കല്‍പ്പറ്റ: ചൂരല്‍ മലയിലും മുണ്ടക്കൈയിലും പരിസരപ്രദേശങ്ങളിലുമുണ്ടായ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ മേജര്‍ ജനറല്‍ വി.ടി. മാത്യു നൂറുകണക്കിനാളുകള്‍ക്ക് രക്ഷനേടാന്‍ വഴി തുറന്നതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ ദൗത്യഭൂമിയില്നിന്ന് മടങ്ങുന്നു. മേജര്‍ ജനറലിന് നാടിന്റെ സ്നേഹവും ആദരവും അറിയിച്ച് ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ യാത്രയയപ്പ് നല്കി. ബെംഗളൂരിലുള്ള കേരള, കര്‍ണാടക ഹെഡ് ക്വാര്‍ട്ടേഴ്സിലിരുന്ന് ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങളും തിരച്ചിലും അദ്ദേഹം നിരീക്ഷിക്കും.
ജൂലൈ 30ന് ഉച്ചയ്ക്ക് 12.30 നാണ് സേനാ വിഭാഗം എത്തിയത്. ആദ്യഘട്ടത്തില്‍ത്തന്നെ നിരവധി ആളുകളെ രക്ഷിച്ചു. ജൂലൈ 31 നാണ് കേരള കര്‍ണാടക ജിഒസി (ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ്) മേജര്‍ ജനറല്‍ വി.ടി. മാത്യു വരുന്നതും രക്ഷാ ദൗത്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതും. അഞ്ഞൂറോളം വരുന്ന സേനാംഗങ്ങളില്‍ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പിലെ ബെയ്ലി പാലം നിര്‍മ്മിക്കുന്നതില്‍ അതിവിദഗ്ധരായ സൈനികരും ഉള്‍പ്പെട്ടിരുന്നു.
ആദ്യദിനം മുന്നൂറോളം പേരെയാണ് ദുരന്തമുഖത്ത് നിന്ന് എല്ലാവരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ഉടന്‍തന്നെ ബെയ്ലി പാലത്തിന്റെ നിര്‍മാണവും ആരംഭിച്ചു. ഇതോടൊപ്പം അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിന് നടപ്പാലവും നിര്‍മിച്ചു. അന്നുമുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് മുമ്പില്‍ ഉണ്ടായിരുന്നത് മലയാളിയായ മേജര്‍ ജനറല്‍ വി.ടി. മാത്യു ആയിരുന്നു. പ്രതികൂല കാലാവസ്ഥയില്‍ തീരെ പരിചയമില്ലാത്ത സ്ഥലമായിട്ടുകൂടി കൂടുതല്‍ പേരെ രക്ഷപ്പെടുത്തി വലിയ രക്ഷാദൗത്യം വിജയിപ്പിക്കാന്‍ സാധിച്ചതില്‍ ഏറെ സംതൃപ്തിയുണ്ടെന്ന് വി.ടി. മാത്യു പറഞ്ഞു.
ഇടുക്കി ജില്ലയിലെ തൊടുപുഴ ഏഴുമുട്ടത്താണ് വി.ടി. മാത്യുവിന്റെ ജനനം. മാതാപിതാക്കള്‍ പരേതനായ മാത്യു മാളിയേക്കല്‍, റോസക്കുട്ടി മാത്യു മാളിയേക്കല്‍. ഭാര്യ മിനി. മകള്‍ പിഫാനി സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു. മകന് മെവിന്‍ ദല്‍ഹിയില്‍ ബി ടെക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. പതിനൊന്നാം ക്ലാസ് വരെ (1985) തിരുവനന്തപുരം സൈനിക സ്കൂളിലായിരുന്നു പഠനം. പിന്നീട് നാഷണല്‍ ഡിഫന്‍സ് അക്കാദമി പൂനെയില്‍ പഠനവും പരിശീലനവും. തുടര്‍ന്ന് ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ പരിശീലനം.
മദ്രാസ് റെജിമെന്റിലാണ് ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നത്. പാകിസ്ഥാന് അതിര്‍ത്തിയിലും (കശ്മീരില്‍) ചൈന അതിര്‍ത്തിയിലും കമാന്‍ഡിങ് ഓഫീസറായി ജോലി ചെയ്തിട്ടുണ്ട്.
2021 ല്‍ രാഷ്ട്രപതിയുടെ യുദ്ധ സേവാ മെഡലും 2023 ല്‍ രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലും നേടിയിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളായ സുഡാനിലും കോംഗോയിലും യുഎന്‍ സമാധാന സേനയുടെ ഭാഗമായി രണ്ടു വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: