാപത്തെക്കുറിച്ച് രാജ്യസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു വിദേശകാര്യമന്ത്രി.
ബംഗ്ലാദേശിലെ സംഘർഷം നിയന്ത്രണാതീതമാണ്. തീവെപ്പും കൊള്ളയടിക്കലും കെട്ടിടങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങളും അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട എല്ലാവരോടും ആവശ്യപ്പെട്ടിട്ടുണ്ട്. കക്ഷിഭേദമന്യേ എല്ലാവര്‍ക്കും അക്രമ സംഭവങ്ങളില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. സംവരണവിരുദ്ധപ്രക്ഷോഭം വളര്‍ന്ന് ഷെയ്ഖ് ഹസീന രാജിവെക്കണമെന്ന ഏകഅജന്‍ഡയിലേക്ക് കേന്ദ്രീകരിച്ചു.
തിങ്കളാഴ്ച പ്രതിഷേധക്കാര്‍ നിരോധനാജ്ഞ ലംഘിച്ച് ധാക്കയില്‍ ഒത്തുകൂടി. സൈന്യവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഹസീന രാജിവെച്ചത്. ചുരുങ്ങിയ സമയത്തില്‍ ഇന്ത്യയിലേക്ക് വരാന്‍ അനുമതി തേടിയതെന്നും ജയ്‌ശങ്കര്‍ വ്യക്തമാക്കി. ഹസീനയുടെ നിക്കങ്ങൾക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
19,000 ഇന്ത്യക്കാരാണ് ബംഗ്ലാദേശിലുള്ളത്. ഇതില്‍ 9,000-ത്തോളം വിദ്യാര്‍ഥികളാണ്. ജൂലായില്‍ ഒരുസംഘം വിദ്യാര്‍ഥികള്‍ തിരിച്ചെത്തിയിട്ടുണ്ട്. നിലവിലെ ഭരണകൂടം ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമിഷനുകള്‍ക്കും മറ്റ് നയതന്ത്രസ്ഥാപനങ്ങള്‍ക്കും സുരക്ഷനല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥിതിഗതികള്‍ സാധാരണമാവുമ്പോള്‍ നയതന്ത്രബന്ധം പഴയെപോലെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മന്ത്രിയുടെ പ്രസ്താവനയില്‍ അംഗങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍ അവ അനുവദിച്ചില്ല. എസ്. ജയ്‌ശങ്കറിന്റെ പ്രസ്താവനയ്‌ക്കുശേഷം പാര്‍ലമെന്റില്‍ ബജറ്റ് ചര്‍ച്ച തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: