ന്യൂയോര്‍ക്ക് : തന്റെ തന്നെ തട്ടിപ്പുകളുടെ വീരസ്യം വിളമ്പി വെട്ടിലായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്ക തിരിച്ചയക്കുന്നു. പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ സ്വന്തം തട്ടിപ്പുകളുടെ കഥ പറഞ്ഞ ഈ ഇന്ത്യന്‍ വിദ്യാര്‍ഥി കുറ്റസമ്മതം നടത്തിയതോടെയാണ് അമേരിക്കയുടെ ഈ ദയാവായ്പ്.
സ്വന്തം തട്ടിപ്പ് വിശദീകരിച്ച് വ്യാജ വിലാസത്തില്‍ സമൂഹമാധ്യമ പോസ്റ്റിടുകയായിരുന്നു ഇയാള്‍. വ്യാജ രേഖകള്‍ നല്കി അമേരിക്കയിലെ ലീഹ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന് തരപ്പെടുത്തിയ ആര്യന് ആനന്ദ് എന്ന 19കാരനെയാണ് കുറ്റസമ്മത കരാര്‍ പ്രകാരം ഇന്ത്യയിലേക്ക് മടക്കി അയക്കുന്നത്. വിവിധ കുറ്റങ്ങള്‍ക്ക് ചുമത്തിയ മൂന്നുമാസത്തെ തടവു ശിക്ഷയും 85000ഡോളര്‍ നഷ്ടപരിഹാരത്തുകയും സര്‍വകലാശാല ഉപേക്ഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
നുണകളില്‍ കെട്ടിപ്പൊക്കിയ എന്റെ ജീവിതം എന്ന പോസ്റ്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റു സമര്‍പ്പിച്ച് അഡ്മിഷന് തരപ്പെടുത്തിയതും പരാമര്‍ശിക്കുന്നുണ്ട്. പോസ്റ്റ് അപ്ലോഡു ചെയ്ത യൂസര്‍നെയിം കണ്ടെടുത്ത പോലീസ് ആര്യനെ പിടികൂടുകയായിരുന്നു. സ്കൂള്‍ സര്‍ട്ടിഫിക്കറ്റും അച്ഛന്റെ മരണ സര്‍ട്ടിഫിക്കറ്റും വരെ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: