ധാക്ക: ബംഗ്ലാദേശിലെ കലാപത്തിന് കാരണമായത് സംവരണം സംബന്ധിച്ചുണ്ടായ ഹൈക്കോടതി വിധി. 1971ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ പങ്കെടുത്തവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം സംവരണം അനുവദിക്കാനുള്ള തീരുമാനമാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്.
നേരത്തെ ഉണ്ടായിരുന്ന സംവരണ രീതി 2018ല്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഹൈക്കോടതി ഈ സംവരണം പുനഃസ്ഥാപിക്കുകയായിരുന്നു. ഇതോടെ സംവരണം നടപ്പിലാക്കാന്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. ഇതോടെ സംവരണത്തിനെതിരെ പ്രക്ഷോഭവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങുകയായിരുന്നു. ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ജൂലൈ ഒന്നിനാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. അവ പിന്നീട് മറ്റ് സര്‍വകലാശാലകളിലേക്കും വ്യാപിച്ചു.
സംവരണവിരുദ്ധ പ്രക്ഷോഭം പതുക്കെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. ചില തീവ്രവാദ സംഘടനകള്‍ സമരത്തെ ഹൈജാക്ക് ചെയ്യുകയും അക്രമാസക്തമാക്കുകയും ചെയ്തു. സമരം ഷെയ്ഖ് ഹസീന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള രീതിയിലേയ്ക്ക് മാറിയതിനുപിന്നില്‍ ചില വിദേശശക്തികളുടെ ഇടപെടലുകള്‍ ഉണ്ടായതായാണ് പുറത്തുവരുന്ന സൂചന. പ്രക്ഷോഭം കലുഷിതമാകുകയും നിയന്ത്രണാധീതമാവുകയും ചെയ്തതോടെ നുറുകണക്കിനാളുകളാണ് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. വിദ്യാര്‍ത്ഥികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആദ്യഘട്ടത്തില്‍ 105 പേര് മരിക്കുകയും 1,500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബംഗ്ലാദേശിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ ബിടിവിയുടെ ആസ്ഥാനത്ത് അക്രമികള്‍ തീയിടുകയും കെട്ടിടത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഹൈക്കോടതിയുടെ ഉത്തരവ് കഴിഞ്ഞമാസം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ആഗസ്ത് ഏഴിന് വിധി പറയുമെന്നായിരുന്നു സുപ്രീംകോടതി പറഞ്ഞിരുന്നതെങ്കിലും ജൂലൈ 21ന് പ്രത്യേക സാഹചര്യത്തില്‍ വിധി പറയുകയായിരുന്നു.
പ്രക്ഷോഭം ഇതോടെ തീരേണ്ടതായിരുന്നെങ്കിലും കടിഞ്ഞാണ്‍ സര്‍ക്കാര്‍ വിരുദ്ധ ശക്തികളുടെ കൈകളിലെത്തുകയായിരുന്നു. ഇവര്‍ സര്‍ക്കാരിനെ പൂര്‍ണമായും ബഹിഷ്കരിക്കാന്‍ ആഹ്വാനം നല്‍കുകയും വെദ്യുതി ചാര്‍ജ്ജും വാട്ടര്‍ ചാര്‍ജ്ജും ഉള്‍െപ്പടെയുള്ളവ അടയ്ക്കരുതെന്ന് ആഹ്വാനം നല്‍കുകയും ചെയ്തു. ബാങ്കുകള്‍ പണം അയ്ക്കുകയോ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും കടകളും വാണിജ്യ സ്ഥാപനങ്ങളും തുറക്കരുതെന്നും ആവശ്യപ്പെട്ടു. ഇതോടെ പ്രക്ഷോഭം കൂടുതല്‍ രൂക്ഷമായി. ഹസീന സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തു.
ഞായറാഴ്ച ധാക്കയിലെ ഷാബാഗ് പ്രദേശത്തെ പ്രധാന പൊതു ആശുപത്രിയായ ബംഗബന്ധു ഷെയ്ഖ് മുജീബ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ഉള്‍പ്പെടെ തുറന്ന ഓഫീസുകളും സ്ഥാപനങ്ങളും പ്രതിഷേധക്കാര്‍ ആക്രമിച്ചു. ധാക്കയിലെ ഉത്തര മേഖലയില്‍ ചില ക്രൂഡ് ബോംബുകള്‍ പൊട്ടിത്തെറിക്കുകയും വെടിയൊച്ചകള്‍ കേള്‍ക്കുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അക്രമികള്‍ നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ചയുണ്ടായ കലാപത്തില്‍ 92 പേര് മരിച്ചതോടെ എണ്ണം മുന്നൂറ് കടന്നു. ഇന്നലെ പ്രക്ഷോഭകര്‍ ലോങ് മാര്‍ച്ച് പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ പട്ടാള അട്ടിമറിയിലേയ്ക്ക് നീങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: